LIMA WORLD LIBRARY

മൊഴിമാറ്റം-സന്ധ്യ

|

എന്നെ എനിക്ക്
മൊഴിമാറ്റം ചെയ്യണം.
മൃണ്മയമായ ഈ
ഉടല്‍ വിഗ്രഹം
ഉടഞ്ഞു പോകും മുമ്പേ…

കൊടുങ്കാറ്റിന്‍ പിശറില്‍
വിറ കൊള്ളുന്ന
മെഴുതിരി പോലെ,
എന്നില്‍ നിന്നും
അനുനിമിഷം,
ഉരുകി വീഴുന്ന എന്നെ
മുഴുബിംബമായി
കൊത്തിവെക്കണം.

എന്നെ ഒറ്റ് കൊടുക്കുന്ന
എന്റെ വാക്കുകളെ,
എന്റെ വാസനകളെ,
ഞാനറിയാതെ ഇറ്റ് വീഴുന്ന
എന്റെ കണ്ണീരിനെ,
കണ്ണാടിയിലെന്ന പോലെ
പ്രതിഫലിപ്പിക്കണം.

എന്റെ ഹൃദ്‌സ്പന്ദനങ്ങളെ
എന്റെ സ്വന്തങ്ങളെ,
എന്റെ സ്വപ്നങ്ങളെ,
പരാവര്‍ത്തനം ചെയ്ത്,
എന്റെ പരമാര്‍ത്ഥങ്ങളെ
എനിക്ക് പരിചയപ്പെടണം.
എന്നെ തന്നെ എനിക്ക്
തര്‍ജ്ജമ ചെയ്യണം.

വിവര്‍ത്തനാതീതമായ
എന്റെ വിശ്വാസങ്ങളെ,
എന്റെ നിശ്വാസങ്ങളെ,
എനിക്കോ നിനക്കോ
മനസ്സിലാക്കുവാന്‍
ഇനിയുമായിട്ടില്ലാത്ത
എന്നെ, പരാവര്‍ത്തനം
ചെയ്യണമെനിക്ക്.

ഇന്ന്,എന്നെ ഞാന്‍
അടയാളപ്പെടുത്താന്‍ തുനിയുമ്പോള്‍
ഇന്നലെയുടെ ഭാഷ
അപൂര്‍ണ്ണമാകുന്നു.
ആത്മാവില്‍ തീ പിടിപ്പിച്ച
സത്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങുമ്പോള്‍,
തുരുമ്പിച്ച് അബലമായ
പഴയ ലിപികള്‍
പൊള്ളിയടര്‍ന്നു പോകുന്നു.

ആടയാഭരണങ്ങളണിയാത്ത,
അലങ്കാരങ്ങളില്ലാത്ത,
നഗ്‌നമായ, നവമായ ഭാഷ.
ഉയിരിന്റെ ഉരുക്ക് മൂശയില്‍
വാര്‍ത്തെടുത്ത, ലിപികള്‍
എനിക്ക് വശമാക്കണം.
ചങ്കില്‍ ആഴ്ന്നിറങ്ങിയ
നേരിന്റെ കഠാരമുനയില്‍
നിന്നിറ്റിയ ചോരയിലെഴുതണം.

എന്നെ മുഴുവനായും
മൊഴിമാറ്റുവാന്‍ എനിക്കാവുമോ?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px