എന്താണ് ജീവിത
മെന്തിനോജാഗരി
ച്ചൊന്നുമേ നേടാത്ത
പാഴ്ശ്രമങ്ങള്‍ ?
എന്തിനായ് ഞാനറി
യാതെ ഞാന്‍ മണ്ണിന്റെ
ബന്ധുരകൂട്ടില്‍
കിളിമകളായ് ?
നേരറിവിന്റ മനയോല –
യില്‍ പത –
മേറിയ നാവുമായ്
ഹൃസ്വകാലം
ആരോ പഠിപ്പിച്ച
പല്ലവി പാടുന്ന
ശാരിക ത്തേങ്ങല്‍
മനുഷ്യ ജന്മം !
എങ്കിലുമെങ്ങും പ്രകാശം
നിറച്ചാര്‍ത്തായ്
എന്നെ പൊതിയുന്ന
മോഹങ്ങളില്‍
പൊന്നണിഞ്ഞെത്തും
പ്രഭാതത്തുടിപ്പുകള്‍
ക്കെന്തൊരു ചന്ദന
ച്ചാര്‍ സുഗന്ധം !
ഒന്ന് പുണര്‍ന്നുറ
ങ്ങട്ടെ ഞാന്‍ എന്റെയീ
മണ്ണിന്‍ മനോഹര
സ്വപ്നങ്ങളില്‍
എങ്ങും തുടിക്കുന്ന
ജീവന്റെ താളമായ്
എന്റെയും ചുംബന
സൗകുമാര്യം ?
ഇല്ല – വിടര്‍ന്നാല്‍
കൊഴിയണമെന്നതീ
മണ്ണിന്‍ മനം പോലെ
ന്യായ സൂത്രം
ഏതോ നിയമക
നീതി പീഠങ്ങളായ്
എന്റെയും പിന്നില്‍ ഞാന്‍
കണ്ടു നിന്നെ ?
കൊന്നും കൊലവിളി –
ച്ചാര്‍ത്തുമീ മണ്ണിലെ
പുണ്ണായ് വളര്‍ന്ന
തലമുറകള്‍
ഒന്നൊഴിയാതെ കൊ –
ഴിഞ്ഞു ചരിത്രത്തിന്‍
ഒന്നുമല്ലാതെ
മറഞ്ഞു പോകും !
ഹേ ! മല്‍ പ്രപഞ്ചമേ
നിന്റെ നിരാമയ
നീതിയില്‍ എന്തിനീ
താളപ്പിഴ ?
ഹന്ത! പ്രപഞ്ച നിര്‍
മ്മാണ തന്ത്രത്തിന്റെ
ധര്‍മ്മം പിഴച്ചതോ
ദുഖഃ കാണ്ഡം ?
ഒന്നുമില്ലായിരു –
ന്നെങ്കിലും വേണ്ടില്ല –
യെന്റെയീ മണ്ണിലെ
കുഞ്ഞുറുമ്പായ്
ഒന്നിനെ മറ്റൊന്ന്
ചേര്‍ത്തു പിടിക്കുന്ന
മണ്ണിലെ സ്വര്‍ഗ്ഗ –
മതെന്റെ സ്വപ്നം !











