പക്കീര്‌സായിയെ അവതരിപ്പിക്കുന്നതിനു മുമ്പ് മുറുക്കുമ്മയെ അവതരിപ്പിക്കുന്നതാകും ഈ കഥയ്ക്ക് അനുയോജ്യം. കാരണം മുറുക്കുമ്മ ഒരു അസാധാരണ പ്രതിഭാസത്തിന് ഇരയാവുകയായിരുന്നു. ഞാനതിന് കാരണക്കാരിയും.
കുംഭമാസ കടശ്ശിചൊവ്വയില്‍ കൊണ്ടാടാറുള്ള ഉത്സവമാണ് മുറുക്കമ്മയെ എന്റെ ശത്രുവാക്കിയതും ആ പ്രതിഭാസത്തിന് ഇരയാക്കിയതും. മുത്തുമാരിയമ്മന്‍, തട്ടാരമ്മന്‍, മേലാംകോട് മൂന്നു കോവിലുകളില്‍ ഒരുമിച്ച് കൊണ്ടാടുന്ന ‘നെടുമങ്ങാട്ഓട്ടം’ കാണാന്‍ ബാപ്പ എന്നെയും സഹോദരങ്ങളേയും കൊണ്ടുപോകാറ് പതിവാണ്. ഈന്തപ്പഴചാക്കുകള്‍, തോവാളകെട്ടുകള്‍, കളിപ്പാട്ടങ്ങള്‍ പലതും വില്‍ക്കുന്ന ഓട്ടത്തറ ചുറ്റിയടിച്ച ശേഷം അര കിലോ ഈന്തപ്പഴം മാത്രം വാങ്ങി ബാപ്പ ഞങ്ങളെ തിരികെ നടത്തിക്കുമായിരുന്നു. നീണ്ടവാലുള്ള കുരങ്ങ്ബലൂണ്‍ നൂല്‍ത്തുമ്പിലിടുന്ന ആപ്പിള്‍ബലൂണ്‍ മുളന്തണ്ടില്‍ തീര്‍ത്ത പീപ്പി……. എല്ലാമെല്ലാം എന്നെ മാടി വിളിച്ചുകൊണ്ടിരിക്കും ബാപ്പയുടെ കൈപിടിച്ച് നടക്കുമ്പോള്‍. വലിയ സങ്കടദിനങ്ങളായിരുന്നു ഓട്ടപ്പിറ്റേന്നുള്ള എന്റെ പ്രഭാതങ്ങള്‍. അയല്‍വീട്ടിലെ സലാം കാക്കയുടെ പിള്ളേര്‍ ബലൂണ്‍തട്ടിയും പീപ്പിയൂതിയും കളിക്കുന്നത് ഒളിഞ്ഞു നിന്നു മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. അവരുടെ കളിപ്പാട്ടങ്ങളെല്ലാം നശിച്ചെന്ന് ബോധ്യമായതിനുശേഷമാണ് ഞാന്‍ അവരോട് കളിക്കാന്‍ കൂടുക.
അങ്ങനെ കളിപ്പാട്ടങ്ങള്‍ സ്വന്തമാക്കണമെന്ന മോഹം കലശലായി കലശലായി ഒരുനാളൊരുപായം എന്നില്‍ ഉദിച്ചു; പറങ്ങണ്ടിയും പിന്നക്കയും പെറുക്കികൂട്ടി പണം സമ്പാദിക്കുക. അവ ഞങ്ങളുടെ പുരയിടത്തില്‍ നിന്നും ശേഖരിക്കുക അസാധ്യമായിരുന്നു. പറങ്കിമാങ്ങകള്‍ ചുവക്കുന്നതിനുമുമ്പേ തോട്ടകൊണ്ട് തള്ളി നിലത്തിട്ടും മരത്തില്‍ കയറി ഇറുത്തെടുത്തും വെയിലത്തുണക്കുന്ന പറങ്ങണ്ടികള്‍ വിറ്റാണ് അരിയും പലവ്യഞ്ജനങ്ങളും വാങ്ങി ബാപ്പ ഞങ്ങളുടെ വിശപ്പകറ്റിയിരുന്നത്. അതുകൊണ്ട് എന്റെ കണ്ണ് അക്കരത്തേരിയിലായി. അവിടെ പറങ്കിമാവുകളും പിന്നക്കാ മരങ്ങളും ധാരാളം വളര്‍ന്നിരുന്നു. ഒപ്പം ഒരു പാലമരവും. ആരാന്റെ പുരയിടത്തിലായിരുന്നു അവയുടെ വേരുകള്‍ ഓടിയിരുന്നതെങ്കിലും വാവലുകള്‍ ഉറിഞ്ചിയുപേക്ഷിക്കുന്നതും പഴുത്തുവീഴുന്നതും തോട്ടിലും തോട്ടിന്‍കരയിലെ നടവഴിയിലും വീണു കിടക്കുമായിരുന്നു. പൊതുസ്ഥലമായതിനാല്‍ അവിടെ നിന്നും ശേഖരിക്കുന്നത് മോഷണമായി ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.
‘എനിച്ച് കൊരങ്ങ് ബലൂണ്” ഏറ്റവും ഇളയവനായ ഷാഫി.
”വലിച്ചെടുത്ത് തൂര കള പെണ്ണേ. തലയ്ക്ക് മീതെ പേന് ചൊരിയാനാ നാറ്റം പിടിച്ചിട്ടും വച്ചോണ്ട് നടക്കണ” ഉമ്മ അവളെ ശാസിക്കുമായിരുന്നു. വാടാതിരുന്നാല്‍ നല്ല വാസനയാണ് കൊഴുന്നിന്. ഉമ്മ ശാസിക്കും പോലെ സീനുതാത്തായുടെ തലമുടിയില്‍ പേനുകള്‍ സമരം നടത്തുക പതിവാണ്. ഈരുകൊല്ലിയുമായി അവയ്‌ക്കെതിരെ പോരാടുന്നതോ ? ഉമ്മയും.
അങ്ങനെ തൊഴിലുമായി നീങ്ങവേ പെട്ടെന്നൊരുനാള്‍ ഒരു പിന്നക്കയോ പറങ്ങണ്ടിയോ എനിക്ക് കിട്ടാതെയായി. വാവലുകള്‍ കുംഭ വീര്‍പ്പിച്ചതിന്റെ അടയാളങ്ങളായ പിന്നക്കാതൊലിയും അണ്ടി പിഴിഞ്ഞെടുത്ത പറങ്കിമാങ്ങകളും തോട്ടിലും നടവഴിയിലും ചിതറിക്കിടന്നിരുന്നു. പിറ്റേന്നും ഒന്നും കിട്ടിയിരുന്നില്ല. മൂന്നാം ദിവസം ഉമ്മ സുബഹ് നിസ്‌കാരത്തിന് കയറിയ സമയം ഞാന്‍ വീടിനു പുറത്തിറങ്ങി. വെളുക്കുന്നതിനു മുമ്പേയുള്ള എന്റെ പുറസഞ്ചാരം ഉമ്മ ബാപ്പയെ അറിയിച്ചാലുണ്ടാകുന്ന പ്രത്യാഘാതമോര്‍ത്ത് എന്റേയും, ഷാഹിദയുടെ ശിരസ്സു നീക്കി അവളുടേയും തലയണകള്‍ ചേര്‍ത്ത് അവയ്ക്ക് മേല്‍ എന്റെ പുതപ്പ് മൂടിയതിനു ശേഷമാണ് ഞാന്‍ പുറത്തിറങ്ങിയത്. ഇരുട്ട് പേടിയായതിനാല്‍ മുഖമുള്‍പ്പടെ പുതച്ചാണ് ഞാന്‍ ഉറങ്ങിയിരുന്നത്. ടിങ്കു വരാന്തയില്‍ ഉണ്ടായിരുന്നില്ല. അവനന്ന് പര്യംപുറത്താണ് കിടന്നിരുന്നത്. പെന്‍ടോര്‍ച്ച് മിന്നി വാഴപ്പണയിലെത്തിയപ്പോള്‍ ദൂരെ ചൂട്ടുവെട്ടം കണ്ടു. വാഴപ്പണ കഴിഞ്ഞാല്‍ വയലുകളാണ്. വരമ്പിലൂടെ നടന്നപ്പോള്‍ തവളകള്‍ കരഞ്ഞുകൊണ്ട് കതിരുകള്‍ക്കിടയിലേക്ക് പാഞ്ഞു. ചൂട്ടുവെളിച്ചം നിലകൊണ്ടിടത്തുനിന്നും പത്തിരുപതടി അകലെയെത്തിയപ്പോള്‍ തന്നെ എനിക്കെന്റെ ശത്രുവിനെ മനസ്സിലാക്കാനായി. ‘കണ്ണും പിണിയും കണ്ടൂടാ’ന്ന് സദാ പറയാറുള്ള കണ്‍പീലികള്‍ വെളുത്ത മുറുക്കുമ്മ. ഞാന്‍ തിരിഞ്ഞു നടന്നു. സന്ധ്യയായപ്പോള്‍ ടിങ്കുവിന്റെ പഴയ ചങ്ങല എരുത്തിലില്‍ നിന്നും തപ്പിയെടുത്ത് വാഴപ്പണയില്‍ കൊണ്ടിട്ടു. ബാപ്പ ഉറങ്ങിയതിനു ശേഷം ബാപ്പയുടെ വാച്ചെടുത്ത് തലയണക്കടയില്‍ ഒളിപ്പിച്ചു. അല്പം പോലും ഉറങ്ങാത്ത രാത്രിയായിരുന്നു അന്ന്. സുബഹ് ബാങ്ക് നാലു മുപ്പതിനായിരുന്നു. ഞാന്‍ നാലുമണിക്കേ എഴുന്നേറ്റു.
ച്‌ളിം. ച്‌ളിം. വീണ്ടും കിലുക്കി ആ രൂപം രണ്ടുചാല്‍ നീങ്ങി.
ഉമ്മ ഒരു രൂപയുടെ ഒരു മുഷിഞ്ഞ കറന്‍സി മീന്‍വാങ്ങാന്‍ തന്നു വിട്ടിരുന്നു.
”പൊട്ടിപെണ്ണേ ആളെ കൂട്ടാനുള്ള അയാളുടെ അടവല്ലേ വില കുറച്ചുള്ള ഈ വിളി” കരയാന്‍ തുടങ്ങിയ എന്നെ അടുത്തുനിന്ന ഒരു താത്ത ആശ്വസിപ്പിച്ചു. ചേമ്പിലയില്‍ പൊതിയാനുള്ള ഒരു കൂറ് നെത്തോലി വാങ്ങി, പാള തിരിച്ചെടുക്കാത്തതുകൊണ്ട് അതിനകത്തിട്ട് ചന്തയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ കടകള്‍ക്കുമുന്നിലും പാതയോരത്തും തോരണങ്ങള്‍ നിറയുന്നുണ്ടായിരുന്നു.
ചന്തമുക്കും കച്ചേരിനടയും കോവില്‍ പരിസരവുമെല്ലാം ദീപങ്ങളാല്‍ നിറയും ഓട്ടരാത്രിയില്‍. തമിഴ് ആധിപത്യമുള്ള വെള്ളാളര്‍ താമസിക്കുന്ന മുത്തുമാരിയമ്മന്‍ കോവില്‍ പരിസരമാണ് ഏറെ ചേതോഹരം. കണ്ണകി ചിലമ്പെറിയുന്നതും അതുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളുമാണ് അവിടെ ദൃശ്യമാവുക. തട്ടാര്‍ സമുദായം താമസിക്കുന്ന തട്ടാന്‍കോവില്‍ പരിസരം മഹാഭാരത കഥയിലേതും. കോവില്‍ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ അവരുടെ ബന്ധുക്കളോടൊപ്പം ടെറസിന് പുറത്തും മട്ടുപ്പാവിലും നിന്നുകൊണ്ട് നിരത്തിലൂടെ ഒഴുകുന്നവരെയും ഓട്ടഘോഷയാത്രയേയും കാണുമ്പോള്‍ അവരില്‍ ഒരാളാകാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു ഞാന്‍. വെളിച്ചെണ്ണയില്‍ എരിയുന്ന പന്തങ്ങളും പെറ്റിക്കോട്ട് പോലുള്ള വിവിധ വര്‍ണ്ണ തോരണങ്ങളും ഏന്തി നൃത്തം ചെയ്തും ഗീതങ്ങള്‍ പാടിയും നീങ്ങുന്നവരെ ഇതുവരെയും ഞാന്‍ അടുത്ത് കണ്ടിട്ടില്ല. മുത്തുമാരിയമ്മന്‍ കോവിലില്‍ നിന്നും പുറപ്പെടുന്ന കുത്തിയോട്ടം ചന്തമുക്കില്‍ വന്നാണ് തിരിയുക. കുത്തിയോട്ടത്തിന് പിന്നാലെ കതിരുകാളയും വരും. ഒരു തവണ കതിരു കാളയെ അനുഗമിച്ച് പോണികിലുക്കി വന്നത് ബാപ്പയുടെ ചങ്ങാതിയായ അയ്യപ്പനാശാരിയായിരുന്നു. പോണിയില്‍ പൈസ ഇടുന്നവര്‍ കാളയെ തൊടുന്നത് കണ്ട് ബാപ്പയുടെ ശുപാര്‍ശയില്‍ അന്ന് കതിരുകാളയെ തൊടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. സാധിച്ചിരുന്നില്ല. നെല്‍ക്കതിര്‍കൊണ്ടുള്ള കാളരൂപത്തെ താളവാദ്യത്തോടെ ഹുവ്വാ ഹുവ്വാ പാടി നാലുപേര്‍ ചേര്‍ന്നാണ് താഴോട്ടും മേലാട്ടും ഉയര്‍ത്തുക. അപ്പോള്‍ പോണിയില്‍ പൈസ ഇടുന്നവരെയും കോവില്‍ പരിസരവാസികളെയും മാത്രം കാളയെ തൊടാന്‍ അനുവദിക്കും. ഇത്തവണ കയ്യില്‍ കാശുണ്ടല്ലോ. കാളയെ ഒന്ന് തൊടണം. അഞ്ഞലൂഞ്ഞാലിലും കയറണം. ഞാന്‍ നിശ്ചയിച്ചിരുന്നു. മേലാംകോട് കോവില്‍ പരിസരത്താണ് അഞ്ഞലൂഞ്ഞാല്‍ സ്ഥാപിക്കുക. ഒരു പെട്ടിയില്‍ മൂന്നുപേര്‍ വെച്ച് നാലു പെട്ടിയിലായി പന്ത്രണ്ടുപേരെ ഇരുത്തി മനുഷ്യപ്രയത്‌നം കൊണ്ട് കറങ്ങുന്ന ചക്രത്തിലെ ഒരു കറക്കത്തിന് ഒരു പൈസയായിരുന്നു.
പത്തുവട്ടം കറങ്ങിയിട്ടേ അഞ്ഞലൂഞ്ഞാല്‍ നിലയ്ക്കൂ. ഷാഫി, ഷാഹിദ. സീനുതാത്ത പിന്നെ ഞാന്‍. നാല്‍പ്പതുപൈസ അതിനായി മാറ്റിവയ്ക്കണമെന്നും ബാപ്പയ്ക്ക് അഞ്ഞലൂഞ്ഞാലാട്ടം ഇഷ്ടമല്ലാത്തതിനാല്‍ ഞങ്ങള്‍ അഞ്ഞലൂഞ്ഞാല്‍ ആടുന്ന സമയത്ത് ബാപ്പയ്ക്ക് ചായ കുടിക്കാനായി നാലണ നല്‍കണമെന്നുമൊക്കെ ചിന്തിച്ച് തിരികെ വീട്ടിലെത്തിയപ്പോള്‍ അവിടെ പക്കീര്‌സായി എത്തിയിരുന്നു. അത്തറിന്‍ ഗന്ധം അവിടമാകെ വ്യാപിച്ചിരുന്നു. ആറ്റിന്‍കരപള്ളി, ബീമാപള്ളി, ഏര്‍വാടി പലപല തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് പറയുന്ന പക്കീര്‌സായി ഇറയത്ത് തിണ്ണയില്‍ പലപല രൂപങ്ങള്‍ നിരത്തികൊണ്ട് ഉമ്മയോട് സംസാരിക്കുകയായിരുന്നു. കാതിന്റെ, മൂക്കിന്റെ, കണ്ണിന്റെ, ആളിന്റെ വിവിധ രൂപങ്ങളുമായാണ് കക്ഷി വീടുകള്‍ സന്ദര്‍ശിക്കാറ്. ഒരിക്കല്‍ ഉമ്മ കാതിന്റെ ഒരു രൂപം വാങ്ങി ”എന്റെ പെണ്ണിന്റെ കേള്‍വി കൊറവ് മാറ്റി തരണേ ആറ്റിങ്കര തായാരേ” എന്നു പറഞ്ഞുകൊണ്ട് എന്റെ കാതിനുചുറ്റും കറക്കി ആ രൂപത്തെ പക്കീര്‌സായിക്കുതന്നെ തിരിച്ചു നല്‍കിയിരുന്നു. അദ്ദേഹമത് അദ്ദേഹത്തിന്റെ അടുത്ത സന്ദര്‍ശനവേളയില്‍ ആറ്റിന്‍കര പള്ളിയില്‍ നേര്‍ച്ച ഇടുമത്രേ. തൊട്ടതിനും പിടിച്ചതിനും പെണ്ണേ പെണ്ണേ എന്ന് ഉമ്മ തൊണ്ട തുറക്കുന്നത് കൊണ്ടുള്ള എന്റെ അടവായിരുന്നു എന്നിലെ കേള്‍വിക്കുറവ്. ഉമ്മ പറഞ്ഞതാകട്ടെ; ബാങ്കുവിളി കേള്‍ക്കുമ്പോള്‍ ഞാന്‍ മറുദുആ ചെയ്യാത്തത് കൊണ്ടാണെന്നാണ്.
പക്കീര്‌സായിക്ക് സലാം പറഞ്ഞുകൊണ്ട് ഞാന്‍ മീന്‍പാള വരാന്തയില്‍ ചാരിവെച്ചതിനുശേഷം സ്‌കാര്‍ഫില്‍ പൊതിഞ്ഞിരുന്ന പണമെടുത്ത് വരാന്തയില്‍ കുടഞ്ഞിട്ടു. ഒരു രൂപ നോട്ടും ബാക്കി ചില്ലറയും. ചില്ലറ ആവര്‍ത്തിച്ചാവര്‍ത്തിച്ച് എണ്ണുന്നതിനിടയില്‍ കുരങ്ങുബലൂണും ആപ്പിള്‍ബലൂണും പെപ്പരപീപ്പിയും എന്റെ മനസ്സിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഉമ്മയപ്പോള്‍ മീന്‍പാള എടുത്ത് അടുക്കളയിലേക്കും. ”ഒരു രൂപ കാണിക്ക കൊടുത്താല്‍ പിറ്റേന്ന് ഒരു ചാക്ക് പണം കിട്ടും.” അടുക്കളവാതിലിലേക്ക് എത്തി നോക്കി പക്കീര്‌സായി എന്നോട് പറഞ്ഞു.











