ആദ്യമായെഴുതിയ പ്രിയമാം വരികളിൽ
കാവ്യമാനം നിറം ചാർത്തിയില്ല,
ബിംബങ്ങളില്ലാത്ത ചിതറിയ വരികളോ
ചൊൽത്താള വൃത്തത്തിലായതില്ല.
പിച്ചവച്ചാകൊച്ചു വരികളിൻ പൂന്തോപ്പിൽ തല്പമൊരുക്കി ഞാൻ കാത്തിരുന്നു,
ഋതുക്കളിലുദ്യാനം തളിർത്തുപൂവിട്ടിട്ടും
കാവ്യഭാവം മാത്രം വന്നതില്ല.
എന്നിട്ടും നിങ്ങളെൻ ചിതറിയ വരികളെ
കോർത്തിണക്കി മുത്തുമാലയാക്കി,
എങ്ങനെ നന്ദി പറയണമെന്നാശിച്ചു
സ്പന്ദമുണർന്നു തുടിച്ചല്ലോ ഹൃദ്യമായ്.
വായിച്ച പുസ്തകത്താളുകളഗ്നിയായ്
ഒരുവേളയുള്ളിൽ ജ്വലിച്ചുയർന്നു
എത്രയോ കാലമായ് പറയുവാനാശിച്ച
കാവ്യബിംബങ്ങൾ പിറന്നുവീണു.
ഹർഷബാഷ്പങ്ങളൊഴുകിയെൻ ഗണ്ഡത്തിൽ
മുത്തുപോൽ ചിന്നിച്ചിതറിടുന്നു,
വർണ്ണജാലകത്തിരശ്ശീലകൾ നീക്കി
സുന്ദരദൃശ്യങ്ങളാസ്വദിച്ചു.
വന്ദ്യനാം ഗുരുവിന്റെ ദീപ്തമാം വാക്കുകൾ
ഉള്ളിലാവാഹിച്ചു പ്രണമിക്കുന്നു!
പ്രിയരാം ഗുരുക്കൾ തൻ ശ്രേഷ്ഠമുഖങ്ങളും
മുന്നിൽത്തെളിയുന്നു! കുമ്പിടുന്നു!











