ലഹരിനുണയുന്ന ജീവിതമേറുന്നു
മഹിയിലീ കാഴ്ചകള്‍ കദനമല്ലോ
കടമകള്‍ മറന്നൊരു തലമുറ പായുന്നു
പടമത് ചുവരിലെ കാഴ്ച്ചയാകാന്‍.
വരിയിട്ടുനില്‍ക്കുന്നു ലഹരിയെ
പുല്കുവാന്‍
അരിയിട്ടു കരിയുന്ന യവ്വനങ്ങള്‍
കരയുവാന്‍ കണ്ണുനീരില്ലാതെ നാരികള്‍
മരുവുന്ന കഥനങ്ങളേറിടുന്നു.
ലഹരിമുനമ്പിലായ് വീണുപോയെങ്കിലോ
ലക്ഷ്യവും ലക്കുമേയറ്റിടുന്നു
ഓമനിച്ചൂട്ടിയൊരമ്മയെ കൊന്നിടാന്‍
ഓര്‍മ്മയില്ലാതവന്‍ വാളെടുക്കും.
ലഹരി നുരയ്ക്കുന്ന പാതയോരങ്ങളില്‍
പതിയിരിക്കുന്നുവോ പലമാരികള്‍
പലവര്‍ണ്ണശലഭമായ് പാറുന്ന പൈതങ്ങള്‍
വലയിലായടരുന്ന ദുഃഖസത്യം.
മാറ്റിടൂ മനുജന്റെ ആര്‍ദ്രഭാവങ്ങളെ
ഊറ്റിടും നടനമീ രാസകേളീ..
നരനായ് ജനിച്ചനീ നായായ് മരിക്കാതെ
വരദാനജീവിതം പൂര്‍ണ്ണമാക്കൂ…













