ഞാന്‍
ഒരു കാന്‍സര്‍ രോഗി.
അര്‍ബുദ കോശങ്ങളുടെ
അഭയാര്‍ത്ഥി.
അര്‍ബുദ കോശങ്ങള്‍ –
ക്കൊപ്പമുണ്ണുകയും
ഉറങ്ങുകയും ചെയ്യുന്നു.
ഞണ്ടിന്റെ ആകൃതിയില്‍
കാമനകള്‍ക്ക്
മനസ്സു പകുത്ത
കാന്‍സറാണെന്റെ
ആത്മാവും ശരീരവും.
ഞാന്‍
കാന്‍സറിനെ
സ്‌നേഹിക്കുന്നു.
വാക്കും മനസും
പകുക്കാനാവാതെ
ആഴി മധ്യത്തില്‍
വിലപിക്കുമ്പോഴും
കീമോ തെറാപ്പി തിന്ന്
ചുവന്ന മേനി
കാള കൂടം കണക്കെ
കറുക്കുമ്പോഴും
രോമം കൊഴിഞ്ഞ ഉടല്‍
തൂവലുരിച്ച കിളി കണക്കെ
ചടക്കുമ്പോഴും
ഞാന്‍,
കാന്‍സറിനെ
സ്‌നേഹിക്കുന്നു.
കാന്‍സറിനെ
പുണര്‍ന്ന്
ആള്‍ക്കൂട്ടത്തില്‍
ഒറ്റപ്പെടുമ്പോഴും
മനസ്സില്‍ പെരുകുന്ന
ഏങ്ങലുകളെ
നെഞ്ചിന്‍ കൂടിലൊതുക്കി
വിതുമ്പുമ്പോഴും
ഞാന്‍ കാന്‍സറിനെ
സ്‌നേഹിക്കുന്നു.
ഉടലാകെ
തരിപ്പുണര്‍ത്തി
ജീവനെ
ചുറ്റി വരിയുന്ന
അര്‍ബ്ബുദനാരുകളെ
ഞാന്‍ നമിക്കുന്നു.
തീവ്രാനുഭവങ്ങള്‍ നല്‍കി ജീവിതത്തിന്റെ
നിരര്‍ത്ഥകത കാട്ടിത്തന്ന
മരണം സ്വപ്നം കാണാന്‍
പഠിപ്പിച്ച അര്‍ബുദ –
കോശങ്ങള്‍ക്ക് വന്ദനം
അര്‍ബുദത്തിന്
കാലന്റെ നിറമാണ്
മരണത്തിന്റെ ഗന്ധമാണ്
പ്രണയം മരിച്ച മുഖമാണ് .
പെറ്റു വീഴുന്ന
ചോരക്കുഞ്ഞുങ്ങള്‍ക്കും
കാന്‍സറിന്റെ നിറം
അര്‍ബുദത്തിന്റെ മണം.
നാടാകെ കാന്‍സര്‍
നിറയുമ്പോള്‍
മനസ്സു വേകാതെ
ഇണക്ക് മേല്‍ മധുരം
സ്വപ്നം കണ്ടുറങ്ങുന്ന
യുവരാജാക്കന്‍മാര്‍ക്ക് സ്തുതി.
ഔഷധ കുത്തകകള്‍ക്കും
ബയോമെഡിക്കല്‍
വമ്പന്‍മാര്‍ക്കും
മുന്നിലോഛാനിച്ച്
എച്ചില്‍ നുണയുന്ന
അധികാരി വര്‍ഗങ്ങള്‍.
കാന്‍സര്‍
കുത്തകകള്‍ക്കായി
പഞ്ചനക്ഷത്ര സൗഖ്യങ്ങള്‍.
ആതുരാലയങ്ങളെ തിന്ന് ഗജരൂപമാര്‍ന്ന
ധര്‍മാശുപത്രി
യജമാനന്‍മാര്‍ .
ദേവ രൂപം വരച്ച്
പിശാചിനെ
പൊറുപ്പിക്കുന്നവര്‍.
രാസൗഷധങ്ങളുടെ
മികവുരക്കാന്‍
അശരണരായ
കൂലികള്‍.
ദൈവത്തിന്റെ
സ്വന്തം നാട്ടില്‍
ഇതില്‍പരമെന്തു വേണം?
അക്ഷരക്കൂട്ടായ്മകളില്‍
കഥകള്‍ പറഞ്ഞും
ആകാശത്തെരുവിലെ
നക്ഷത്രങ്ങളെ പ്രണയിച്ചും
കടലിന്റെ നീല ഗര്‍ഭത്തില്‍
ഉണ്ണി പിറക്കുന്നത് കണ്ടും
എന്റെ രാപകലുകള്‍.
ഒക്കെയും വിഭ്രമാകാശത്തിലെ
സ്വപ്നക്കാഴ്ചകള്‍.
അര്‍ബുദ നാമത്തെ
ഞാന്‍ വെറുക്കുകയും
ഭയക്കുകയും ചെയ്യുന്നു.
അര്‍ബുദ ശബ്ദമെന്റെ
ഹൃദയം തപിപ്പിക്കുന്നു.
അര്‍ബുദ നാമത്തില്‍
മരണഗന്ധ-
മുറഞ്ഞു ചീയുന്നു.
വീട്ടു മൃഗമായ
നായയ്ക്കും പൂച്ചയ്ക്കും
പേരെന്ത് സുന്ദരം?
ഭ്രാന്തിന് ചിത്തരോഗം
കുഷ്ഠത്തിനോ ?
ഹാന്‍സണ്‍സ് ഡിസീസ്.
അര്‍ബുദത്തിനു മാത്രം
മരണഗന്ധം പേറുന്ന
നാമധേയം.
ഞാന്‍
എന്റെ ചിതല്‍ വീണ
മേനി കത്തിച്ച്
ചിന്തയ്ക്ക്
തീറ്റ നല്‍കുന്നു.
അഗ്‌നിയില്‍
ഉറയുന്ന ചിന്തയെ
വാനോളമുയര്‍ത്താന്‍
മേഘം താങ്ങാവുന്നു.
ഞാന്‍
സ്വയമാത്മാവായി
കാന്‍സര്‍ ദേഹിയില്‍
പ്രണയമര്‍പ്പിക്കുന്നു.













