കാലമെന്നും ചമയ്ക്കുന്ന ചിത്രത്തില്‍
കാണ്‍മൂ മാക്ബത്തുമാരനേകം
സൂര്യന്‍ തിളങ്ങുന്നു എന്നും മനോജ്ഞമായി
ഒരുനാളേയ്‌ക്കെങ്കിലും ഗ്രഹണം ബാധിച്ചു ക്ഷയിക്കുന്നു.
സുമനസ്സുകളിലേക്കന്ധകാരത്തില്‍
കരിന്തേളുകള്‍ എന്നും വിഷം പകരുന്നു
രക്തസിംഹാസനത്തിന്‍ അധികാര പറുദീസ
മാടിവിളിക്കയായി എന്നും ലഹരിയായി.
മനോവ്യാധിമന്ത്രവാദജല്പനങ്ങള്‍
ഓതിക്കൊടുക്കുന്ന പൊട്ടു വിദ്യകളില്‍
ജിജ്ഞാസയേറിത്തുടികൊട്ടും മനസ്സിലൊരു
രക്തസിംഹാസനത്തിന്‍ വര്‍ണ്ണ ചിത്രം.
ഏതു കാലത്തുമവര്‍ വരും പ്രലോഭനവുമായി
ഏറ്റവുമുളളില്‍ മയങ്ങിക്കിടക്കുന്നയത്യാഗ്രഹത്തിന്‍
രക്തക്കളകളെക്കുത്തിയുണര്‍ത്തി
രക്തസിംഹാസനങ്ങള്‍ക്കു മേല്‍ പതിക്കാന്‍.
മാക്ബത്തിന്‍
മനസ്സൊന്നിടറിയോ, ആക്ഷേപസ്വരങ്ങളാല്‍ അപമാനമേറ്റ നേരം,
തൊണ്ടിമുതല്‍ സേവകര്‍ക്കു കൈമാറി
ഹീനതയ്ക്ക് പ്രേയസി ചുക്കാന്‍ പിടിച്ചനേരം…
യവനികയ്ക്കപ്പുറം ഊട്ടുന്ന വിരുന്നിന്റെ
യവനികയില്ലാത്ത ചതിയുടെയവസാനം
ശവമഞ്ചമൊരുങ്ങുന്നു,
ചെങ്കോലും, കിരീടവും രക്തസിംഹാസനം തന്നെയും കൈമാറപ്പെടുന്നു.
നിശബ്ദമാക്കുന്നു സന്ദേഹത്തിന്‍ മുനകളെ,
നിശബ്ദ സാക്ഷികളെ, മടക്കുന്നു ചോദ്യശരങ്ങളെ…
കുറ്റബോധത്താല്‍ നീറിടുമ്പോഴും കരളിന്റെ
കുളിരിനെയഗ്‌നി വിഴുങ്ങുമ്പോഴും
നിദ്ര പോലുമന്യമായി പാപഭാരമേറെയായി
പരിഭ്രമത്തിന്‍ നീരാളി പിടുത്തം അസ്തമിച്ചിടാതെയായി.
പിന്നെയും
അധികാര പ്രമത്തത പടര്‍ന്ന കരിനിഴല്‍
അത്യാഗ്രഹത്തിന്റെ ചെഞ്ചായം നിറയ്ക്കുമ്പോഴും
സ്വേച്ഛാധിപതിയുടെ ശിരസ്സ് ഛേദിക്കുവാന്‍
പൊട്ടിപ്പുറപ്പെട്ടു കലഹങ്ങള്‍ പടര്‍ന്നു കയറുന്നു.
ചിലന്തിവലക്കോട്ടയിലെ പച്ചിലക്കാടുകളില്‍
പകലിരവുകളറിയാതെ വന്‍ സൈന്യം നീങ്ങുന്നു
പച്ചിലച്ചില്ല ചാര്‍ത്തുകള്‍ക്കിടയിലൂടെ
പകപോക്കലിന്റെ തീത്തിളക്കങ്ങള്‍ ചാരെ
സ്ത്രീ പ്രസവിച്ചവര്‍ അപായപ്പെടുത്തില്ലെന്ന
സ്ത്രീ സ്വരൂപ പ്രവചനത്തില്‍ ആശ്വാസം പൂണ്ടവന്‍
കാട് ഒരു നാളിലും കുന്നു കയറി വരില്ലെന്നന്ധമായി വിശ്വസിച്ചവന്‍
പാപഭാരങ്ങളുടെ വിഭ്രാന്തിയില്‍ നേര്‍പാതി
സ്വപ്നാടകയായി, പുരളാത്ത രക്തക്കറ കഴുകിത്തളരുന്നു.
അറേബ്യയിലെ മുഴുവന്‍ സുഗന്ധതൈലങ്ങള്‍ക്കുമാകില്ലയീ
പാപഭാരക്കറ കഴുകിക്കളയുവാന്‍
ശിരസ്സില്‍ തല്ലി, പ്രഭ്വി അലമുറയിടുന്നു.
ചെയ്ത കുറ്റങ്ങള്‍ എത്ര ഉച്ചത്തില്‍ ഏറ്റു ചൊല്ലിയാലും
വന്‍മലകളില്‍ തട്ടി പ്രതിധ്വനിച്ചാലും
പാപത്തിന്‍ ശമ്പളം മരണമത്രേ, അതു പേറണം നാം…
പാപപ്രേരണയായവള്‍ സ്വജീവന്‍ വെടിഞ്ഞു സ്വയമസ്തമിച്ചു പോയി.
പേറിനു മുന്‍പേ വയര്‍ കീറി പിറന്നവന്‍ പാപത്തിന്‍ പ്രതിഫലവുമേറ്റ്,
ചേതനയറ്റ ശിരസ്സുമായി.
അധികാരമോഹവലയങ്ങള്‍ തീര്‍ത്ത ഹിംസതന്‍
നാഗങ്ങള്‍ ഫണമുയര്‍ത്തി, സീല്‍ക്കാരത്തോടെ പുളയുന്നുവെന്നും.
രാഷ്ട്രീയ സാംസ്‌കാരിക നടവഴികളില്‍ പെരുകുന്നു
തിരുത്തലുകളേശാത്ത മാക്ബത്തുമാര്‍ …
നാടകമോ, സിനിമയോ, നിത്യജീവിത സമസ്യയോ, ഏതാകിലും
ക്രൂരതകള്‍ക്കൊടുവിലായ് കിട്ടുന്നതോ അനിവാര്യമായ വിധി…
പാപത്തിന്‍ ശമ്പളം മരണമത്രേ…!











