LIMA WORLD LIBRARY

ഒരിടത്തൊരിടത്ത് – ബാലചന്ദ്രന്‍ അമ്പലപ്പാട്ട് (Balachandran Ambalappatt)

ഒരു അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു.
എന്റെ അപ്പൂപ്പനും അമ്മൂമ്മയും.
ഇന്ന് അങ്ങനത്തെ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഇല്ലാത്തതുകൊണ്ടാണ് ഉണ്ടായിരുന്നു എന്ന് പറഞ്ഞത്. അവര്‍ക്ക് രാജകുമാരനെ പോലെ ഒരുമകന്‍ ഉണ്ടായിരുന്നു. ഹരിചന്ദ്രനെയും ശ്രീരാമനെയും പോലെയാകാന്‍ കൊതിച്ചിരുന്ന മകന്‍. അയല്‍പക്കത്തുള്ളവരെയും കൂട്ടുകാരെയും നാട്ടുകാരെയും സഹോദരങ്ങളെപ്പോലെ സ്‌നേഹിച്ചിരുന്ന രാജകുമാരന്‍.
അവര്‍ക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യുന്നതിലും സന്തോഷവും എല്ലാവരോടും സ്‌നേഹവും മാത്രം ഉണ്ടായിരുന്ന ഒരു മകന്‍.
മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളും കഥാപാത്രങ്ങളുടെ ഗുണഗണങ്ങളും കേട്ടുവളര്‍ന്നതിനാല്‍ ജീവിതത്തിലെ ഏത് തെറ്റുകളെയും തിരുത്തുന്നതിനും ശരി എന്നുള്ളത് ശരി വെക്കുന്നതിനും
പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും
ഈ കഥകളെയും കഥാപാത്രങ്ങളെയും സാക്ഷിയാക്കിയിരുന്ന മകന്‍. അപ്പൂപ്പനും അമ്മൂമ്മയും അഭിമാനത്തോടു
കൂടിപറയുമായിരുന്നു ‘ഇവന്‍ നമ്മുടെ അഭിമാനമാണ്’
ഈ മകന് ഒരു പുത്രന്‍ ജനിച്ചു അതാണ് ഈ ഞാന്‍ അങ്ങനെയാണ് വെറും അച്ഛനും അമ്മയും ആയിരുന്നവര്‍ അപ്പൂപ്പനും അമ്മൂമ്മയും ആയിത്തീര്‍ന്നത്. എന്റെ ജനനത്തോടുകൂടി ഇവര്‍ എനിക്കൊപ്പം കളിക്കുന്ന കളിക്കൂട്ടുകാരായി. അച്ഛനേക്കാള്‍ ശ്രദ്ധ അവര്‍ എനിക്ക് തരാന്‍ തുടങ്ങി. അപ്പൂപ്പന്‍ പറഞ്ഞിരുന്ന എല്ലാ കഥകളിലെയും രാജാവ് എന്റെ അച്ഛനും രാജകുമാരന്‍ ഞാനുമായിരുന്നു. അങ്ങിനെ ഞാന്‍ രാജാവിന്റെ മകനായി.
ആയിരത്തൊന്നുരു വിട്ട കഥകള്‍ അവര്‍ എനിക്കുവേണ്ടിയും പറഞ്ഞു തുടങ്ങി. ചാരുകസേരയില്‍ ഇരിക്കുന്ന അപ്പൂപ്പന്റെ നിഴല് പോലെ ഇതൊക്കെ കേട്ടു ചിരിച്ചുകൊണ്ട് അപ്പൂപ്പന് മുറുക്കാന്‍ ഇടിച്ചുകൊടുത്ത് അമ്മുമ്മ അരികിലിരിക്കും. ഇടയ്ക്ക് കാലി പുകയിലയുടെ ഞെട്ട് മുറിച്ച് അമ്മൂമ്മയും വായിലിടും. കഥകളുടെ കെട്ടഴിക്കാന്‍ തുടങ്ങിയാല്‍ സമയമോ കാലമോ നോക്കാറില്ല. ഓരോ കഥയിലെയും കഥാപാത്രങ്ങളായി അപ്പൂപ്പന്‍ അഭിനയിച്ചാണ് പറയുക. ഇങ്ങനെയുള്ള ഭരതന്‍ ജനിച്ച നാട്ടിലാണ് സ്വന്തം സഹോദരനെ രാമകൃഷ്ണന്‍ അടിച്ചു പുറത്താക്കിയത്. അല്ലെങ്കില്‍ അച്ഛനെയും അമ്മയെയും ഗോപാലകൃഷ്ണന്‍ പട്ടിണിയ്ക്കിട്ടത്, ഇവനൊക്കെ എങ്ങനെ ഗുണം പിടിക്കാനാണ്. നാട്ടില്‍ നടക്കുന്ന ഇങ്ങനെയുള്ള കാര്യങ്ങളെ കഥകളുമായി
കൂട്ടി കെട്ടുന്നത് അപ്പൂപ്പന്റെ രീതി ആയിരുന്നു. അതുകൊണ്ടുതന്നെ എന്റെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളും ഞാന്‍ ഇതുപോലെ നല്ലകഥാപാത്രങ്ങളുടെസ്വഭാവങ്ങള്‍ക്കനുസരിച്ച് ക്രമീകരിച്ചു കൊണ്ടിരുന്നു. അര്‍ജ്ജുനനെ പോലെ ഏതിനും ഒന്നാമന്‍ ആകണം, കര്‍ണ്ണനെപോലെ ദാനശീലന്‍ ആകണം, രാമനാകണം ഭരതനാകണം തുടങ്ങി ഒരുപാട് കഥാപാത്രങ്ങളെ ആരാധിച്ച് അനുകരിക്കുവാന്‍ ആഗ്രഹം വളര്‍ന്നതോടെ ജീവിതത്തിന്റെ
പല മേഖലകളിലും ഞാന്‍ ഒറ്റപ്പെടുമായിരുന്നു. ഓരോ തവണയും ഞാന്‍ ഓരോ കഥാപാത്രങ്ങളെ പുകഴ്ത്തി പറയുമ്പോഴും അപ്പൂപ്പന്‍ പറയുമായിരുന്നു ഒരിക്കലും നാം ഒരാളുടെ സ്വഭാവം മാത്രം പകര്‍ത്തുവാന്‍ ശ്രമിക്കരുത് കാരണം അവരില്‍ നന്മയും തിന്മയും ഉണ്ടാകും. അതുകൊണ്ട് എല്ലാവരുടെയും നന്മയെ ചേര്‍ത്തുവെച്ച് അവരെക്കാള്‍
ഒക്കെ വലിയ മനുഷ്യനാകാന്‍ ശ്രമിക്കണം അപ്പോഴേ ജീവിതത്തില്‍ കൂടുതല്‍ നന്മ ചെയ്യാനാകു എന്ന്.
വിക്രമാദിത്യന്റെയും വേതാളത്തിന്റെയും കഥകള്‍ നാളെ മുതല്‍ പറഞ്ഞുതരാമെന്നും ഓരോ കഥയും ഉപകഥകള്‍ ആയി പിരിഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ എത്ര കേട്ടാലും മതിയാകാത്ത അത്ഭുതകരമായ രീതിയിലാണ് അതിലെ കഥകള്‍ എന്നും ഇതില്‍ ഇല്ലാത്ത സാരോപദേശങ്ങള്‍ ഇല്ലെന്നും വിക്രമാദിത്യകഥകളും പഞ്ചതന്ത്ര കഥകളും ആയിരത്തൊന്ന് രാവുകളും കോര്‍ത്തിണക്കി പുതിയൊരു കഥാരീതി ഞാന്‍ മനസ്സില്‍ രൂപപ്പെടുത്തിയിട്ടുണ്ട്അതു പറഞ്ഞു തന്നാല്‍ പകര്‍ത്തിയെഴുതി എല്ലാവര്‍ക്കും പറഞ്ഞു കൊടുക്കണമെന്നും അപ്പൂപ്പന്‍ പറഞ്ഞു. ആയിരക്കണക്കിന് കഥകള്‍ ഇത്രയും കഥകള്‍ മനസ്സിലുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ആരാമോന്‍ എന്ന രീതിയില്‍ അപ്പൂപ്പന്‍ ഇളകി ചിരിച്ചു. രാവിലെ ഗണപതി വേഷം കെട്ടി പകര്‍ത്തെഴുത്ത് തുടങ്ങാം എന്നു പറഞ്ഞു കിടക്കാന്‍ പോയി.
രാവിലെ ബുക്കും പേനയുമായി ചാരുകസേരയുടെ അടുത്തെത്തിയെങ്കിലും അപ്പുപ്പന്‍ എത്തിയിരുന്നില്ല. മുറിയില്‍ കട്ടിലില്‍ കിടക്കുന്ന അപ്പൂപ്പന്റെ അരികിലെത്തി എന്തുപറ്റിയെന്ന് ചോദിച്ചു.
ഒരുപരിചയവുമില്ലാത്തപോലെ അപ്പൂപ്പന്‍ ചോദിച്ചു ആരാ…
പതിവ് തമാശയുടെ ഭാഗമാണെന്ന് കരുതി ഞാന്‍ പറഞ്ഞു രാജാവിന്റെ മകന്‍. മാര്‍ത്താണ്ഡവര്‍മ്മയുടെ കൊച്ചുമോന്‍ അല്ലേ… നിന്റെ അച്ഛന്‍ മരിച്ചപ്പോ എനിക്ക് വരാന്‍ പറ്റിയില്ല. ഞാന്‍ ബര്‍മ്മയിലായിരുന്നു.
ചിത്തിരതിരുനാളിന് ക്ഷുരക കത്തിയും തേപ്പുകല്ലും അയച്ചുകൊടുത്ത് നാട് ഭരിക്കാന്‍ കൊള്ളില്ലെങ്കില്‍ ഈ പണി ചെയ്‌തോളാന്‍ പറഞ്ഞതിന് ബര്‍മ്മയ്ക്ക് നാടുകടത്തിയ നമ്മുടെ ബര്‍മ്മ അപ്പൂപ്പനെ കാണാന്‍ പോയിരിക്കുവായായിരുന്നു/ അപ്പൂപ്പന്റെ കുടുംബത്തില്‍ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു. നേരത്തെ ആ കഥ എന്നോട് പറഞ്ഞിരുന്നു./

നീ ഇനി വരുമ്പോ കുറച്ച് കുഴിച്ചേന കൊണ്ടുവരണം… നാരായണന്‍ തേങ്ങ വാരി കൂട്ടിയിട്ട് വന്നോന്നു നോക്ക്. തെങ്ങിന് തടം എടുത്തിട്ട് മതി
വാഴവെക്കുന്നത് എന്ന് പറ.
വാഴക്കന്ന് ഗോമൂത്രത്തില്‍ മുക്കിയോ ആവോ.
പരസ്പരബന്ധമില്ലാതെ അപ്പൂപ്പന്‍ എന്തൊക്കെയോ പറയുന്നുണ്ടാ യിരുന്നു.
ആട്ടുകട്ടിലിന്റെ ചങ്ങലയില്‍ പിടിച്ചു നിന്നുകൊണ്ട് അമ്മുമ്മ കരയുന്നുണ്ടായിരുന്നു എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല.
‘ഒക്കെ മറന്നു പോയി എന്നെയും. ആശാന്‍ കളരിയില്‍ചിന്തത്തിനുപോകണമെന്നൊക്കെയാപറയുന്നത്’ അമ്മുമ്മ കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു
ആയിരത്തൊന്ന് രാവുകളും വിക്രമാദിത്യ കഥകളുമെല്ലാം മറവിയിലേക്ക് ആണ്ടുപോയോ..
ആയിരക്കണക്കിന് കഥകളുടെ അക്ഷയഖനി
എന്നെങ്കിലും മറവിയുടെ ലോകത്ത് നിന്നും തിരിച്ചു വന്നാലോ…
ഞാന്‍ കയ്യിലിരുന്ന ബുക്കില്‍ നെഞ്ചുരുകി തുടങ്ങിവച്ചു.
ഒരിടത്തൊരിടത്ത് ഒരു വിക്രമാദിത്യനും വേതാളവും ഉണ്ടായിരുന്നു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px