LIMA WORLD LIBRARY

കോലധാരിയുടെ അഗ്‌നികുണ്ഡങ്ങള്‍-മോഹന്‍ദാസ് മുട്ടമ്പലം

ഒരു നോവലില്‍ സുപ്രധാനമാണ് അന്തരീക്ഷ സൃഷ്ടി. നോവലിന്റെ മൂഡ് അഥവാ ഭാവം മാറിക്കൊണ്ടിരിക്കും. എന്നാല്‍ കഥാന്തരീക്ഷം ആദ്യം മുതല്‍ അന്ത്യംവരെ പിരിമുറുക്കമുള്ളതും ദൃഢവുമാക്കി നിലനിര്‍ത്താന്‍ ഒരു നല്ല നോവലിസ്റ്റിനു മാത്രം കഴിയുന്ന പ്രാഗത്ഭ്യമാണ്.

കോലധാരിയില്‍ സുധ അജിത്തിന് അതു സാധിച്ചിട്ടുണ്ട്. പിരിമുറുക്കമുള്ളതും നിഗൂഢവും ദുരൂഹവും ഭൂതാവിഷ്ട സ്വഭാവത്തോടു കൂടിയതും സംഗീതാത്മകവുമായ അന്തരീക്ഷ സൃഷ്ടി കോലധാരിയുടെ സവിശേഷതയാണ്.

ജുവൈനല്‍ ഹോമില്‍ നിന്നും ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങി വരുന്ന നകുലനിലാണ് കഥ തുടങ്ങുന്നത്. സഹോദരനെ കൊലപ്പെടുത്തിയതായിരുന്നു കുറ്റം. തെയ്യം കലാകാരനായി വളരുന്ന നകുലന് ജീവിതം കൈകളില്‍ നിന്നും ചോര്‍ന്നുപോകുന്നതാണ് തുടര്‍ന്നു കാണുന്നത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നീചനും കാമാന്ധനുമായ പിതാവിനെ കൊലപ്പെടുത്തുന്ന നകുലന്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ നോവല്‍ അവസാനിക്കുന്നു, സ്വന്തം പിതാവിനെയും സഹോദരനെയും കൊല്ലുക എന്നതു മാത്രമല്ല പെങ്ങളെ വിവാഹം കഴിക്കേണ്ടി വരിക എന്ന പാപവും മനസ്സറിയാതെ നകുലന് ചെയ്യേണ്ടിവരുന്നു.

എം ടിയുടെ നിര്‍മ്മാല്യത്തില്‍ പള്ളിവാളുകൊണ്ട് ഗിരസ്സില്‍ ആഞ്ഞു വെട്ടുന്ന വെളിച്ചപ്പാടിന്റെ ദുരന്ത ചിത്രം നകുലന്റെ ആത്മഹത്യ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വളരെ പ്രചാരമുള്ള ഒരു പ്രകടന കലാരൂപമായ തെയ്യം , മിത്ത്, നൃത്തം, നാടകം, സംഗീതം, കല, വാസ്തുവിദ്യ എന്നിവയെ ഉള്‍ക്കൊള്ളുന്ന ഒരു അനുഷ്ഠാനകലാരൂപമാണ്.

മലയാളത്തില്‍ ദൈവം എന്നര്‍ത്ഥം വരുന്ന ദൈവത്തില്‍ നിന്നാണ് തെയ്യം എന്ന വാക്ക് വന്നത്.
ഈ കലാരൂപവുമായി ബന്ധപ്പെട്ട ചമയങ്ങളും ആചാരങ്ങളും ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും സുധഅജിത്തിന്റെ കോലധാരി എന്ന നോവല്‍ അനുവാചകരെ ബോധവല്‍ക്കരിക്കുന്നുണ്ട്.

തെയ്യവും തെയ്യം കലാകാരന്മാരുടെ അനുഭവലോകവുമാണ് ഈ നോവലിന്റെ തട്ടകം.

മേലേരിയിലെ അഗ്‌നികുണ്ഠത്തില്‍ ദൈവീകതയില്‍ മതിമറന്ന്‌സ്വയം ആവാഹിക്കപ്പെടുന്ന തെയ്യക്കാരന്റെ ദൈന്യത നിറഞ്ഞ ജീവിതമാണ് ഈ നോവലില്‍ താന്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. സാധാരണ മനുഷ്യനായി ജീവിച്ച്, അനീതിക്കെതിരെ പൊരുതി ഒടുവില്‍ സ്വയം സമര്‍പ്പണത്തിലൂടെ ദൈവീകതയിലേക്ക് ഉയര്‍ത്തപ്പെടുന്നയാളാണ് ഇതിലെ നായക കഥാ പാത്രമായ നകുലന്‍ എന്ന് നോവല്‍ വായിച്ചുകഴിയുമ്പോള്‍ അനുവാചകരും സാക്ഷ്യപ്പെടുത്തുന്നു.

നകുലന്‍ എന്ന തെയ്യം കലാകാരനെ ജീവിതം കൈപിടിച്ച് നടത്തിയ ഈ ദുഃഖഭരിതവും ദുരന്തപൂര്‍ണ്ണവുമായ അരങ്ങാണ് നോവല്‍ വരച്ചിടുന്നത് ജുവനൈല്‍ ഹോമിന്റെ പടികളിറങ്ങി വരുന്ന അയാളുടെ ചിത്രമാണ് നോവലിലെ ആദ്യവരി തന്നെ. അതിങ്ങനെയാണ്.

ജുവനൈല്‍ ഹോമിന്റെ പടികളിറങ്ങി നടക്കുമ്പോള്‍ ഇരുള്‍ മൂടിയ ഒരു വീടായിരുന്നു മനസ്സില്‍. ഇരുട്ടില്‍ തപസ്സിരിക്കുന്ന രണ്ടു മുഖങ്ങള്‍ നിര്‍വ്വികാരതയോടെ നോക്കുന്നതും മനസ്സില്‍ കണ്ടു. അമ്മയും പെങ്ങളും തന്നെക്കാത്ത് ജയിലരികിലെ മരത്തിന് കീഴെ നില്ക്കുന്നത് കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞു.’

‘ഇരുള്‍മൂടിയ വീട്’, ‘ഇരുട്ടില്‍ തപസ്സിരിക്കുന്ന മുഖങ്ങള്‍’, ‘നിര്‍വ്വികാരത്’, ‘മനസ് പിടഞ്ഞു’, എന്നിങ്ങനെ ആദ്യവരികളില്‍ തന്നെയുള്ള ഈ വാക്കുകളുടെ കൂടുതല്‍ അഗാധവും അര്‍ത്ഥപൂര്‍ണ്ണവുമായ വിശ ദീകരണമാണ് നോവല്‍ എന്നും നിസംശയം പറയാം.

മദ്യപാനിയും കലഹപ്രിയനുമായ സഹോദരനെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കൊലപ്പെടുത്തേണ്ടിവന്നതിന്റെ തുടര്‍ച്ചയായിട്ടാണ് നകുലന്‍ ജുവൈനല്‍ ഹോമില്‍ എത്തിപ്പെട്ടത്. വര്‍ഷങ്ങള്‍ നീണ്ട തടവിനു ശേഷം പുറ ത്തിറങ്ങുമ്പോള്‍ അയാള്‍ക്കൊരു സ്വപ്നമുണ്ട്: ‘ഒരു നല്ല തെയ്യം കലാ കാരനാകുക.’ അതിനുള്ള ശ്രമമാണ് അയാളുടെ തുടര്‍ജീവിതം. എന്നാല്‍ കാലം അയാള്‍ക്കായി കാത്തുവച്ചത് വീണ്ടും ഒരു കുറ്റവാളിയു ടെ വേഷമാണ്. ആദ്യം സഹോദരന്റെ രക്തമാണ് അയാളെ തെറ്റുകാരനാക്കിയതെങ്കില്‍, രണ്ടാം വട്ടം സ്വപിതാവിന്റെ ഹത്യയാണ് അയാളെ തിന്മയ്ക്ക് ഒറ്റുകൊടുക്കുന്നത്. ‘എരിപുരം’ എന്ന അയാളുടെ ഗ്രാമത്തിന്റെ പേര് പോലെ, സ്വന്തം ഹൃദയത്തിനുള്ളില്‍ എരിഞ്ഞുതീരുന്ന മനുഷ്യനാണയാള്‍, നോവലിലെ മറ്റു കഥാപത്രങ്ങളും അയാളില്‍ നിന്നും ഒട്ടും വ്യത്യസ്തരല്ല.
എരിഞ്ഞുതീരാനാണ് അവരുടെയും നിയോഗം.

ഇരുട്ടിനെ ഉപാസിക്കുന്ന കഥാപാത്രങ്ങളും വെല്ലുവിളികളും ധിക്കാരശബ്ദങ്ങളും മുഴക്കി നോവലില്‍ എമ്പാടും വിഹരിക്കുന്നു. അമ്മയുടെ താലിമാലയില്‍ പിടുത്തമിടുകയും പെങ്ങളെ തെരുവില്‍ വില്‍ക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന നായക കഥാപാത്രത്തിന്റെ ഏട്ടന്‍, സ്വത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത വാസു, സ്വന്തം മകളെപ്പോലും ലൈംഗികമായ ഇച്ഛയോടെ സമീപിക്കുന്ന മാധവന്‍ തമ്പി എന്നിവരെല്ലാം ഇത്തരക്കാരാണ്.

അസഹിഷ്ണുതയും അല്‍പത്വവും വിവേകമില്ലായ്മയും വിടത്വവുമാണ് അവരെ നയിക്കുന്നത്. ഈ ദുഷിപ്പുകളുടെ ഇരകളാകുന്നതാ കട്ടെ അവരുടെ ജീവിത പരിസരങ്ങളിലുള്ള സന്തോഷം ആഗ്രഹിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യരും.

ഇതൊരു ജീവിതനാടക വൈരുധ്യമാണ്. ഇരുട്ടിന്റെ ഉപാസകര്‍ സ്വമേധയാ ഇരുട്ടില്‍ വീഴുന്നതിനൊപ്പം, കൂടെ നില്‍ക്കുന്നവരേയും ആ അഗാധ ഗര്‍ത്തത്തില്‍ തള്ളിയിടുന്നതെന്തിന് എന്ന ഉത്തരമില്ലാത്ത ചോദ്യമാണ് അതിന്റെ മറുഭാഗം. ഈ ചോദ്യം തെല്ലുറക്കെ ‘കോലധാരി’ എന്ന നോവല്‍ ഉന്നയിക്കുന്നുണ്ട്. സാമൂഹ്യ ജീര്‍ണ്ണത, മൂല്യ ബോധത്തിന്റെ അഭാവം, ആചാരസംഹിതകളുടെ ദയനീയാവസ്ഥ എന്നിവയൊക്കെ ഇതിനോട് ചേര്‍ന്നുവരുന്നു.

തെയ്യമാണ് നോവലിന്റെ പശ്ചാത്തലം എന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ. മലബാറിലെ, വിശിഷ്യാ കണ്ണൂര്‍ ഭാഗത്തുള്ള ജനങ്ങളുടെ സംസാര ഭാഷയും അതി സൂക്ഷ്മതയോടെ ഈ നോവലില്‍ വിന്യസിച്ചിട്ടുണ്ട്.
മനോജ് വെങ്ങോലയുടെ ശ്രദ്ധേയമായ അവതാരിക കോലധാരിയുടെ ഹൃദയത്തിലേക്കു തുറക്കുന്ന കിളിവാതിലാണ് എന്ന് പ്രത്യേകം പരാമര്‍ശിക്കുന്നു.

സുധഅജിത്: ഒരു രേഖാചിത്രം

എറണാകുളത്ത് ജനനം. സ്‌ക്കൂള്‍ വിദ്യാഭ്യാസം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌ക്കൂളിലും, ബിരുദവും, ബിരുദാനന്തര പഠനവും തിരുവനന്തപുരം ഗവണ്മെന്റ്‌റ് വിമന്‍സ് കോളേജിലും.

ആനുകാലികങ്ങളില്‍ കഥകളും, കവിതകളും, നോവലുകളും, ലേഖനങ്ങളും എഴുതിവരുന്നു.

കേരളസാഹിത്യവേദിയുടെ തകഴി സാഹിത്യപുരസ്‌കാരം, ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

My impressio.com എന്ന ഓണ്‍ലൈന്‍ മാഗസീനിന്റെ എഡിറ്ററാണ്‌

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts