ഞാന്‍ മരിച്ചാല്‍ അവസാനമായി
ഒരിക്കല്‍ക്കൂടി നീയെന്നെ കാണാന്‍ വരണം
കരുതലിന്റെ കമ്പിളിപ്പുതപ്പുകൊണ്ട്
ഭദ്രമായി നീ പൊതിഞ്ഞു സൂക്ഷിച്ച എന്റെ
ശരീരം ഒന്നുകൂടി സൂക്ഷിച്ച് നോക്കണം
അപ്പോള്‍ ….
എന്റെ കണ്ണില്‍ നിനക്കായ് ഉറക്കമൊഴിച്ച
രാവുകളുടെ നിലാവെളിച്ചം ഇനിയും
കെടാതെ നില്‍ക്കുന്നതു കാണാം …
എന്റെ ചുണ്ടുകള്‍ക്കുള്ളില്‍ നിന്നോട്
പറയാന്‍ ബാക്കിവെച്ച കഥകള്‍
തിക്കിത്തിരക്കുന്നത് കാണാം…
എന്റെ നെഞ്ചില്‍ ചെവിയോര്‍ത്താല്‍
നിന്നെ മാത്രം സ്‌നേഹിച്ചിട്ടും നിന്റെ
കുറ്റപ്പെടുത്തല്‍ കേട്ട് വേദനിച്ച
ഹൃദയത്തിന്റെ പതംപറച്ചിലുകള്‍ കേള്‍ക്കാം …
ഒന്നുകൂടി കാതോര്‍ത്താല്‍ നിന്റെ ഇഷ്ടങ്ങള്‍ക്കുവേണ്ടി
ഞാന്‍ കഴുത്തുഞെരിച്ചു പാതി കൊന്നിട്ട എന്റെ
ഇഷ്ടങ്ങളുടെ നിലവിളി ശബ്ദം കേള്‍ക്കാം ….
എന്റെ കൈവിരലുകള്‍ക്കിടയില്‍
നിനക്കായ് എഴുതാന്‍ ബാക്കി വെച്ച
കവിതകള്‍ ഞെരിഞ്ഞമര്‍ന്നു കിടക്കുന്നതു കാണാം …
എന്റെ കാലടികളില്‍ നിനക്കായ് ഞാന്‍
നടന്നു തീര്‍ത്ത ദൂരത്തിന്റെ തഴമ്പുകള്‍ കാണാം ….
അതുവരെ കാണാത്ത എന്നെ കാണുവാന്‍
അന്നെങ്കിലും നീ കണ്ണു തുറക്കണം …
അതുവരെ നീ അറിയാത്ത എന്നെ
അന്നെങ്കിലും നീ തിരിച്ചറിയണം …
നിലച്ചു പോയ എന്റെ ശ്വാസം
നീയായിരുന്നു എന്നെങ്കിലും !
****
ജിഷ കെ റാം
കണ്ണൂര്‍ സ്വദേശിനി. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ കആ-യിലെ അധ്യാപികയാണ്. മലയാള സാഹിത്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും, എം.ജി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ബിഎഡും നേടി. പെയ്യാന്‍ മറന്ന മഴ (കഥാസമാഹാരം), കല്ലുകള്‍ പൂക്കുന്നിടം (കവിതാസമാഹാരം) എന്നിവ പ്രസിദ്ധീകരിച്ചു. സ്‌കൂള്‍ പഠനകാലം മുതല്‍ സാഹിത്യകൃതികള്‍ വായിക്കുകയും എഴുതി തുടങ്ങുകയും ചെയ്തിരുന്നു. കോളേജ് പഠനകാലം മുതല്‍ സ്വദേശ-വിദേശ ആനുകാലിക സാഹിത്യ മാധ്യമങ്ങളില്‍ എഴുതുന്നു.











