LIMA WORLD LIBRARY

മുട്ടത്തോട്-സാബു ശങ്കര്‍

വെളുത്ത ബ്രോയിലര്‍ ഭാഷയില്‍ സംസാരിക്കുന്നു
ശൂന്യതയില്‍ നിന്നു വരുന്ന വാക്കുകള്‍ കൊണ്ട്
പ്രോട്ടീന്‍ പദവി അലങ്കരിക്കുന്നു
മനുഷ്യവംശത്തിന്റെ രക്തവും മാംസവും അസ്ഥിയും
തന്റെ കരുണയാലെന്ന് ഓര്‍മ്മിപ്പിക്കുന്നു.
റെറ്റിന ഇല്ലാത്ത കണ്ണുകള്‍ കൊണ്ട് കാണുന്നു
കര്‍ണ്ണപുടമില്ലാത്ത കാതുകൊണ്ട് ഭാവികാലത്തെ കാതോര്‍ക്കുന്നു
ഒരിക്കലെങ്കിലും പ്രോട്ടീന്‍ കഴിച്ചവരുടെ
കൈകളില്‍ പലനിറത്തിലുള്ള കൊടികള്‍.
പടവുകള്‍ പദവികള്‍ കയ്യടക്കാനുള്ള ഊര്‍ജ്ജം.
മഞ്ഞക്കരുവില്‍ നിന്ന് രൂപാന്തരപ്പെട്ട പുതിയ ജീവിതങ്ങള്‍
കാവലിന്റെ കാലത്തെ മുട്ടത്തോടിനോട് പറയുന്നു,
കാലത്തിന് ഉള്ളടക്കം വേണ്ടേവേണ്ട.
ഗ്രന്ഥാലയങ്ങളിലെ ഗുമസ്ത കസേരകള്‍ പറയുന്നു,
ലോകത്തിന് ഉള്ളടക്കം
വേണ്ടേവേണ്ട.
ഫിലിം സൊസൈറ്റികളുടെ ഫെഡറേഷന്‍ പുലമ്പുന്നു,
സര്‍ക്കാര്‍ ഗ്രാന്റ് ചില അന്ത്യാഭിലാഷങ്ങള്‍ക്കുള്ളതാണ്.
കൊടികള്‍ മറച്ചുവെച്ച കാപട്യങ്ങള്‍ മന്ത്രിക്കുന്നു,
കുറുക്കുവഴികള്‍ മാത്രമാണ് മുന്നില്‍.
സമയത്തിന് വേഗം വര്‍ദ്ധിച്ചതിനാല്‍ എല്ലാം എളുപ്പമാവണം.
തീരെ സമയമില്ലാത്തതിനാല്‍ പെട്ടെന്ന് ചിറക് വിരിച്ച് ദൂരെയെത്തണം.
വിറ്റാമിനുകള്‍ ചേര്‍ന്ന കാഴ്ചപ്പാട് അപ്രസക്തം.
ആരോഗ്യമല്ല ലക്ഷ്യം
ആള്‍ക്കൂട്ടത്തിന്റെ വോട്ടുകള്‍ മാത്രമാണ് ലക്ഷ്യം.
കേള്‍വിയും നേര്‍ക്കാഴ്ചയും
ചതഞ്ഞരഞ്ഞ മുട്ടത്തോടിന്റെ
ഓര്‍മ്മകള്‍ മാത്രമാണ്.
രൂപിമങ്ങളും സ്വനിമങ്ങളും മാലിന്യക്കൂമ്പാരത്തിലെ
തൂവലുകള്‍ക്കും അവശിഷ്ടങ്ങള്‍ക്കും ഇടയില്‍,
പ്രോട്ടീന്‍ സംസ്‌കാരത്തിന്റെ
ചാമ്പലുകള്‍ക്കിടയില്‍ ,
ഒളിഞ്ഞുകിടക്കുന്നു.
കഴുകന്റെ ചിറകടി കേള്‍ക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px