ഞാനാണ് ഗാന്ധി.
ഞാന്‍ കൂടി വാങ്ങിത്തന്ന
സ്വാതന്ത്ര്യമുപയോഗിച്ച്
നിങ്ങളാല്‍ നിറയൊഴിക്കപ്പെട്ട ഗാന്ധി.
ഞാനഴിച്ച് വെച്ച കറുത്ത കോട്ട്
എന്റെ ഘാതകന് കാവലാകുന്നത് കണ്ട്
ഹൃദയം പൊട്ടിയ ഗാന്ധി.
ഞാനെന്തിന് വേണ്ടി ഉപ്പ് കുറുക്കിയോ
അത് ആയിരമിരട്ടിയായി എന്റെ ജനങ്ങളില്‍
അടിച്ചേല്‍പ്പിച്ചത് കണ്ട്
ഹതാശനായ ഗാന്ധി.
സഹകരണമെന്ന പേരില്‍
ബാങ്ക് തുടങ്ങി എന്റെ പൗരന്‍മാരെ
പിഴിയുന്നത് കണ്ട് കണ്ണ് തുറിച്ച ഗാന്ധി.
ഹിംസ മാത്രം കൈമുതലാക്കിയ
ഭരണാധികാരികളെക്കണ്ട്
പൊട്ടിക്കരഞ്ഞ ഗാന്ധി.
ഒരുപാട് വട്ടം നിങ്ങള്‍ കൊന്ന് തീര്‍ത്തിട്ടും
ജനമനസ്സുകളില്‍
മരിക്കാതെ ജീവിക്കുന്ന
ശക്തനായ ഗാന്ധി.
ശരിക്കും അറിഞ്ഞോളൂ.
ഞാനാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി..













