LIMA WORLD LIBRARY

രൗദ്രതയിലെ ആർദ്രത – ഹരൻ പുന്നാവൂർ

വീണ്ടും വരുന്നിതാ കുംഭമാസച്ചൂടിൻ
വേണ്ടുവോളമോർമ്മ തലോടിടുവാനായ്
മഴയും കഴിഞ്ഞു മഞ്ഞും കഴിഞ്ഞല്ലോ
മിഴികൾ ചിമ്മുന്ന വേനലും വന്നല്ലോ

വൃക്ഷലതാദികൾ പൊഴിയുന്ന കാലം
പക്ഷിമൃഗാദികൾ വിശക്കുന്ന കാലം
ദുഷ്ടത മൂത്തിങ്ങു വന്നെന്നു തോന്നുന്നു
കഷ്ടത തീർക്കുവാനാരുണ്ടു ഭൂമിയിൽ ?

അപ്പോളകലെയായ് ശംഖൊലി കേൾക്കുന്നു നെൽപ്പാടമൊന്നാകെ തുള്ളിക്കളിക്കുന്നു.
ഭദ്രകാളി പാട്ടും കേട്ടു തുടങ്ങാറായ്
രൗദ്രഭാവത്തിന്റെ മൂർത്തിയാം ദേവത

നാട്ടിൽ കുളിരേകാൻ ചുറ്റിടാൻ കാലമായ് നാട്ടാരുമേഴുനാൾ കാപ്പു കെട്ടുന്നിതാ
ചെണ്ടയുമുടുക്കും മുറുക്കീ ടുകയായ്
തട്ടുവിളക്കുകൾ ദീപപ്രഭയായി.

ദീനരെ കാക്കുവാനമ്മ വരുന്നിതാ
ദീനരോ നാടാകെ തൊഴുകൈയ്യാൽ നിൽപ്പായ്
ചുടുകാറ്റു വീശുന്നു ദിക്കുകൾ തോറും
ധൂമവും ഭസ്മവുമൊന്നായ് ലയിക്കുമ്പോൾ

പണ്ടു ഞാൻ കൂട്ടത്തിലേകനായ് നിൽക്കവേ
കണ്ടൊരു രൗദ്രഭാവത്തിൽ പേടിയായി
ഒറ്റച്ചിലമ്പിട്ട വാത്തി മുടിയേറ്റി കഷ്ടതവെട്ടിയകറ്റുന്നു വാൾ വീശി.

തുറിക്കും കണ്ണുകൾ ചുവക്കും നാക്കുമായ്
ചുറ്റിപ്പിണഞ്ഞൊരാ സർപ്പത്തിൻ നടുവിൽ
കവലയിൽ നിന്നും കറങ്ങിയാടുമ്പോൾ
ക്ഷീരപഥങ്ങൾ കറങ്ങുന്നു കണ്ടു ഞാൻ .

ഇന്നെന്റെ ബോധത്തിൽ വന്നു നീ നിൽക്കുന്നു
. ഭാവഭേദങ്ങളില്ലാത്തൊരു സത്യമായ്
കനിവിന്റെയുള്ളിൽ കനിവാണെന്റെമ്മ
ഉണ്ടുവെട്ടിയിലായ് കുടികൊള്ളും അമ്മ.

ഇരട്ട മുടികൾ ചുവടുകൾ വയ്ക്കുമ്പോൾ
ചുറ്റിലുമരയാൽ കുടചൂടി നിൽക്കും
സൂര്യപ്രഭപോൽ നിൻ ദർശന സായൂജ്യം
ആയിരമാനന്ദ ഹർഷ പുളകങ്ങൾ

കൊടിയിറക്കം നടത്തുന്ന നാളുകൾ
ആത്മാവിൽ നിന്നും കൊഴിഞ്ഞു വീഴും ജന്മ
സുകൃതത്തിനായുസ്സിൽ ഒരു പുഷ്പദളം !
ആരോർക്കുന്നീ കർമ്മ മണ്ഡല കർത്തവ്യം. ?

കാലമേ പ്രകൃതിയെ നീ യൊരത്ഭുതം !
നീയൊരുക്കുന്നൊരുത്സവ വേദിയിൽ നമ്മൾ
കഥയറിഞ്ഞുമറിയാതെയു മാടി
സ്മൃതിയിൽ ലയിക്കും അർച്ചനാ പുഷ്പങ്ങൾ !

കാലമേ നീ കരുതിവെച്ചൊ രാചാരം
മാലോകരെല്ലാർക്കു മാനന്ദമേകട്ടേ!
സത്യം സമത്വമീ മണ്ണിൽ വളരട്ടേ!
നിത്യം നമിക്കുവാൻ ദേവി ഉണർത്തട്ടേ!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px