LIMA WORLD LIBRARY

പെണ്ണുടല്‍ – ജിഷ കെ റാം

ഞാന്‍ കണ്ടത് നിന്റെ പെണ്ണുടല്‍ മാത്രമാണ്……
നിന്റെ തിളങ്ങുന്ന മിഴികളില്‍
ഞാന്‍ പ്രണയം മാത്രം കണ്ടു
അതിനുള്ളില്‍ നിറഞ്ഞു തുളുമ്പിയ
വേദനയുടെ ആഴം കണ്ടില്ല…
ചുവന്ന ചുണ്ടുകളില്‍ ചുംബനം കൊതിച്ചപ്പോള്‍
നിന്റെ മൗനത്തിനുള്ളില്‍ അടക്കം
ചെയ്തതെന്താണെന്ന് തിരഞ്ഞില്ല….
നിന്റെ നെഞ്ചിലെ ചൂടിലലിഞ്ഞപ്പോള്‍
ഉള്ളിലെ ഹൃദയത്തിന്റെ വേപഥു-
പൂണ്ട തേങ്ങല്‍ കേട്ടില്ല….
നിന്റെ വിരലുകളില്‍
വിരല്‍ കോര്‍ത്തിരുന്നപ്പോഴും
പൊട്ടിത്തകര്‍ന്ന നിന്റെ ആത്മ ക്ഷതങ്ങളുടെ
മുറിപ്പാടുകള്‍ തടഞ്ഞില്ല….
നിന്റെ കാല്‍പ്പാദങ്ങളില്‍
തഴുകി തലോടുമ്പോഴും
അവയിലെ ചങ്ങലക്കെട്ടിന്റെ
തഴമ്പുകള്‍ ശ്രദ്ധിച്ചില്ല…
എത്ര കണ്ടിട്ടും കൊതിതീരാതെ
ഞാന്‍ നിന്റെ
ചുവന്ന പൊട്ടില്‍ തിളങ്ങുന്ന നെറ്റിയും,
മിനുസമാര്‍ന്ന കവിള്‍ത്തടങ്ങളും
നീണ്ട മൂക്കും ,ഇടതൂര്‍ന്ന മുടിയും
വടിവൊത്ത ഉടലും
വീണ്ടും വീണ്ടും നോക്കിയിരുന്നിട്ടും
നിന്റെ ഉള്ളില്‍ ഉണരുന്ന
ചിന്തകളുടെ വ്യാപ്തിയോ
നീ അടക്കം ചെയ്ത
സ്വപ്നങ്ങളുടെ ശവമഞ്ചങ്ങളോ
എന്റെ കണ്ണില്‍ തടഞ്ഞില്ല…
എനിക്ക് നീ വെറും
പെണ്ണുടല്‍ മാത്രമായിരുന്നല്ലോ….!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px