പീലിനിവര്‍ത്തിയമയിലുപോലെ പാലപ്പൂമരംപൂത്തുലഞ്ഞരാവില്‍
ചന്ദനത്തേരേറി, വിണ്‍തലവാടിയിലണഞ്ഞ
ഇന്ദുബിംബമേ ചിരിക്കയോ നീ, യലസമായ്.
ശീതളപവനസമേതം പനിനീര്‍പളുങ്കലയായി
ശ്യാമളയിളയിലുലാത്താനണയുകയോ നീ?
കൈതപ്പോളകള്‍ ചിന്നിയയരിയ സുഗന്ധം
ഭൂതലമാകെ, തെന്നല്‍വിതിര്‍ത്തയീയിരവില്‍
വാനിലൊരായിരം പൂമുല്ലകള്‍ വിടര്‍ന്നയീ –
വീഥിയിലൂടെ വിലോലഗമനം നടത്തുകയോ നീ?
മാനസസരസിന്‍ മരന്ദവനികയിലനാരതം
മധുനിലാമഴചൊരിഞ്ഞുചിരിക്കയോ നീ?
നീലനീഹാരവനിയിലെ രാവൊളിയില്‍ നീ മുല്ലപ്പൂ –
ത്താലവുമേന്തിപുളിയിലക്കരമുണ്ടുത്തുവരികയോ?
രാത്തിങ്കള്‍ക്കസവാടനിരന്തരംനെയ്തുകൂട്ടയോ നീ?
രാരീരം പാടിപ്പാടിയിളയെയുറക്കയോ നീ?
പീലിനിവര്‍ത്തിയമയിലുപോലെ പാലപ്പൂമരംപൂത്തുലഞ്ഞരാവില്‍
ചന്ദനത്തേരേറിയവിണ്‍തലവാടിയിലണഞ്ഞ
ഇന്ദുബിംബമേ ചിരിക്കയോ നീ, താരാട്ടുപാടിപ്പാടി?













