മകരക്കുളിര്‍ വീണ നാട്ടില്‍
ഇളം മഞ്ഞില്‍
മാമ്പൂ മണക്കുന്ന വീട്ടില്‍
മാവേലിയെന്ന മനുഷ്യ
സ്‌നേഹിക്കൊരു
മണ്‍ സ്വര്‍ഗ്ഗമുണ്ടായിരുന്നു.
മലയാളപ്പെരുമയില്‍
മനുഷ്യാഭിലാഷങ്ങള്‍
ഇതളിതളായി വിരിഞ്ഞു
അപരന്റെ വേദനയ്ക്കൊരു
നുള്ള് സാന്ത്വന-
മവിടെ നിറം ചൂടി നിന്നു !
അടിമകളില്ലാത്ത-
യവിടുത്തെ രാജാവ്
യജമാനനായിരുന്നില്ല,
പ്രജകളില്‍ ഒരുവനായ്
സ്വയമറിഞ്ഞവരുടെ
പ്രിയ സഖാവായി നിന്നു !
ജന മനസ്സാനന്ദ നടന
ത്തില്‍ ആ നാട്
പറുദീസ പോലായിരുന്നു.
മതമില്ല വെറിയില്ല
മനുഷ്യനും മനുഷ്യനും
ഒരുപോലെ തോള്‍ ചേര്‍ന്ന് നിന്നു !
ചതിയില്ല പൊളിയില്ല
ചെറുനാഴി യളവില്ല
കൊടി വച്ച കാറുകളില്ലാ.
ഒരുമിച്ചു നിന്നവര്‍
വിഭവങ്ങള്‍ കൊയ്‌തെടു –
ത്തൊരു പോലെ ജീവിച്ചു പൊന്നു..
എവിടെയും മനുഷ്യനെ
ചെറുതായി യെണ്ണുന്ന
യജമാന വര്‍ഗ്ഗപ്പുളപ്പില്‍
ഇവനാര് ? നമ്മള്‍ക്ക്
കഴിയാത്ത കാര്യങ്ങള്‍ –
ക്കിവനെ യിനി മേലില്‍ വേണ്ട.
തിരുമേനിമാരുടെ
തിരുസഭ ചേര്‍ന്നിടം
തൃപ്പൂണിത്തുറയായി മാറി.
അത്തമാണിന്ന്
തുടര്‍ന്നുള്ള പത്തുനാള്‍
അവനെ പടിയിറക്കേണം.
മാവേലിയെ ത്തൊട്ടാല്‍
മാനവര്‍ കരയാതെ
ദൈവത്തെ ഇടയില്‍ നിറുത്താം.
തൃക്കാക്കരയിലെ
അപ്പനായ് ക്ഷേത്രത്തില്‍
പുത്തന്‍ പ്രതിഷ്ഠ നടത്താം.
കൊട്ടാരക്കെട്ടിന്റെ
ചുറ്റു ഗ്രാമങ്ങളില്‍
മൊത്തം പടയണി വേണം.
നാലുപാടും നിന്നൊ
രാക്രമണം അതില്‍
നാട് പിടിച്ചെടുക്കേണം
വില്ലാളി വീരന്മാര്‍
അമ്പ് തൊടുക്കുന്ന –
തമ്പുനാട്ടില്‍ നിന്ന് വേണം.
കരിവീരന്മാരുടെ
വിന്യാസ മേഖല
കരിമുകള്‍ എന്നറിയേണം.
മുണ്ടനാം വാമനന്‍
വന്നതാല്‍ ആ നാട്
മുണ്ടനാടെന്നറിയേണം.
ദേവന്റെ കാല്‍ വച്ചിട –
ത്തിനെ ഭക്തിയാല്‍
തേവയ്ക്കല്‍ എന്നും വിളിക്കാം
പത്തുദിനം കൊണ്ട്
പദ്ധതി പൂര്ത്തിയായ്
യൂദ്ധം തുടങ്ങുവാനെത്തി
കരണമുണ്ടത്
നിന്റെ ഭരണത്തില്‍
നാണം കെടുന്നവര്‍ ഞങ്ങള്‍
സത്യവും നീതിയും
കൊണ്ടൊരു നാടിനെ
സ്വര്‍ഗ്ഗമായ് മാറ്റി നീ പക്ഷെ,
ഒട്ടും പൊറുക്കുവാ –
നാകില്ല ഞങ്ങള്‍ക്ക്
രക്തപ്പുഴയൊഴുക്കേണം
ഞെട്ടിത്തരിച്ചൂ മഹാബലി
ഇല്ലഞാന്‍
രക്തച്ചൊരിച്ചിലിന്നില്ല
നിത്യ നരകങ്ങള്‍
തീര്‍ക്കുമധികാര
രത്‌നകിരീടങ്ങള്‍ വേണ്ട.
എന്റെയീ നാട്ടിലെ
പിഞ്ചുബാല്യത്തിന്റെ
പുഞ്ചിരിപ്പൂവിതള്‍ ചോപ്പില്‍
എന്നും പ്രഭാതത്തുടി –
പ്പുകള്‍ ചാലിച്ചീ
മണ്ണിനേ ധന്യമാക്കേണം.
ആയതിനായി ഞാന്‍
കയ്യൊഴിയുന്നതീ
രാജ സുഖത്തിന്റെ മായ
ചോരപ്പുഴകളൊഴുക്കാതെ
യെന്‍ പ്രജാ
പാലനം വിട്ടൊഴിയുന്നു.
കീഴടങ്ങുന്നു ഞാന്‍
നിങ്ങള്‍ പഠിപ്പിച്ച
വാമന പാഴ് കഥ പാടാം.
പാവം ജനങ്ങളറിയാതെ
എന്റെയീ
ജീവനെടുത്തു കൊള്ളേണം.
ജീവനെടുക്കുകയില്ല
നീ ദൂരത്തോ
രേകാന്ത വാസ തടവില്‍
പാതാളമെന്ന സ്ഥലത്ത്
നരകിച്ച്
പീഡനം പേറി മരിക്കും.
നീതിമാന്മാരെ
കുരിശിച്ച മാനവ
നീതിശാസ്ത്രങ്ങളില്‍ ഒന്നായ്
വാമന വിഷ്ണു
പുരാണങ്ങളില്‍ ഒരു
വേദനയാണീ ദുരന്തം.
ആരും ചോദിച്ചില്ല
മാവേലി ചെയ്‌തൊരു
പാതകം എന്തെന്ന് പോലും
മേധാവികള്‍ ചൊന്ന
ദൈവം പിണങ്ങിയാല്‍ ?
പാവം ജനങ്ങള്‍ ഭയന്നു.
ഓരോ വസന്തത്തിലും
വന്നു പോകുവാന്‍
കാരുണ്യം നേടിയാ ശുദ്ധന്‍
ഓണം ഗതകാല
സൗഭാഗ്യ ദൂതുമായ്
നീതിമാന്‍ വന്നു പോകുന്നു
***
സൂചിക:
തൃക്കാക്കര കേന്ദ്രമാക്കി സദ്ഭരണം കാഴ്ചവച്ച ഒരു മനുഷ്യസ്‌നേഹി ആയിരുന്നിരിക്കണം മഹാബലി. അമ്പുനാട്കരിമുകള്‍ മുണ്ടനാട് തേവയ്ക്കല്‍ മുതലായ പ്രദേശങ്ങള്‍ തൃക്കാക്കരയ്ക്കു ചുറ്റുമായി സ്ഥിതി ചെയ്യുന്നു. ഇവിടങ്ങളിലെ സൈനിക വിന്യാസം കൊണ്ട് തൃക്കാക്കരയെ വളഞ്ഞ് കീഴ്പ്പെടുത്തി ഭരണംപിടിച്ചെടുക്കാനായിരുന്നു ഗൂഢാലോചന. സവര്‍ണ്ണ മേധാവികളുടെ ചതിക്കുഴിയില്‍ അകപ്പെടുമ്പോള്‍ തന്റെപ്രജകളുടെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ മഹാബലി ചെങ്കോലും കിരീടവും വച്ചൊഴിഞ്ഞിരിക്കാം . നിരുപാധികമായ ഈ കീഴടങ്ങലിനെയാവാം പാതാള ( പാതാളം എറണാകുളം വടക്കന്‍ പറവൂര്‍ റോഡ്‌സൈഡിലുള്ള ഒരു കുഗ്രാമം. ) ത്തിലേക്കു ചവിട്ടി താഴ്ത്തിയതായി കഥയുണ്ടാക്കിയത്. കഥയില്‍ചോദ്യമുണ്ടാവില്ല എന്ന് കരുതിയ മേധാവികള്‍ക്ക് തെറ്റി. വാമനാവതാരത്തിനു ശേഷം യുഗങ്ങള്‍ കഴിഞ്ഞാണ്’അമ്മ രേണുകയെ വെട്ടിക്കൊന്ന മഴുവുമായി പരശുരാമന്‍ വരുന്നത്. ആ പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയകേരളത്തിലാണ് മഹാബലി വാമനനാല്‍ ചവിട്ടി താഴ്ത്തപ്പെട്ടത് എന്ന് പണ്ഡിതര്‍ പറയുമ്പോള്‍ ആ കാലഗണനയുക്തിക്കും ഭക്തിക്കും നിരക്കുന്നതാവുന്നില്ല.
കടപ്പാടുകള്‍:
ബഹുമാന്യരായ
1: പ്രൊഫസര്‍ പി. മീരാക്കുട്ടി (ചരിത്രാന്വേഷകന്‍)
2: വി.വി.കെ. വലത്ത് (സ്ഥലനാമ ചരിത്ര ഗവേഷകന്‍)











