ആവശ്യങ്ങളുടെ നീണ്ട നിരയ്ക്കു പിന്നാലെ പോകുന്ന നമ്മളൊക്കെ ഒടുവിൽ പ്രശസ്തിയുടെ കൊടുമുടിയേറാൻ ദാഹിക്കുന്നവരാണ്. Hierarchy of Needs – ആവശ്യങ്ങളുടെ ശ്രേണി എന്നൊരു സിദ്ധാന്തത്തിനടിമകളാണ് നമ്മൾ. അതായത് ആഹാരം, വസ്ത്രം തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതം സുരക്ഷിതമാക്കാനുള്ള പാർപ്പിടം,ജോലി, സമ്പാദ്യം എന്നിവയ്ക്കു പിന്നാലെയാകും ശ്രദ്ധ. തുടർന്ന് അംഗീകാരവും പ്രശസ്തിയും നേടാനുള്ള അഭിനിവേശമായിരിക്കും.ഇങ്ങനെ ഒന്നു നേടിക്കഴിയുമ്പോൾ മറ്റൊന്നു നേടാനുള്ള ആഗ്രഹങ്ങളുടെ വേലിയേറ്റത്തിലാണ് നമ്മുടെ ഗമനം. പ്രശസ്തി നേടാനുള്ള ആഗ്രഹം നമ്മിൽ സഹജമാണ്. അംഗീകാരങ്ങൾ ലഭിക്കുന്നത് വ്യക്തിത്വ വളർച്ചയ്ക്ക് ഉതകുന്ന താണെങ്കിലും നന്മ ചെയ്യുന്നത് പേരിനും പ്രശസ്തിയ്ക്കുമായി മാറുമ്പോൾ അപകടകരമാണ്. സാമൂഹിക മാധ്യമങ്ങളിൽവരെ ലൈക്കുകൾക്കും കമന്റിനുമായി പരിശ്രമിക്കുന്നവരുംഈ പ്രശസ്തി ആഗ്രഹിക്കുന്നവരിൽപ്പെടുമ്പോൾ അംഗീകാരം കൊതിക്കുന്ന പ്രാഞ്ചിയേട്ടന്മാരായി അധ:പതിക്കുന്നവരല്ലേ നമ്മളൊക്കെ. അംഗീകാരവും പ്രശസ്തിയും നേടാനുള്ള കുറുക്കുവഴികളുടെ പ്രലോഭനത്തിലുൾപ്പെടാതെ പ്രാഞ്ചിയേട്ടനിൽ നിന്നും നമ്മൾ നമ്മളായിരിക്കാൻ കരുതലുള്ളവരാകുക.












