അസുര വൈറസുകളുടെ കൊറോണ കാലം .
ഗല്‍ഫില്‍ നിന്ന് വന്ന ചെറുപ്പക്കാരന്റെ ബാഗ് നോക്കി എയര്‍പോര്‍ട്ട് ഓഫീസര്‍ രവി ചോദിച്ചു ‘ഇതിലെന്താ?’
‘സ്വപ്നങ്ങളായിരുന്നു സാര്‍, സ്വപ്നങ്ങള്‍ ‘
ഓഫീസര്‍ ബാഗ് തുറന്നു നോക്കി , രസികനായ അയാള്‍ പ്രതികരിച്ചു.
‘എന്നിട്ട് ഇത് ശൂന്യമാണല്ലോ ‘
‘ ബാഗ് നിറയെ സ്വപ്നങ്ങളായിട്ടാണ് സാര്‍ ഗല്‍ഫില്‍ പോയത്, അറബിയുടെ ചെരിപ്പ് കടയില്‍ സെയില്‍സ്മാനായിട്ട് ജോലി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കൊറോണ കാരണം കട പൂട്ടി. ഇത്രയും ദിവസം പട്ടിണി കിടന്നു നരകിച്ചു. സര്‍ക്കാര്‍ കനിഞ്ഞപ്പോള്‍ നാട്ടിലെത്തി ‘
ഓഫീസര്‍ക്ക് പാവം തോന്നി
‘ഇത് വെച്ചോളൂ ‘ ഓഫീസര്‍ ഏതാനും അഞ്ഞൂറിന്റെ നോട്ടുകള്‍ വെച്ച് നീട്ടി.
‘ ഔദാര്യം വേണ്ട സാര്‍, സ്വപ്നത്തിന്റെ ഭാരമൊഴിഞ്ഞല്ലോ ഇനി കൂലിപ്പണിയെങ്കിലും എടുത്ത് ജീവിച്ചോളാം’
ചെറുപ്പക്കാരന്‍ ബാഗുമെടുത്ത് വിമാനതാവളത്തിന്റെ പുറത്തേക്ക് വേഗത്തില്‍ നടന്നു.
ദിവസങ്ങള്‍ ചിറകടിച്ചു , കൊറോണ പത്തി താഴ്ത്തി. ഉദ്യാനങ്ങളില്‍ ആളുകളേറെയായി.
എയര്‍പോര്‍ട്ട് ഓഫീസര്‍ ഒരു വൈകുന്നേരം ടൗണിലെ മുന്തിയ ഹോട്ടലില്‍ നിന്നും ചായ കുടിച്ച് ഇറങ്ങുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ മുന്നിലേക്ക് ചാടി വീണു.
‘ കാരുണ്യ ലോട്ടറി, 80 ലക്ഷം , നാളെ നറുക്കെടുപ്പ്, ഒരു ടിക്കറ്റ് എടുക്കട്ടെ സാര്‍ ‘
രവി അയാളെ നീരസത്തോടെ നോക്കി. ഇപ്പോ ലോട്ടറിക്കാര് വലിയ ശല്യമായിട്ടുണ്ട്. പക്ഷേ ഈ ചെറുപ്പക്കാരനെ എന്തോ പരിചയമുണ്ടല്ലോ. രവി ഓര്‍ത്തു.
രവി അയാളോട് പറഞ്ഞു ‘ നിങ്ങളല്ലേ കൊറോണ കാലത്ത് സ്വപ്നങ്ങള്‍ ഒഴിഞ്ഞ ബാഗുമായി ഗല്‍ഫീന്ന് തിരിച്ചു വന്ന ആള്‍ ? ‘
ചെറുപ്പക്കാരന്‍ മിഴിച്ചു നോക്കി.
‘ സാര്‍ ആരാ ? ‘
രവി പഴയ കാര്യം ഓര്‍മ്മിപ്പിച്ചു.
അങ്ങനെ അവര്‍ വീണ്ടും പരിചയം പുതുക്കി.
‘ ഗല്‍ഫീന്ന് വന്നിട്ട് ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നു ?’ രവി ചോദിച്ചു.
‘ സ്വപ്നങ്ങള്‍ വിറ്റ് ജീവിക്കുന്നു. ‘ ചെറുപ്പക്കാരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘ ഓരോ ലോട്ടറി ടിക്കറ്റും ഓരോ സ്വപ്നമാണ്. ആശയറ്റവര്‍ക്ക് പോലും അടുത്ത നറുക്കെടുപ്പ് തീയതി വരെ ജീവിക്കാന്‍ പ്രചോദനം നല്‍കുന്ന സ്വപ്നം . പണക്കാരനും പാവപ്പെട്ടവനും ഒരേ പോലെ കൈ നീട്ടി വാങ്ങുന്ന സാധനമാണ് ലോട്ടറി ‘
ചെറുപ്പക്കാരന്‍ വാചാലനായി.
രവി ചോദിച്ചു ‘ ആട്ടെ , തന്റെ കയ്യില്‍ നിന്ന് ടിക്കറ്റ് വാങ്ങിയ ആര്‍ക്കെങ്കിലും ലോട്ടറി അടിച്ചിട്ടുണ്ടോ ? ‘
‘ ഒരു യുവതി വന്ന് പതിവായി ലോട്ടറി എടുക്കുമായിരുന്നു. അവളുടെ ഭര്‍ത്താവ് ദിവസവും മദ്യപിച്ചു വന്നു അവളെയും കുഞ്ഞിനെയും കഠിനമായി ഉപദ്രവിക്കും. ലോട്ടറിയില്‍ കുറെ കാശ് കിട്ടിയാല്‍ കുഞ്ഞിനെയും കൊണ്ട് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാം എന്നതായിരുന്നു അവളുടെ സ്വപ്നം ‘
രവിക്ക് ആകാംക്ഷ തോന്നി : ‘ എന്നിട്ട് ലോട്ടറി കിട്ടിയോ അവള്‍ക്ക് ? ‘
ചെറുപ്പക്കാരന്‍ ചിരിച്ചു : ‘ ലോട്ടറി ഒന്നും കിട്ടിയില്ല. പക്ഷേ അവള്‍ വിചാരിക്കാത്ത വലിയൊരു ലോട്ടറി കിട്ടി. അവളുടെ ഭര്‍ത്താവ് ഒരു ദിവസം ഏതോ വണ്ടിയിടിച്ചു മരിച്ചു. ഭര്‍ത്താവ് പണിയെടുത്തിരുന്ന കമ്പനിയില്‍ ഭാര്യയെന്ന നിലയില്‍ അവള്‍ക്ക് ജോലി കിട്ടി. വലിയൊരു തുക ഇന്‍ഷുറന്‍സും കിട്ടി ‘
രവി മനസ്സില്‍ പറഞ്ഞു: അത് കലക്കി , തിമര്‍ത്തു .
‘ ഒരു ടിക്കറ്റെടുക്കട്ടെ സാര്‍ ? ഒരു സ്വപ്നം എടുക്കട്ടെ സാര്‍ ? ‘
ചെറുപ്പക്കാരന്‍ ടിക്കറ്റെടുത്തു നീട്ടി. രവി ഒരെണ്ണം വാങ്ങി അതിന്റെ വിലയും കൊടുത്തു.
അവനോട് യാത്രയും പറഞ്ഞു കാറില്‍ കേറുമ്പോള്‍ രവി ഓര്‍ത്തു : ‘ശ്ശേ , അവന്റെ പേര് ചോദിക്കാന്‍ മറന്നു. തല്‍ക്കാലം സ്വപ്നങ്ങളുടെ വില്‍പ്പനക്കാരന്‍ എന്ന് വിളിക്കാം . കൊള്ളാം നല്ല റൊമാന്റിക്ക് പേര്.’
രവി കാറില്‍ നിന്ന് തലയിട്ടു പുറത്തേക്ക് നോക്കി. ദൂരെ അവനെ കാണാം , ഹോട്ടലിന് മുന്നില്‍ ഒരു കെട്ട് സ്വപ്നങ്ങളുമായി നില്‍ക്കുന്നു.
***
NB: കോറോണ കാലത്ത് മിനിക്കഥാ മത്സരത്തില്‍ സമ്മാനര്‍ഹമായ കഥ – സ്വപ്നങ്ങള്‍











