LIMA WORLD LIBRARY

ശുദ്ധനക്ഷത്രം – ഡോ: ജയദേവൻ

പവനകുലഗുരുരവിയുദിച്ചും വിളങ്ങിയും
കാവൽവിളക്കായ് കനൽപൂത്ത താരമായ്,
അവനിയതിമധുരമൃദുഭാവമേടേറുവാൻ
ഏവം വിഹായസ്സിലുണ്ടായിരിക്കണം..

ഇളവെയിലിലനവധിഗുണംചേർത്തു നല്കുവാൻ
നാളികനാഥനംബാരിമേളങ്ങളാൽ,
തെളിഹൃദയനിറവിലഹമേതുമില്ലാതെയും
ആളിത്തുടുത്താഴിവിട്ടുവന്നീടണം.

പരിമളവുമഴകുമളവില്ലാതെ നിത്യവും
പാരിനേകും സത്യസന്മാർഗ്ഗദീപമേ,
തിരിതെളിയുവതിനരിയ നെയ്തരാനെൻമനം
ചാരത്തുവന്നിടാനാശിർവദിക്കണം..

ചെറുചിരിയിലിരുളകലുവാനുള്ള തേജസ്സായ്
ഈറനേശാതഗ്നിപേറിയാദ്യംമുതൽ,
കറപുരളുവതിനിടവരാതകം നീറാതെ
നൂറുവർണ്ണത്താലുദിക്കുന്നു ദൈവമായ്..

ജലവുമപരനു പശിയടക്കുവാനുള്ളതും
കാലങ്ങളായ് പ്രാണവായും നല്കുവോൻ,
പലപവിഴമുരുകിയതിശുദ്ധനക്ഷത്രമായ്
നാലകത്തങ്ങോളമുണ്ടായിരിക്കണം….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px