LIMA WORLD LIBRARY

ഡോണ്‍ ക്വിക്‌സോട്ട്: പ്രണയവും യുദ്ധവും-രാജാംബിക

സത്യം, സമത്വം, നീതി തേടി
സര്‍വ്വസൈന്യാധിപനായി സ്വയം ഭാവിച്ചു.

ദരിദ്രരുടെ മേല്‍ കരുണ ചൊരിയാന്‍
അനീതികളോടേറ്റുമുട്ടി.

കണ്ണില്‍, മനസ്സില്‍ തിന്മകളെ നിറച്ചു
ലോകര്‍ താണ്ഡവമാടിടുമ്പോള്‍

ശത്രുവായി കരുതി സകലതിനോടും ഏറ്റുമുട്ടുന്നുവോ…

വന്‍ കാറ്റാടി യന്ത്രത്തെ പോലും
ശത്രുവായി കരുതുന്നുവോ.

പടവെട്ടി, വീറുകാട്ടി പാഴ്ശ്രമം നടത്തിയും
മായക്കാഴ്ചയിലാളുമാറുന്ന വിഭ്രാന്തിയും

കരുണ തൊട്ടു തീണ്ടിടാത്ത മര്‍ത്യ ലോകമേ…
കാടിന്‍ നിയമം ഏറ്റിടുന്ന
നീയാണെന്റെയദൃശ്യ ശത്രു.

ബന്ധങ്ങള്‍ ബന്ധനമായി മൂല്യച്യുതി നേരിടുന്നുവോ.

അവബോധം നല്‍കി സംരക്ഷിക്കേണ്ടതെന്റെ കടമയായി.

അന്ധകാരക്കാടു താണ്ടി മുന്നേറിടുകയാണു ഞാന്‍
പൊന്‍കിരണം ദൃശ്യമാകും വരെയീ പടയൊരുക്കം

ഭ്രാന്തമായി പൊരുതി മോഹഭംഗങ്ങള്‍
തന്‍ ചേറില്‍ വീണു, കാല്‍ കുഴഞ്ഞു
തപ്തഭ്രമരമായീടുന്നു.

കൊടുങ്കാറ്റില്‍ ആഞ്ഞു പടരും അഗ്‌നിയായി ജ്വലിച്ചിടാന്‍
ഹൃദയം എന്നും തുടിതുടിച്ചു അഭിനിവേശനിമിഷം

പക്ഷേ, ചെറുകാറ്റില്‍ പോലും നീറ്റലായി
അണഞ്ഞു പോയിടുന്നുവോ.

പുണരുവാനൊരു പ്രണയിനിയെ ഏറെക്കൊതിച്ചു,
ചേതനയില്‍ കാമിനിയായി ഭാവനയില്‍ വന്നവള്‍…

ഇഷ്ടപ്രണയിനിക്കു മുന്നില്‍
കഷ്ടതകള്‍ സഹിച്ചു,
മറ്റൊരു അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയായി
സ്വയം നടിച്ചു കൃതാര്‍ത്ഥനായി.
പ്രേയസിക്കായി മനമിളകി
വിപ്രലംഭ ശൃംഗാരങ്ങള്‍

സന്തതസഹചാരിയൊരു പാവം സാഞ്ചോ പാന്‍സയും
വീരസവാരിയ്ക്കായൊരു ചാവാലിക്കുതിരയും…!

പരിഹാസപാത്രമായിയേറെ വലഞ്ഞുവെങ്കിലും
ലക്ഷ്യവും ആദര്‍ശവും നിലനിര്‍ത്താന്‍
ദുര്‍ഘടപാതകള്‍ താണ്ടുന്നു

പ്രതിഫലേച്ഛയില്ലാതെ

ഏറ്റെടുക്കുകയാണ് ഞാന്‍
പടുത്തുയര്‍ത്തണം ഇവിടെയൊരു നീതിപൂര്‍വ്വലോകം

സത്യവും മിഥ്യവും ഒത്തു വലയം ചെയ്തീടവേ
പോരാട്ടമെല്ലാം പ്രഹസനമായി മാറിയോ.

ഇല്ലായ്മയില്‍ നിന്നെന്റെ പടപുറപ്പാട്
ബലിയായി മാറുമ്പോഴും
ശിരസ്സുയര്‍ത്തി നില്‍ക്കുന്നു ഞാന്‍

ഭ്രമവിദ്യുത് കാന്തവലയങ്ങളില്‍
ചൂഴുന്നു ജ്വലിക്കുന്ന
പ്രണയവും യുദ്ധവും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px