LIMA WORLD LIBRARY

അന്ന കരേനിന: ജീവിക്കുന്ന രക്തസാക്ഷി-രാജാംബിക

അസമത്വത്തിന്‍ രക്തസാക്ഷി,
സ്ത്രീ സ്വാതന്ത്ര്യത്തിന്‍
ആത്മസംഘര്‍ഷ പര്‍വ്വമേറെ
താണ്ടിയവള്‍.

മതിലുകള്‍ക്കുളളിലെ
കൂച്ചുവിലങ്ങണിഞ്ഞ
പെണ്‍മാനസങ്ങളെ
ബന്ധനമുക്തയാക്കുവാന്‍
ഭൂതകാലത്തിന്റെ ശിശിര നിദ്രയില്‍
മഞ്ഞുപാളികള്‍ ചാര്‍ത്തിയ
വിലങ്ങുകള്‍ ഭേദിച്ച്
വസന്തകാലവിഹായസ്സില്‍പതംഗമായവള്‍

ഹൃദയകല്‍പ്പനയിലഭിരമിക്കുവാന്‍,
നിരാകരിക്കുന്നു പുരുഷാധിപത്യ
നീതിനിയമങ്ങള്‍ കാറ്റില്‍ പറക്കട്ടെ.

ലിംഗനീതിസമത്വം ജലരേഖകള്‍,
സാമ്രാജ്യത്വ പരിഷ്‌കൃത സമൂഹം വിധിയ്ക്കും
ഭ്രഷ്ട്, പ്രവാസജീവിത കനല്‍ത്താരകള്‍.

താണ്ടാനുണ്ടിനിയുമേറെ കടമ്പകള്‍…
കനല്‍ക്കാടു കടക്കുന്ന യാതനയ്ക്കിടയിലും
പുതിയ പുലരിയെ നേടാന്‍ ശ്രമിക്കുന്നു,
സാംസ്‌കാരിക മാറ്റത്തിന്‍ ശംഖൊലിയായ്.

സ്ത്രീയുടെ അസ്തിത്വചിന്തയുടെ േ
നര്‍ക്കാഴ്ചയവള്‍,
ദൃഢനിശ്ചയത്തിന്‍ മൂര്‍ത്തിമദ്ഭാവം.
പഴയ ചട്ടങ്ങളെത്തള്ളി,
ജീവിതം തിരികെപിടിക്കുവാന്‍
പ്രതിരൂപമായവള്‍…

പുലരിയിലെ നേര്‍ത്ത കോടമഞ്ഞിന്നിടയില്‍
തീവണ്ടിപ്പുകച്ചുരുള്‍ ചിത്രങ്ങള്‍ തീര്‍ക്കവെ,
ശ്യാമ സരസ്സിന്‍ കയങ്ങളില്‍
പരിലസിക്കുമൊരു വെളളാമ്പല്‍പൂവ്.

ലിംഗഭേദങ്ങളാല്‍ അജയ്യരായി
തീരുവാന്‍ അവഹേളനമേറെ ചൊരിയുന്ന
അസന്തുഷ്ട കുടുംബചിത്രങ്ങള്‍
അസന്തുഷ്ടമാകുന്നു വ്യത്യസ്തതകളാല്‍
സന്തുഷ്ട കുടുംബചിത്രങ്ങളും
തെളിയുന്നു ഒരേ ഭാവത്താല്‍.

കഠിനശ്രമങ്ങള്‍ക്കിടയിലും
നോവിന്റെ ജീര്‍ണ്ണതയില്‍
ചോരയും നീരും പുരണ്ട ചങ്ങലക്കണ്ണികള്‍
ഉള്ളുലച്ചിലിനിടയിലും ഒഴുക്കിനെതിരെ
നീന്താന്‍ ഒരു പാഴ്ശ്രമം.

പുത്രനെയൊരുനോക്കു കാണാന്‍
മനം തുടിക്കവെ, എങ്ങും
അവകാശനിഷേധങ്ങള്‍…
സങ്കീര്‍ണ്ണതയുടെ പടവുകളില്‍
കാലിലെക്കെട്ടുകള്‍ പോരുമുറുക്കവേ..

പ്രണയവല്ലി നീളുന്നു വസന്തത്തെ പുല്‍കാന്‍ ,
ഉളളിലെ ചിമിഴില്‍ ജീവന്‍ തുടിക്കുന്നു
കരേനീന കുടുബത്തിന്‍ ആത്മാഭിമാനം
ആകാശജാലകച്ചില്ലില്‍ത്തട്ടി നിലംപതിക്കേ…
വ്യവസ്ഥകള്‍, മൗലിക
സ്വാതന്ത്ര്യധ്വംസനങ്ങള്‍…

ആക്ഷേപശരങ്ങളുടെ മുനയൊടിഞ്ഞീടുന്നു
കരളുറപ്പിന്റെ കരിമ്പാറക്കെട്ടില്‍.
അരയന്നമിഴികളന്ധാളിച്ചില്ല
സൂചിമിഴിത്തുമ്പില്‍ തെളിഞ്ഞത് നിശ്ചയദാര്‍ഢ്യം.
പ്രത്യാശാകിരണം കരളില്‍ തഴുകും
ചെറുതൂവലായി പിന്നെയും .

പിന്‍വിളികള്‍ തടഞ്ഞില്ല
അനാഥത്വമുറങ്ങുന്ന
തെരുവിലേക്കന്ന നടനടന്നു.
പിന്നെയും രക്ഷയുടെ
ഭൂമികയില്‍ വിളളലു വീഴുന്നു
ഗ്രീഷ്മത്തിലെ ശരത് ശലഭം തളരുന്നു…

ബോധമണ്ഡലത്തില്‍ ഉല്‍ക്കകള്‍ നിപതിച്ചുവോ
വിവേകത്തെയവിവേകം കീഴ്‌പ്പെടുത്തിയോ
ഉത്തുംഗ ശക്തിയുറവകള്‍ വറ്റിയോ
കനവുകളെല്ലാം ചുടുകാറ്റില്‍ കരിഞ്ഞുവോ…

നിലനില്‍ക്കുമൊരു അസ്വസ്ഥ
വ്യവസ്ഥിതിയുടെ സോപാനത്തില്‍ നിന്ന് ,
മൗലിക സ്വാതന്ത്ര്യത്തിന്റെ
വനികയില്‍ കാലിടറി വീഴുന്നു
ആദാമിന്റെ വാരിയെല്ലിന്‍
അസ്തിത്വ വ്യഥകള്‍.

ഒറ്റപ്പെടലിന്‍ നീറ്റലില്‍ ഉഴലുമ്പോള്‍,
വിശ്വാസം സംശയമുനയില്‍, മുന്നില്‍
നിഴലുകള്‍, ഉല്ലസിക്കുന്നുവോ…

കര്‍മ്മകാണ്ഡത്തിലെ
ഉള്ളുരുക്കങ്ങളാല്‍
വിവശയായി,
ദുഃസ്ഥിതിയില്‍ രക്ഷതേടി,
ചുട്ടുപഴുത്തൊരാ സമാന്തര രേഖയില്‍
ചൂളം വിളിയ്ക്കുമുന്നില്‍
നിമിഷങ്ങളെണ്ണി,
മരണത്തെ പുല്‍കിയവള്‍
തൊഴുകയ്യുമായി…

അന്നമാര്‍ ഇനിയും മരിക്കുന്നില്ല, ഉയരുന്നു
മാറ്റത്തിന്‍ കാഹളങ്ങള്‍ക്കായി
കാതോര്‍ത്ത്, ചോദ്യശരങ്ങളുമായി…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px