നനഞ്ഞ വേഴാമ്പല്‍ ഏതോ നിര്‍വൃതിയില്‍
മലയിടുക്കുകളില്‍ ചേക്കേറി
മലമുഴക്കികളുടെ മുഴക്കല്‍
അടുത്ത മഴയുടെ മണത്തിന് കൊതിച്ചു
മണ്ണിന്റെ നനവുതേടിയൊരു മരം
വേരുകള്‍നീട്ടി
ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയി
മഞ്ഞുകോരിയെടുത്ത കൈക്കുമ്പിളില്‍
മുഖംതാഴ്ത്തി അവള്‍ ശൂന്യതയുടെ
പൂര്‍ണ്ണതയില്‍ അലിഞ്ഞുചേര്‍ന്നു
പേനയുടെ മൂര്‍ച്ചയുള്ള മുനകള്‍
ചുവന്നമഷിയില്‍ മുങ്ങിനിവര്‍ന്നു
വിളറിയ കടലാസുതുണ്ടുകള്‍
മേശപ്പുറത്ത് കൊതിയോടെ കാത്തിരുന്നു
മഞ്ഞ കുടഞ്ഞുകുളിച്ച സന്ധ്യ
മൈലാഞ്ചി അരച്ചുതേച്ചു
മന്ത്രമോതിരംചാര്‍ത്തി തിളങ്ങിനിന്നു
തിരകളിലൊരു തിര
തീരത്തണയാതെ
പിണങ്ങിനിന്നു
വിതുമ്പുന്ന സൂര്യന്‍ ഇരുട്ടിന്റെ പടിക്കെട്ടിറങ്ങി
പകലിനോട് യാത്രപറഞ്ഞു
ഇനിയുംവരുമോയെന്ന് ഏതോ പക്ഷി ചിലച്ചു











