മുരളീദാസും ഭാര്യ ഭൂമികയും രണ്ടുമാസം പ്രായമുള്ള തങ്ങളുടെ കൈകുഞ്ഞുമായി കേരളത്തിലെ ആ കുഗ്രാമത്തില്‍ വന്നിറങ്ങിയത് ഒത്തിരി മോഹങ്ങളും പ്രതീക്ഷകളുമായിട്ടായിരുന്നു, കരിങ്കല്‍ പണിക്കാരനായ അവന്റെ നാട്ടില്‍ നിന്ന് തന്നെ നിരവധിപേര്‍ വേറെയും അവിടെ ഉണ്ടെങ്കിലും ഇവര്‍ ദമ്പതികള്‍ ആയതിനാല്‍ തൊഴിലുടമ തന്റെ ഉടമസ്ഥതയിലുള്ള ഒരുതോട്ടത്തിനുള്ളിലെ കൊച്ചു വീട് അവര്‍ക്ക് താല്‍ക്കാലിക താമസത്തിനായി തുറന്നു കൊടുത്തു.
മലകളാലും വനാതിര്‍ത്തികളാലും ചുറ്റപ്പെട്ട അഗ്രാമത്തില്‍ അവിടെയും ഇവിടെയുമായി ഓരോ ചെറിയ വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അധികം താമസിയാതെ ആ ദമ്പതികള്‍ ആ നാട്ടുകാര്‍ക്കും വളരെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. ജാര്‍ഖണ്ഡ് സ്വദേശികളായ മുരളിദാസിന്റെയും ഭൂമികയുടെയും നാട്ടിലെ വളരെ മോശമായ ജീവിത സാഹചര്യങ്ങള്‍ക്കൂടി അറിഞ്ഞ ആ അയല്‍ക്കാര്‍ അവര്‍ക്ക് ആകുന്നപോലെ അല്ലറ ചില്ലറ സഹായങ്ങളും ചെയ്തു പോന്നിരുന്നു. എത്ര നല്ല മനുഷ്യരാണ് ഇവിടെയുള്ളവര്‍,മറ്റുള്ളവരുടെ വേദനകളെ സ്വന്തം വേദനകളായി ചേര്‍ത്തുപിടിക്കുന്ന ഇവിടെയെത്താന്‍ കഴിഞ്ഞത് തന്നെ വലിയ പുണ്യം, ഭൂമിക മനസ്സിലോര്‍ത്തു.
അങ്ങനെ സന്തോഷത്തോടെ ജോലി ചെയ്തു പൊന്നപ്പോഴാണ് ആ വലിയ ദുരന്തം ആ കുടുംബത്തിന് മേല്‍ കാട്ടു തീപോലെ പടര്‍ന്നു കയറിയത്.
പതിവ് പോലെ മുരളീദാസ് അന്നും തന്റെ പുന്നാരമകള്‍ക്ക് മുത്തം നല്‍കി,ഭാര്യയുടെ കയ്യില്‍ നിന്നും ഉച്ചഭക്ഷണമടങ്ങിയ സഞ്ചിയും വാങ്ങി ചുണ്ടില്‍ ഒരു ബീഡിക്ക് തീയും കൊളുത്തി സന്തോഷത്തോടെ ജോലിസ്ഥലത്തേക്ക് നടന്നു പോയി.
അച്ഛനോടുള്ള സ്‌നേഹം കാണിക്കുന്നതിനായി ആ പിഞ്ചുകുഞ്ഞ് ആ തുണിത്തൊട്ടിലില്‍ കിടന്ന് അപ്പോഴും കൈകാലിട്ടടിച്ചു സന്തോഷത്തോടെ എന്തോ ശബ്ദങ്ങള്‍ ഉണ്ടാക്കികൊണ്ടിരുന്നു. അപ്പോള്‍ അവളുടെ അമ്മ ഭൂമിക അവിടേക്ക് വന്ന് അവളോട് പറഞ്ഞു, വേഗം ഉറങ്ങിക്കോ അച്ചന്‍ ഇനി വൈകുന്നേരം വരും അപ്പൊ നിന്നെ കൊഞ്ചിക്കും. ഇപ്പൊ എനിക്ക് കുറെ ജോലികളുണ്ട്. അവള്‍ അവളുടെ ഭാഷയിലുള്ള ഏതോ താരാട്ട് പാട്ടുകള്‍ പാടി ആ കുഞ്ഞിനെ ഉറക്കുകയും ചെയ്തു. അല്പസമയം കഴിഞ്ഞപ്പോള്‍ അവള്‍ വീടിന്റെ വാതില്‍ മെല്ലെ ചാരിയിട്ട് തുണികള്‍ കഴുകിയത് വിരിച്ചിടുന്നതിനായി പുറകിലെ പറമ്പിലേക്ക് നീങ്ങി,പെട്ടന്ന് എവിടെ നിന്നോ ചാടിവീണ ഒരു പുള്ളിപ്പുലി ഭൂമികയുടെ കഴുത്തില്‍ ചാടിക്കടിച്ചു മുറുക്കിക്കൊണ്ട് അടുത്തു തന്നെയുള്ള വനത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി, ആ സമയം തൊട്ടിലില്‍ കിടന്ന ആ കുഞ്ഞ് ഏതോ ദുസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് കരയുന്നുണ്ടായിരുന്നെങ്കിലും അവളെ എന്നും ഉറക്കിയിരുന്ന ആ താരാട്ട് പാട്ടുകള്‍ എന്നേക്കുമായി നിലച്ചു പോയത് അവള്‍ അറിഞ്ഞില്ല. ദിവസങ്ങളോളം നടത്തിയ തിരച്ചിലിനോടുവില്‍ ഭൂമികയുടെ ശരീരാവശിഷ്ടങ്ങള്‍ വനത്തില്‍ നിന്നും ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
നിലച്ചു പോയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും കനപ്പെട്ട ശവഞ്ചവും പേറി തന്റെ എല്ലാമായിരുന്ന ജീവിതപങ്കാളി ഭൂമികയുടെ നീറുന്ന ഓര്‍മ്മകളുമായി ആ കുഞ്ഞിനെയും നെഞ്ചോടടുക്കി മുരളീദാസ് വീണ്ടും തന്റെ നാട്ടിലേക്ക് വണ്ടികയറി.മനുഷ്യന് മാത്രം വിലയില്ലാത്ത രാജ്യത്ത് മൃഗങ്ങള്‍ക്ക് വേണ്ടി ഭരണാധികാരികള്‍ അപ്പോഴും പുതിയ ഉത്തരവുകള്‍ തയ്യാറാക്കിക്കൊണ്ടിരുന്നു.













