കര്‍ക്കടകം നാട്ടിലെങ്ങും തകര്‍ത്തു പെയ്യുന്നു. കനത്ത മഴ മൂലം ജില്ലാ കളക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അവധി ദിവസം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ചിമ്പുവും , ചിങ്കുവും .
‘ ഇന്ന് ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പോകാം ‘ചിസു പറഞ്ഞു.
നഗരാതിര്‍ത്തിയിലുള്ള ഒരു തോടിന്റെ കരയില്‍ ഇരുവരുംചൂണ്ടയുമായി ഇരുന്നു.
‘തോട്ടിലെ വെള്ളം വല്ലാതെ കറുത്തിരിക്കുന്നു.
ദുര്‍ഗന്ധവുമുണ്ട്.
ഒരു മീന്‍ പോലും കിട്ടുന്നുമില്ല ‘ ‘ അവര്‍ സങ്കടപ്പെട്ടു.
കയ്യില്‍ കരുതിയിരുന്ന
പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ചിമ്പു വെള്ളം കുടിച്ചു.
എന്നിട്ട് ഒഴിഞ്ഞ കുപ്പി തോട്ടിലേക്ക് ഒരേറും കൊടുത്തു.
പെട്ടെന്ന് വെള്ളത്തിലൊരു ചലനം കണ്ടു.
‘ ദാ , വെള്ളത്തിലേക്ക് നോക്കൂ ചിങ്കൂ –
ഒരു തവള ‘ ചിമ്പു വിളിച്ചു കൂവി.
അതിന്റെ ശരീരം പച്ചയും , നീലയും നിറത്തില്‍
മിന്നിക്കൊണ്ടിരുന്നു. കഴുത്തില്‍ ഒരു പ്ലാസ്റ്റിക് വളയം കുരുങ്ങിക്കിടക്കുന്നു.
‘ ചിമ്പൂ ഇത് നീ ഇപ്പോള്‍ എറിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലിന്റെ മൂടിയല്ലേ. ആ പാവം തവളയുടെ കഴുത്തില്‍ അത് കുരുങ്ങി . ചിങ്കുവിന് വിഷമമായി.
പെട്ടെന്ന് തവള മനുഷ്യ ഭാഷയില്‍ സംസാരിച്ചു തുടങ്ങി.
‘കുട്ടികളേ ഞാനൊരു സാധാരണ തവളയല്ല. കായലിന് അടിയിലുള്ള വാട്ടര്‍ ലാന്‍ഡിലെ രാജാവായ ജോ ആണ്. മനുഷ്യര്‍ ചെയ്തു കൂട്ടുന്നതെറ്റുകള്‍
കാരണം ഞങ്ങള്‍ക്കു വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
‘ മനുഷ്യര്‍ എന്ത് തെറ്റാണ് ചെയ്തത്?’. കുട്ടികള്‍ അമ്പരപ്പോടെ ചോദിച്ചു.
പെട്ടെന്ന് തവളയുടെ പുറത്ത് നിന്നു
ത്രിമാന പ്രതിച്ഛായയില്‍ പ്രകാശം പടര്‍ന്നു..
ചിമ്പുവും , ചിങ്കുവും ആശ്ചര്യത്തോടെ അത് നോക്കി നിന്നു.
ജലത്തിലേക്കു തുറക്കുന്ന ഒരു ജാലകം അവര്‍ കണ്ടു. അതില്‍ കണ്ട കാഴ്ചകള്‍ ഭീതിപ്പെടുത്തുന്നതുമായിരുന്നു. തോടിന്റെയും , അത് ഒഴുകി ചെന്നു ചേരുന്ന നദിയുടെയും അടിത്തട്ട് തെളിഞ്ഞു കാണാം ‘ അവ പ്ലാസ്റ്റിക് ബാഗുകളും , മിനറല്‍ വാട്ടര്‍ ബോട്ടിലുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനിടയില്‍ ജലജീവികളായ തവളകളും , മത്സ്യങ്ങളുമെല്ലാം മരിച്ചു കിടക്കുന്നു.
‘ നീയിന്നലെ വലിച്ചെറിഞ്ഞ മിഠായിപ്പെട്ടിയുടെ കവര്‍ കിടപ്പുണ്ട് ചിങ്കൂ ‘
‘ നീയിപ്പോള്‍ ‘ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പിയും
കാണാം’ കുട്ടികള്‍ വിഷമത്തോടെ പരസ്പരം
പറഞ്ഞു.
അടുത്തുള്ള ഫാക്ടറിയില്‍ നിന്ന് രാസവസ്തുക്കള്‍ നിറഞ്ഞ ജലം
ഒഴുകി വരുന്ന കാഴ്ച അവര്‍ ഭയത്തോടെ നോക്കി.. ചുറ്റുവട്ടത്തുള്ള
വീടുകളില്‍ നിന്നും മലിനജലം തോട്ടിലേക്ക്
ഒഴുക്കി വിടുന്നത് കണ്ട് അറപ്പോടെ
ചിങ്കു കണ്ണു പൊത്തി.
ജോ തവള സംസാരിച്ചു തുടങ്ങി
‘ ജലാശയങ്ങള്‍ മലിനപ്പെടുത്തുന്നത് വലിയ ആപത്ത് വരുത്തും ഒരു പ്ലാസ്റ്റിക് കുപ്പി വെള്ളത്തിലേക്ക് വലിച്ചെറിയുമ്പോള്‍ വെള്ളത്തിലും , മണ്ണിലുമത് നശിക്കാതെ കിടക്കുന്നു. മത്സ്യങ്ങളും ജല ജീവികളുംപ്ലാസ്റ്റിക് ഭക്ഷിച്ച് മരിക്കും – തോടുകളിലും ,നദികളിലും
വെള്ളം ഒഴുകാന്‍ അനുവദിക്കാതെ പ്ലാസ്റ്റിക്
കെട്ടിക്കിടക്കുമ്പോള്‍ വെള്ളപ്പൊക്കത്തിനും അത് കാരണമാകും.
ഈ തോട്ടിലെ വെള്ളത്തില്‍ കഴിഞ്ഞിരുന്ന മീനുകള്‍ക്ക്
ഇനിയും ഇവിടെ ജീവിക്കാന്‍ കഴിയുകയില്ല. ഞങ്ങള്‍ തവളകളും മരിച്ചു കൊണ്ടിരിക്കുകയാണ്.
‘ ജോ , ജലമലിനീകരണത്തിന് എതിരായി
ഞങ്ങള്‍ പോരാടും ‘ കുട്ടികള്‍ വാക്കു കൊടുത്തു.
തവളയുടെ കണ്ണുകള്‍ സന്തോഷം കൊണ്ടു വികസിച്ചു
‘ പല കുട്ടികളേയും ഞാന്‍ ജലജാലകത്തിലൂടെ
കാഴ്ചകള്‍ കാണിച്ചിട്ടുണ്ട്. നിങ്ങളെപ്പോലെ
ആരും ഉറച്ച തീരുമാനം എടുത്തിട്ടില്ല. ‘ജോ യാത്ര പറഞ്ഞു വെള്ളത്തിലേക്ക് ചാടി .
ഒരു മാസത്തിനകം ജല യോദ്ധാക്കള്‍ എന്ന
പേരില്‍ കുട്ടികളുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടു.
ചിങ്കുവിന്റെയും ചിമ്പുവിന്റെയും നേതൃത്വത്തില്‍
കുട്ടികള്‍ വീടുകള്‍ തോറും കയറിയിറങ്ങി ആളുകളെ ജലമലിനീകരണത്തിന്റെ ദൂഷ്യ വശങ്ങള്‍ പറഞ്ഞ്
മനസ്സിലാക്കി . പോസ്റ്ററുകള്‍ തയ്യാറാക്കി സ്‌കൂളില്‍ പതിപ്പിച്ചു.
കുട്ടികളുടെ ഉത്സാഹം കണ്ട് മുതിര്‍ന്നവരും
അവര്‍ക്കൊപ്പം കൂടി. കുറെ ദിവസത്തെ ശ്രമഫലമായി തോട്ടില്‍ നിന്നും പ്ലാസ്റ്റിക്
കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്തു. തോട്ടിലെ വെള്ളം തെളിഞ്ഞു വരുന്നത്
കണ്ടപ്പോള്‍ എല്ലാവരും സന്തോഷത്തോടെ കയ്യടിച്ചു.. വെള്ളത്തിന്റെ
അടിയിലുള്ള ഒരു കല്ലില്‍ ജോ തവള ഇരിക്കുന്നത്
ചിമ്പു കണ്ടു. ചിങ്കുവും ചിമ്പുവും തള്ളവിരലുയര്‍ത്തി ജോയ്ക്ക് നന്ദി പറഞ്ഞു.













