സന്ധ്യാ ദേവി മൂകിലിനോടെന്തോ രഹസ്യം പറഞ്ഞു. നീല മുകിൽ നാണത്തോടെ തല കുനിച്ചു. കറുത്ത കമ്പളം പുതച്ചു ഇരുൾ വരവായി. പട്ടു പാവാടയും, ബ്ലൗസും അണിഞ്ഞ പെൺകുട്ടി നിലവിളക്കിൽ എണ്ണ ഒഴിച്ചു ദീപം തെളിച്ചു
വിളക്ക് ചിരിച്ചുണർന്നു.
കത്താൻ നേരം ഒന്നു പിടഞ്ഞു എങ്കിലും മുറി യിലാകെ തെളിച്ചം പടർന്നൊഴുകി.
“ദീപം. ദീപം, ദീപം “തെളിഞ്ഞ തിരി നാളം തൊട്ടു വണങ്ങി പെൺകുട്ടി നടന്നകന്നു.
തൊട്ടപ്പുറത്ത് മേശ യിൽ ഫ്ലവർ വേസിൽ വച്ചിരുന്ന വാടാൻ തുടങ്ങുന്ന പൂവ് ചോദിച്ചു, “എന്തൊരു ഭംഗിയാ നിന്നെ ക്കാണാൻ? പക്ഷെ.. നിനക്കു വേദനിക്കുന്നില്ലേ,”
“ഉണ്ട്, ഉള്ളു പൊള്ളുന്നുണ്ട്. പിന്നെ എങ്ങനെ നീ ഇത്ര മനോഹരമായി പുഞ്ചിരി ക്കുന്നു”?പൂവ് ചോദിച്ചു.
“ഇതെന്റെ സ്വഭാവമാണ്.. എന്റെ പ്രാണന്റെ സൗന്ദര്യം ”
“പ്രാണന്റെയോ “പൂവിന് ജിജ്ഞാ സ ഏറി.”അതെങ്ങിനെ?.
“എന്റെ നൊമ്പരങ്ങൾ ഞാനടക്കി ആത്മ ത്യാഗം ചെയ്യുമ്പോൾ എന്റെ സൗന്ദര്യം പ്രകാശിക്കുന്നു.”
പൂവ് അത്ഭുതത്തോടെ ചോദിച്ചു. “നീ കത്തി തീരാ റായല്ലോ, അണഞ്ഞു തീരുമ്പോൾ നിനക്കു സങ്കടമാകില്ലേ?”
“ഇല്ല.. ഒട്ടുമില്ല “.
“അതെന്താ?
“എന്റെ വെളിച്ച ത്തിലൂടെ ഒരുപാടാളുകൾ പ്രാർത്ഥന കൾ നടത്തി. രാമായാണവും, ബൈ ബിളും, ഖുർ -ആനും വായിച്ചു.”ഇത്രയും പറഞ്ഞ് ഒന്ന് ആളി ക്കത്തി തിരി അണഞ്ഞു. ഒരു ചുടു നിശ്വാസത്തോടെ പൂവ് മേശയിൽ ചരിഞ്ഞു വീണു.
സന്ധ്യ കനത്തു വന്നു. വിളക്കു കത്തിച്ച സുന്ദരി കയ്യിൽ ഒരു പാത്രവുമായി വിളക്കിനടു ത്തെത്തി.
അപ്പോൾ പുറകിൽ നിന്നൊരു വിളി ഉയർന്നു. “”ദേവൂട്ട്യേ.. ആ പാത്രത്തിലേക്ക് അണഞ്ഞ തിരിയുടെ കരി എടുത്തോളൂ… അസ്സലു കണ്മഷി ഉണ്ടാക്കാലോ ”
(ചിലർ അങ്ങനെ ആണ്. കത്തി അമരുമ്പോഴും ചിരിയോടെ മറ്റുള്ളവർക്കായി ജീവിക്കും. മരിച്ചു കഴിഞ്ഞാലും അവരെ ക്കൊണ്ട് മറ്റുള്ളവർക്ക് പ്രയോജനം ഉണ്ടാകും )













