വ്യഥകളാല്‍ നീറുന്നു ഹൃദയം
ആത്മസംഘര്‍ഷങ്ങളും ആഘാതങ്ങളും
പല ഭാവങ്ങളായി പല താളങ്ങളായി
പങ്കുവക്കുവാനൊരു തകരച്ചെണ്ട
ഉണര്‍വിന്റെ സഹജരൂപന്‍ .
ഉയിരോടലിഞ്ഞ പ്രിയ കൂട്ടുകാരന്‍…
കലുഷ ശൈശവം താളം തിമിര്‍ക്കുന്നു
കണികാണുന്നു പൊള്ളുന്ന കാഴ്ചകള്‍
തകരച്ചെണ്ട പൊട്ടുന്നു, അകംപുറം
താളം തകര്‍ത്ത അസ്വസ്ഥതകളില്‍
ഇനി വളരേണ്ട, എനിക്കിനി വളരേണ്ട !
ചുവടുപിഴച്ചൊരീ ചുറ്റുപാടിലുയരേണ്ട !
അനിഷ്ടങ്ങള്‍ നിറഞ്ഞാടിയ ബാല്യനൊമ്പരങ്ങള്‍
അഭൂതപൂര്‍വമാം ചരിത്രഗതിവിഗതികള്‍
വേറിടുന്നിതാ വിള്ളലായി മൗനം
വളര്‍ച്ചതന്‍ ചക്രം കറങ്ങാതിരിക്കട്ടെ…
മൂന്നാം വയസ്സിലെ ദൃഢനിശ്ചയം , ഓസ്‌കറിന്‍
സൗരയൂഥത്തിന്റെ ഭ്രമണം നിര്‍ത്തിച്ചൊരു നിമിഷം,
വലിച്ചെറിയുന്നു തകരച്ചെണ്ടയെ നിലവറയിരുളില്‍
ഉള്ളിലെ നിലവിളിയില്‍ സ്വയം വീണുടയുന്നു
ഓര്‍മ്മകള്‍ ഉണരുമ്പോള്‍ ഉടല്‍ വളരാതെയാവുന്നു.
അകമേ വളരുന്നു പുറമേ നിലയ്ക്കുന്നു
രാഷ്ട്രീയ സംഹിതകളില്‍ സൈന്യം വളരുന്നു
സ്വാതന്ത്ര്യം നിലയ്ക്കുന്നു ചരിത്രം വഴിമാറുന്നു
സ്വനപേടകമുള്ളൊരു തകരച്ചെണ്ടയലറുന്നു .
വാശിയാലുളള നിലവിളികള്‍
ചുറ്റും തറയ്ക്കുന്നു കര്‍ണ്ണകഠോരമായി
കരളിന്റെ പിടച്ചിലില്‍ തകരച്ചെണ്ട ഉരുകുന്നു
കാറിക്കൂവലില്‍ തകരുന്നു ശരറാന്തല്‍,
കണ്ണട, ചില്ലുജാലകങ്ങള്‍
ഘടികാര സൂചികള്‍ അടരുന്നു .
നെഞ്ചില്‍ അതൃപ്തിയുടെ മുള്‍മുനകള്‍
വീടൊരു സൈനിക ക്യാമ്പിന് സമം.
വര്‍ധിക്കുന്നു ഭീകരതയുടെ സ്വസ്തിക
വിള്ളലുണ്ടാക്കുന്നു വംശീയ ദേശീയത .
സ്വവര്‍ഗ്ഗമല്ലാത്ത രക്തസിദ്ധാന്തങ്ങളെ ചുട്ടുതള്ളുന്നു
വംശവേരുപോലുമവശേഷിപ്പിക്കാതെ.
മാനവും പ്രാണനും കവര്‍ന്നെടുക്കുന്നു
മരുക്കാറ്റിനു ശ്വാസം കിട്ടാതെ വലയുന്നു
നടുക്കുന്ന ദൃശ്യമത് കാണുവാനാകാതെ
നക്ഷത്രങ്ങള്‍ നിര്‍ന്നിമേഷം കണ്ണടക്കുന്നു.
അദൃശ്യമാം ജന്മസിദ്ധി വിശേഷത്തോടവന്‍
പൂര്‍ണ്ണതയേറിയ ചിന്തയും മനസ്സുമായി നില്‍ക്കുന്നു
കുളളനെപ്പോല്‍ ഓസ്‌കര്‍ കണ്ണുനീര്‍ ചൂടുമായി
കദനകഥയിലൊരു സാക്ഷിയെപ്പോല്‍ .
അന്യര്‍ക്കുമേല്‍ നിയന്ത്രണത്തിന്‍
അദൃശ്യച്ചരടൊന്നെറിയുന്നു ചെണ്ട,
മറവിതന്നോളങ്ങളില്‍ നിന്നോര്‍മ്മ കയ്യിട്ടു വാരുന്നു
ഭാവി ഫലങ്ങള്‍ പ്രവചിച്ചീടുന്നു കലമ്പിച്ച താളങ്ങള്‍.
ഓര്‍മ്മതന്‍ രജതരേഖകള്‍
ഉറവിടത്തിന്‍ കഥയോതുന്നു
വിജനമാം ചതുപ്പ് വയലേലയതില്‍
ഉരുളക്കിഴങ്ങ് ചുട്ടുതിന്നുന്ന സ്ത്രീയ്ക്കരികില്‍
പടയാളികളില്‍ നിന്ന് ഓടിഎത്തുന്നു
ഒളിക്കാനൊരു പോളണ്ടുകാരന്‍.
പ്രാണരക്ഷാര്‍ത്ഥം അഭയം തേടുന്നവന്‍
മടക്കുകളുള്ള വലിയ പാവാടയില്‍.
കാലം പല പുഴകളെ ഒന്നിച്ചു ചേര്‍ത്തു,
അവിടെ ഓസ്‌കറിന്‍ അമ്മയാഗ്നസ് വിരിഞ്ഞു .
മുത്തച്ഛന്‍, ഫയറിംഗ് സ്‌കോഡിനെ കണ്ടു
വിരണ്ടോടി നദിയില്‍ ചാടിമറഞ്ഞുപോയെങ്കിലും
കോടീശ്വരനായി ഇന്നും ജീവിക്കുന്നുവെന്നൊരു
കെട്ടുകഥയുടെ ചെപ്പു തുറക്കുന്നു, ഓസ്‌കറിന്‍ ഓര്‍മ്മ.
മുത്തശ്ശിതന്‍ സോദര പുത്രന്‍ ജാന്‍…
സുരതകേളി പുഷ്പസൗരഭം മുകര്‍ന്ന ലഹരിയില്‍
ആഗ്‌നസിന്‍ സിരകളില്‍ താളാത്മക നിര്‍ഝരി
അവനെക്കുറിച്ചുള്ള സംഗമം സ്വപ്നം കണ്ടു.
നിദ്രയുടെ അഗാധതയിലാണ്ടപ്പോഴും
യുദ്ധമേല്‍പ്പിച്ച പരിക്കുകളോടൊരാള്‍ മറ്റ്‌സെറാത്ത്…
അയാളും അവളില്‍ പ്രേമവര്‍ഷമായി പെയ്തിറങ്ങി
പരിണയിക്കുന്നൊരാള്‍ പ്രണയിക്കുന്നു മറ്റൊരാള്‍.
രക്തഭ്രമരങ്ങള്‍ മാറി മാറി തേന്‍നുകരവെ
പ്രണയവല്ലരിയിലെ മുകുളം വിരിയുന്നു – ഓസ്‌കര്‍.
മറ്റ്‌സെറാത്ത്, ഓസ്‌കറിന്‍ മനസ്സില്‍
ജനകീയ ജര്‍മ്മന്‍ രക്തരാഷ്ട്രീയത്തിന്‍
അസ്വസ്ഥത വാരി നിറയ്ക്കുന്നു
സ്വച്ഛജീവിത താളം തകര്‍ക്കുന്നു.
മഴയില്‍ കുതിര്‍ന്ന പ്രഭാതങ്ങളില്‍
ഊഷ്മള ഓര്‍മ്മയായി വന്നൊരച്ഛന്‍ –
ജാന്‍, ‘ആ അച്ഛന്‍ മതിയായിരുന്നു’,
അമ്മയോടുളള അപേക്ഷ നിഷ്ഫലം,
കുഞ്ഞു മനം തേങ്ങിക്കലങ്ങി
എങ്ങും ചില്ലുദീപങ്ങളുടെ നിരകള്‍…
തകരച്ചെണ്ടയില്‍ അമര്‍ഷം നിറഞ്ഞു പെയ്തു
വളരേണ്ട, എനിക്കിനിയും വളരേണ്ട
മറ്റുള്ളവര്‍ മുന്നോട്ടു നടന്നുപോകട്ടെ
എനിക്കിനി ആള്‍ക്കൂട്ടത്തോടൊപ്പം നടക്കേണ്ടതില്ല
നാസി വ്യവസ്ഥിതീ ശിഖരങ്ങള്‍ പടര്‍ന്ന് കൊള്ളട്ടെ
അതിലേക്കായെനിക്കിനി പോക വയ്യ…
ഐക്യപ്പെടുവാന്‍ അണിചേരുന്നു ആര്യദേശീയരക്തം
അതിജീവിക്കുവാന്‍
സാമ്രാജ്യ ചട്ടങ്ങളെ
ജയിച്ചേറുവാന്‍ നവസാമ്രാജ്യമായിത്തീരുവാന്‍
ജര്‍മ്മന്‍ ചിഹ്നങ്ങളെങ്ങും വിതറുന്നു മാരകവിത്തുകള്‍.
യുദ്ധഭീകരതയുടെ ചിതയെരിഞ്ഞെങ്ങും നീണ്ടവര്‍ഷങ്ങള്‍
രൗദ്രതാണ്ഡവ നാസിമുന്നണിയൊടുവില്‍ കീഴടങ്ങുന്നു
തപ്തലോകത്തിനാശ്വാസമായി കമ്രദീപ രണാങ്കണം
സ്വപ്നചക്രം കറങ്ങിത്തുടങ്ങുന്നു പിന്നെയും .
ശാന്തഭൂമിയില്‍ പറക്കുന്നു പ്രാവുകള്‍
ശപ്തസ്മൃതികളുറങ്ങുന്നു കുടീരങ്ങളില്‍
ചുവന്ന ചക്രവാളങ്ങളില്‍ മണികള്‍ മുഴങ്ങുന്നു
ചേതനയുടെ മരവിപ്പ് മാറുന്നു
സ്പന്ദിക്കുന്നു മര്‍ത്യചരിതം
ദീപ്തമാകണം ബോധദീപങ്ങള്‍ ,
തത്വശാസ്ത്രങ്ങള്‍
താലപ്പൊലിയേന്തി നൃത്തമാടണം ദിനരാത്രങ്ങളെന്നും .
വളര്‍ന്നുപോയൊരാ വിപരീത താളങ്ങളില്‍
വളരേണ്ടെന്നു നിനച്ചനാള്‍ മുതല്‍
കാത്തിരുന്നൊരു യുഗപ്രഭാവമേ വരിക
കറുത്ത ലിപികളില്‍ കൊരുത്തുപോയൊരാ
കണ്ണുകള്‍ക്കൊരു പീലിനല്‍കുക
കമനീയമാകട്ടെ ഹൃദയഭൂമികള്‍ .
താളാത്മക മരണഗീതികള്‍ തൊട്ടുതഴുകിയ
തരളബന്ധങ്ങള്‍
മറഞ്ഞ നൊമ്പരത്തില്‍
വന്യമാം നിശബ്ദത മാത്രം ബാക്കിനില്‍ക്കവേ
വരുന്നു ബന്ധുക്കള്‍ പുതുപ്രതീക്ഷയില്‍ .
ശിരസ്സിനേറ്റൊരാഘാതത്തില്‍ ശവക്കുഴിയില്‍ വീഴുന്നു ഓസ്‌കര്‍
ശവപ്പെട്ടിതന്‍ വക്കില്‍ ശിരസ്സിടിക്കുന്നു
ഭീതിയാര്‍ന്ന പുറംലോകത്തിന്‍ വളര്‍ച്ച നിലച്ചപ്പോള്‍
ഭ്രമണം തുടങ്ങുന്നു കാലചക്രവും ഓസ്‌കറിന്‍ വളര്‍ച്ചയും വീണ്ടും .
സ്വസ്ഥമാകുന്നു ഋതുക്കള്‍ , വര്‍ണ്ണമാര്‍ന്ന കൊടികള്‍ പാറവേ
ശാന്തവിഭാതം പുലരുന്നു , ഹൃദ്യമായ്
വീശുന്നു മാരുതന്‍
കര്‍ണ്ണത്തിനിമ്പം പകരുന്ന താളലയതരംഗവുമായി
കൂടെയെന്നും തകരച്ചെണ്ട, ഉയിരോടലിഞ്ഞ പ്രിയ കൂട്ടുകാരന്‍…













