നിഴലിന്റെ കൂട്ടുമായ് അഴലിന്റെ തീരത്ത്
തുഴയറിയാതെ ഞാൻ നിന്നനേരം
ഇരുളാർന്ന ജീവിതത്തോണി നയിക്കുവാൻ
അമരത്തൊരണിവിളക്കേന്തി നീയേ..
അലറുംകടലിന്റെ തിരകളെനോക്കി ഞാൻ
അവനിയിലേകനായ് നീറിടുമ്പോൾ
അകതാരിലന്നു നീ അലിവിന്റെ കരുതലായ്
അകലാതെയരുകിലായ് ചേർത്തണച്ചു.
മനുജന്റെയുള്ളിലായ് മതിലുകൾ തീർക്കുമീ
വനചിത്തഭ്രമമേറും കെട്ടകാലം
നിഴലും നിലാവുമായ് നീയണയും നേരം
നിറമുള്ള മലരുകൾ പൂവണിഞ്ഞു.
കരയുമീ കണ്ണിന്റെ ചെഞ്ചുവപ്പാർന്നൊരു
ചെങ്കൊടി കൈകളിലേന്തി വന്നു
കെട്ടുപോകുന്നൊരു നീതിസാരങ്ങളെ
തട്ടിയുണർത്തി നിൻ പോർമുഖങ്ങൾ.
അകലെയായ് എങ്ങോ മറഞ്ഞിരിക്കുന്നൊരു
സമനീതിയിന്നും മരീചികയോ…
സമരമുഖത്ത് നീയടരാടിയെരിയുമെൻ
പ്രിയസഖാവെന്നൊരു നിഴലു നീയേ.
ഇനിവരും തലമുറയ്ക്കേകുവാനായിതാ
പാദമുദ്രാ കാല കല്പടവുകൾ
കാലം മറക്കില്ല കരളിൽ പതിഞ്ഞുപോയ്
പ്രിയസഖാവേ നീ തന്ന പൊൻവെളിച്ചം
പ്രിയസഖാവേ നീ തന്ന പൊൻവെളിച്ചം.











