മരണകവാടങ്ങളിൽ ഞാനെന്റെ വിളക്ക് കൊളുത്തട്ടെ.
എന്റെ കിന്നരങ്ങൾ മീട്ടി
ഞാൻ മൃത്യുവിന്
സ്വാഗതഗാനം ആലപിക്കട്ടെ.
അന്ധകാരം ഹൃദയങ്ങളെ ചൂഴ്ന്നിരിക്കുന്നു.
നീലാകാശത്തിനും, താരകൾക്കുമപ്പുറം
എല്ലാം വിഴുങ്ങുന്ന തമോഗർത്തങ്ങൾ ഒളിഞ്ഞിരിക്കുന്നു.
വെളിച്ചപ്പാടുകൾ ഉറഞ്ഞു തുള്ളുന്നു.
അവരുടെ ഖഡ്ഗങ്ങളിൽ ചോരക്കറ.
അതിന്റെ വായ്ത്തലയേറ്റു പിടഞ്ഞു വീഴുന്നവരേറെ.
മുഖമ്മൂടികൾക്കുള്ളിൽ
ദംഷ്ട്രകളെ രാകി മിനുസപ്പെടുത്തുന്നവർ
ആയുധങ്ങൾക്കവർ മൂർച്ചകൂട്ടിക്കൊണ്ടേയിരിക്കുന് നു.
മാലാഖമാരുടെ മൂടുപടമണിഞ്ഞ
രക്ഷസ്സുകൾ.
അവരുടെ വസ്ത്രങ്ങൾ രക്തത്തിൽ കുതിർന്നുപോയിരിക്കുന്നു..
ചിരിക്കുന്ന അധരങ്ങളിൽ
വക്രതയുടെ നിഴലുകൾ.
കളയോടൊപ്പം നെന്മണികളും പിഴുതെടുക്കപ്പെടുന്നു.
നല്ലത് വേർതിരിച്ചു
കളപ്പുരകളിൽ ശേഖരിക്കട്ടെ.
കളകൾ എരിയുന്ന ആഴിയിൽ ചാമ്പലാകട്ടെ.
അതിന്റെ ധൂളി പോലും
ബാക്കിയാവാതെ എരിഞ്ഞു പോകേണ്ടിയിരിക്കുന്നു











