മനമുണര്‍നിന്നു സ്വാതന്ത്ര്യവായുവിന്‍
തഴുകലേറ്റു തുടിച്ചുപൊങ്ങീടവേ
കൊടിമരത്തിന്റെ തുഞ്ചത്തു ശോഭയില്‍
തളിരിടാ,നൊന്നു കാറ്റില്‍ പറക്കുവാന്‍!
ചരടുകെട്ടിലെ ബന്ധനം വിട്ടു പൂ –
മഴയില്‍, നന്മതന്‍ വര്‍ഷം പൊഴിക്കുവാന്‍
ഇടരുകൂടാതെ നാടിന്റെ ഭാസുര-
ക്കതിരവപ്രഭ കാത്തു രക്ഷിക്കുവാന്‍!
ധ്വജമഹിമകള്‍ വാഴ്ത്തിടും ചുണ്ടിലെ –
യജിതമാ,മഭിമാനമായീടുവാന്‍
കതിരിടും നവസ്‌നേഹാംശുധാരയില്‍
മുഴുകി മുങ്ങിടും നാകം പണിഞ്ഞിടാന്‍!
പുതുമ തേടിടും പൂക്കളെച്ചേര്‍ത്തണ-
ച്ചലരിടും മൃദുസ്‌മേരത്തോടോതുവാന്‍
”കരുതിനില്‍ക്കണമേവരും വഞ്ചന-
യ്ക്കറുതി തീര്‍ത്തിടും മാര്‍ഗ്ഗമാരായുവാന്‍!”
നവനവങ്ങളാം ലോകങ്ങള്‍ തീര്‍ക്കുവാന്‍
തുടുതുടെയുള്ള സ്വപ്നം മെനയുവാന്‍
അതിനുവേണ്ടിയീ നീലമാം വാനിതില്‍
തെളിമയോടൊന്നു പാറട്ടെ നിര്‍ഭയം













