മരണമണിയാത്തയുടലുമായ്
മഹാമലകടന്നുനടന്നു ഞാൻ
കത്തുംകാട്ടിലൂടെ വെന്തു കേറി
കറുത്ത സൂര്യൻ്റെ ചാരെയെത്തി!
ചിരിയടർന്ന മുഖമണിഞ്ഞവർ ചിന്തവറ്റിയതലയുടഞ്ഞവർ
ചിതലുതിന്നകണ്ണുകളുള്ളവർ
ചിതറിപ്പോയ മാറുമായ് ചിലർ
കാലുവെന്തു കരഞ്ഞു പോകുന്നവർ
കൈകൾ പാറയിൽ ആഴ്ന്നിറങ്ങിയവർ
കാലമെടുത്തു ചവട്ടിക്കൂട്ടിയവർ
കാലനിട്ടു തട്ടിയുരുട്ടുന്നവർ
ഭൂമിതിന്നു വയറുവീർത്തവർ
ഭൂമി ഗർഭത്തിൽ കുട്ടിയായവർ
ഭുജിച്ചുപോയത് കക്കിവച്ചവർ
ഭുജങ്ങൾ വേർപെട്ട് നിലവിളിച്ചവർ
തിളച്ചയെണ്ണയിൽ മൊരിഞ്ഞുപോയവർ
തളിച്ചയഗ്നയിൽ തീ പിടിച്ചവർ
തീകഴിച്ചു വിശപ്പുമാറ്റുന്നവർ
തീയിലിട്ടു സ്വയം കത്തിക്കുന്നവർ
ദാഹമില്ലാതെ കുടിച്ചു ചാവുന്നവർ
മോഹമില്ലാതെ മോഹിച്ചു ചീയുന്നവർ
ഗേഹമില്ലാതെ വേദനിക്കുന്നവർ
ദേഹിയില്ലാതെ മാംസമായവർ
കാര്യമില്ലാതെ കരഞ്ഞിരിക്കുന്നവർ
കാര്യമറിയാതെ കൊലനടത്തുന്നവർ
കാരണമില്ലാതെ വെറുത്തുപോയവർ
കാര്യക്കാരായി മലം തിന്നുന്നവർ
മനസ്സില്ലാതെ ഉന്മാദിയായവർ
മനസ്സറിയാതെ പ്രണയിച്ചു ചത്തവർ
മനസ്സിലില്ലാത്ത സ്നേഹം മുറിച്ചവർ
മനസ്സുകീറി മരിച്ചു പോയവർ
മരണമില്ലാത്തെയീ മഹാനരകത്തിൽ
മരിക്കാത്ത വേപഥു കുടിച്ചു കുടിച്ചു ഞാൻ
മറക്കുവാനാവാത്ത പൂർണ്ണ വേദന
മനസ്സിലിട്ടു തപസ്സിരിക്കുന്നു!
നരകമേത് നഗരമേത് നരനീ ഭൂവിൽ
നരകയാത്രയ്ക്കപ്പുറം സ്വർഗ്ഗമേത്?
നരനായിങ്ങനെ ജനിച്ചുപോയാൽ
നരകവും ജീവിതവും സ്വർഗ്ഗവും
നരകിക്കും ചാക്രികയാത്രയും
നരനു ഭൂമിയിൽ നിത്യജീവിതം!











