തികഞ്ഞ പ്രതീക്ഷയോടെയാണ് അയാള്‍ യാത്ര പുറപ്പെട്ടത്..കാരണം അത്ര മാത്രം സഹോദരിയെ സ്‌നേഹിച്ചിട്ടുണ്ട്.,സഹായിച്ചിട്ടുണ്ട്.അതു കൊണ്ടു തന്നെ തന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ഘട്ടം വരുമ്പോള്‍ അവള്‍ സഹായിക്കാതിരിക്കില്ല.ഇന്നലെയെന്നോണം ഓര്‍മ്മയുണ്ട്.ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടു,അധികം വൈകാതെ അമ്മയും.ജീവിതമെന്ന നാല്‍ക്കവലയ്ക്ക് മുന്നില്‍ ഏതു വഴിക്ക് പോകണമെന്നറിയാതെ താനും സഹോദരിയും അന്തിച്ചു നിന്ന നാള്‍..
സഹായിക്കുന്നതിനെക്കാളേറെ ഉപദ്രവിക്കാനായിരുന്നു പലര്‍ക്കും താല്‍പര്യം.അടുത്തു കൂടി അവസരം മുതലാക്കി തങ്ങള്‍ക്കവകാശപ്പെട്ട സ്വത്തും വസ്തുവും കൈക്കലാക്കാന്‍ ശ്രമിച്ചവരെയും മറന്നിട്ടില്ല.ഒടുവില്‍ മനസ്സിലായി ജീവിതമെന്ന യാഥാര്‍ഥ്യത്തെ നേരിടാനും സഹോദരിയെ സംരക്ഷിക്കാനും ഇനി താന്‍ മാത്രമേയുള്ളൂ.അതിനു വേണ്ടിയായി പിന്നെ തന്റെ ജീവിതം.പല സ്വപ്‌നങ്ങളും പാതി വഴിക്ക് മാറ്റി വെച്ചപ്പോള്‍ എല്ലാം അവള്‍ക്ക് വേണ്ടിയാണല്ലോ എന്ന സന്തോഷമായിരുന്നു.അവളെ ഒരാളുടെ കൈ പിടിച്ചേല്‍പ്പിക്കുന്നത് വരെ അവള്‍ക്ക് വേണ്ടി മാത്രമായിരുന്നു ജീവിച്ചത്.
ഇനി തനിക്കു വേണ്ടി ജീവിക്കണമെന്ന് ആഗ്രഹിച്ചു തുടങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഡോക്ടറില്‍ നിന്ന് മനസ്സിലാക്കുന്നത്.കഴിയുന്നതും ഡോക്ടറെയും ആശുപത്രിയേയുമൊക്കെ അകറ്റി നിര്‍ത്തുന്നയാളായിരുന്നു അയാള്‍. കൂടി വന്നാല്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വിവരം പറഞ്ഞു മരുന്നു വാങ്ങും.ക്ഷീണവും തളര്‍ച്ചയും താങ്ങാന്‍ കഴിയാതെ വന്നപ്പോഴാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരം ഡോക്ടറെ കാണാന്‍ പോയത്.പല വിധ പരിശോധനകള്‍ക്കു ശേഷമാണ് ഡോക്ടര്‍ പറഞ്ഞത്,”കിഡ്‌നിയുടെ തകരാറാണ്.അടിയന്തിരമായി കിഡ്‌നി മാറ്റി വെക്കണം.” അതിനാവശ്യമായ ചിലവ് കണ്ടെത്താന്‍ കൂട്ടുകാരും നാട്ടുകാരും മുന്നിട്ടിറങ്ങി.പക്ഷേ കിഡ്‌നി നല്‍കാന്‍ തയ്യറുള്ള ആളെ കണ്ടെത്തണം.അപ്പോഴാണ് അയാള്‍ സഹോദരിയുടെ കാര്യം ഓര്‍ത്തത്.തങ്ങളുടെ രക്തം ഒരു ഗ്രൂപ്പാണല്ലോ.അവളോട് ഒന്നു സൂചിപ്പിക്കേണ്ട കാര്യമേ ഉണ്ടാവൂ..കണ്ണിലെ കൃഷ്ണമണിയെക്കാള്‍ കാര്യമായാണല്ലോ അവളെ നോക്കിയത്.
ഓരോന്നാലോചിച്ച് പാടത്തിന് നടുവിലൂടെ നടന്ന് അവളുടെ വീടെത്തിയറിഞ്ഞില്ല. പാടമാകെ മഴ വെള്ളം നിറഞ്ഞു കിടക്കുന്നു.വെള്ളത്തിലൂടെ നടന്നു വരുമ്പോള്‍ ബാല്യസ്മൃതികളുടെ ഗൃഹാതുരത്വം അയാളുടെ മനസ്സിനെ തൊട്ടുണര്‍ത്തി.
”അല്ല,ഇതാര് ഏട്ടനോ,എന്താ ഒരു മുന്നറിയിപ്പുമില്ലാതെ..” പാത്രങ്ങള്‍ കഴുകാന്‍ പുറത്തേക്ക് വരുമ്പോഴാണ് ദേവിക ഏട്ടനെ കാണുന്നത്.
”നിന്നെ കാണാന്‍ വരുന്നതിനെന്തിനാ അറിയിപ്പൊക്കെ? കുറെ നാളായില്ലേ ഇങ്ങോട്ടൊക്കെ ഒന്നു വന്നിട്ട്..വരണമെന്ന് എപ്പോഴും ഓര്‍ക്കും,പിന്നെ തിരക്കിനിടയ്ക്ക് അതങ്ങോട്ട് മറക്കും..”അയാള്‍ ചിരിച്ചു.
”അല്ല,സുകു ഇല്ലേ..”അകത്തേക്ക് നോക്കി അയാള്‍ ചോദിച്ചു.
‘ ‘ഉണ്ട്.ഊണ് കഴിക്കുന്നത് ഇവിടെ വന്നിട്ടാ. കുട്ടികള്‍ സ്‌കൂളില്‍ പോയി..ഏട്ടന്‍ അകത്തേക്ക് കേറൂ,ഊണ് കഴിച്ചിട്ടാകാം സംസാരമൊക്കെ..” ദേവിക നിറഞ്ഞ ചിരിയോടെ ഏട്ടനെ അകത്തേക്ക് ക്ഷണിച്ചു. അളിയനോടൊപ്പം ഊണ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്ക് ദേവിക ഭക്ഷണം കഴിക്കാനിരുന്നു.പുറത്ത് കാറ്റും കൊണ്ട് സംസാരിച്ചിരിക്കുമ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു.
”ഞാനിപ്പോള്‍ വരാം സുകൂ,അവളോടൊരു കാര്യം പറഞ്ഞോട്ടെ..” ഊണ് കഴിച്ചു കൊണ്ടിരുന്ന സഹോദരിയുടെ അടുത്തേക്ക് അയാള്‍ ചെന്നു.
”ദേവൂ,വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാന്‍ വന്നത്..” സഹോദരന്റെ ആമുഖം കേട്ട് അവള്‍ തലയുയര്‍ത്തി. അയാള്‍ പറഞ്ഞതൊക്കെ നിശബ്ദയായി നിന്ന് അവള്‍ കേട്ടു.അല്‍പ നേരത്തെ ഇടവേളയ്ക്ക് ശേഷം അവള്‍ പറഞ്ഞു.
”ഏട്ടന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ..ഞാന്‍ സുകുവേട്ടനോടൊന്ന് ചോദിച്ചോട്ടെ.”
അവള്‍ വീടിന് പുറത്തേക്കിറങ്ങി.അളിയനും പെങ്ങളും തമ്മില്‍ പുറത്ത് അടക്കിപ്പിടിച്ച് പറയുന്നതൊന്നും അയാള്‍ക്ക് മനസ്സിലായില്ല.കുറച്ചു കഴിഞ്ഞാണ് അളിയന്‍ അയാളുടെ അടുത്തേക്ക് വരുന്നത്.
”അളിയാ,അളിയനെ സഹായിക്കുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമൊന്നുമില്ല.പക്ഷേ..” സുകു അര്‍ദ്ധോക്തിയില്‍ നിറുത്തി.”ദേവുവിന്റെ മറ്റേ കിഡ്‌നിക്ക് വല്ലതും സംഭവിച്ചാല്‍ പ്രശ്‌നമാകില്ലേ..അവള്‍ക്കെന്തെങ്കിലും പറ്റിയാല്‍ എന്റെ കാര്യം പോകട്ടെ,ഞങ്ങളുടെ ചെറിയ രണ്ടു കുട്ടികളുടെ കാര്യമെന്താകും? അളിയനൊന്ന് ആലോചിച്ച് നോക്ക്..അളിയനാകുമ്പോള്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലല്ലോ ,ഒറ്റത്തടിയല്ലേ..”
അളിയന്റെ വാക്കുകള്‍ മുഴുവന്‍ കേള്‍ക്കാന്‍ അയാള്‍ നിന്നില്ല. പെങ്ങളുടെ മുഖത്തേക്ക് വീണ്ടും അയാള്‍ നോക്കിയതുമില്ല. വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിന് നടുവിലൂടെ തിരികെ നടക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.













