സത്യം പേറി നടക്കും ശാസ്ത്ര –
മുഖത്തില്‍ കരിതേച്ചീടാനായ്
അന്ധതമുറ്റിയവിശ്വാസത്തിന്‍
കളരിക്കളമാ ണിന്നിന്‍ഡ്യാ….
മാനവ ജീവിത മുന്നേറ്റത്തിന്‍
വെളിച്ചമേകിയ ശാസ്ത്രത്തെ
കുഴിച്ചുമൂടാനായുധമേന്തു –
ന്നനേകരന്ധക്കവചിതരായ്
ചൊവ്വാദോഷക്കാരണമാലേ
മധുരിക്കും ജീവിതസ്വപ്നങ്ങള്‍
പൊലിഞ്ഞ യുവതക്കണ്ണീരാറുക –
ളൊഴുകുന്നിന്ത്യയിലുടനീളം…..
ധനവും ഖ്യാതിയുമേറാനേറെ
പൂജകള്‍ ചെയ്യും വിശ്വാസത്താല്‍ !
അന്ധതയാലെനടത്തും മന്ത്ര –
ധ്വനിയില്‍ മുക്തി ലഭിച്ചിടുമോ….?
തങ്ങള്‍ക്കുണ്ടാം ദുരിതമതെല്ലാ-
മന്യര്‍ ചെയ്ത കുഴപ്പത്താലേ !
മാന്ത്രികകല്പനമുറതെറ്റാതവര്‍
ചെയ്തീടുന്നപരാധക്രിയകള്‍.
മൃഗബലി നരബലി ചെയ്തു കുടുംബം
മേന്മേല്‍ ജീവിതസുഖമെഴുവാനായ്
മാന്ത്രിക കാപട്യക്കാര്‍ തന്നുടെ
വലയില്‍ വീണു നശിച്ചവരെത്ര….
ആണ്ടുകള്‍തോറുമനേക മനുഷ്യര്‍
ഹോമിക്കുന്നീ കപടതയില്‍ !
ശാസ്ത്രത്തിന്റെ വെളിച്ചമതേകുക
മാത്രമതാണിനിയുള്ളൊരു മാര്‍ഗ്ഗം.
വോട്ടില്‍ കണ്ണുകള്‍ നട്ടുനടക്കും
രാഷ്ട്രീയത്തിന്‍പ്രഭൃതികളേ…..
രാജ്യസ്‌നേഹികളെങ്കില്‍ അന്ധത
യാറ്റുക വേഗം’ചട്ടത്താല്‍’.
അധികാരത്തിന്‍പാലു കുടിക്കാന്‍
വിശ്വാസക്കറവപ്പശുവേണം
രാജ്യമിരുട്ടില്‍ഗമിച്ചാലെന്തേ
വോട്ടാല്‍ കീശ
കൊഴുപ്പിച്ചുടേ….
വിശ്വാസാന്ധതനട്ടുവളര്‍ത്തി
തിന്മകളുണ്ണും നേതാക്കള്‍
ജനഹൃദയത്തിന്‍ സ്‌നേഹ പ്പുഴയതില്‍
നഞ്ചുകലക്കി സുഖി
ക്കുന്നോ…..?
നന്മകളായ് മധുരിയ്ക്കും ശാസ്ത്രം
പഠിച്ചുണര്‍വ്വേകാം
കുളിര്‍മ്മയേകും ജ്ഞാനപ്പുഴ-
യതില്‍ സ്‌നാനംചെയ്തിടാം’.
ഇരുണ്ട ലോകത്തിനിയും
നമ്മള്‍തപ്പിത്തപ്പിനടക്കാതേ
വെണ്മയെഴുന്നൊരു ശാസ്ത്രമതിന്നായ്
ഊര്‍ജ്ജമൊഴുക്കാം ഭാവിക്കായ്..













