മഴ പെയ്തു തോരുവോളം
തോഴി ഒരുവേളയക്കാണും
വഴിയമ്പലത്തിലിളവേല്‍ക്കാം
മഴ തോരുവോളം മാത്രം.
അകലെ കിഴക്ക് മലഞ്ചെരു വിലതാ
മുനിഞ്ഞു കത്തുന്നു മഞ്ഞ വെളിച്ചമത്
വഴികാട്ടും ദിക്കിലേക്ക് നമുക്ക് നടക്കാം.
പരതുകയായിരുന്നു ഞാന്‍
പെരുവഴിയമ്പലമൊന്നെന്‍
വരവിനായ് കാത്തിരിക്കുന്നു.
പരതുകയായിരുന്നു ഞാന്‍.
പഴയ ചുവരുകള്‍ക്കുള്ളില്‍
ഹൃദയവാതില്‍ തുറന്നെന്നെ
ഞാനായ് ചേര്‍ത്തണയ്ക്കും
ശരത്കാല വിശ്രമ വസതി.
സത്രച്ചുവരുകള്‍ക്കുള്ളില്‍
ചിത്രാലംകൃത ഖജനാവില്‍
ഹൃദയാഭിലാഷങ്ങളെന്റെ
സ്വപ്നങ്ങള്‍ തന്‍ വെള്ളി
ച്ചെല്ലത്തിലടച്ച നിധികള്‍.
മോഹത്തിരമാലകള്‍ തീര
മണയും വേഗത്തിലെന്‍
തൂവല്‍ തൂലിക മഷിയില്‍
മുക്കിയെഴുതുവാനൊരു
സര്‍ഗ്ഗകുടീരമെന്‍ സത്രം.
അരുതുകളില്ലാതെ വരികള്‍
കുറിക്കുവാനതിരുകളില്ലാതെ
അളവറ്റൂ സ്‌നേഹിക്കുവാന്‍.
ആമയങ്ങള്‍ മറക്കുവാന്‍.
അവിടമെന്‍ ആത്മഗേഹം.
ത്രസിക്കുമോരോ നിമിഷവും
ഒരായുസ്സ് കടഞ്ഞെടുക്കും.
കാലം ഘനീഭവിക്കുമെന്‍
തൂലികത്തുമ്പില്‍, ജനിക്കും
കാലാതീതമാം കലാസൃഷ്ടി.
ഞാനാം പ്രേമഗാനവാഹിനി
യനുസ്യൂതമൊഴുകുമാനന്ദ
നാദധാര തുടരുമനന്തമായ്
ഞാനാമനശ്വര വേണുഗാനം.













