LIMA WORLD LIBRARY

 ആര്‍ദ്രത-മായ ബാലകൃഷ്ണന്‍

പദങ്ങള്‍, ചിന്തകള്‍ കലങ്ങിമറിയുന്നു

മസ്തിഷ്‌കത്തില്‍ നുരയുന്നൂ

വിളറിയ ഘടികാരമണിസൂചകങ്ങള്‍.

ഉരുകിയൊലിക്കുന്നു

ഉടലോടെ വെന്തുനീറിയമരുന്നു

അടിയുറച്ച ബോധമണ്ഡലങ്ങള്‍.

ചിറകുവിരിച്ച് പൂര്‍ണ്ണ സുഷുപ്തിയില്‍

താഴ്വരയുടെ സംഗീതം തേടി

നിജമലയുന്നു ശ്വാസത്തരികളും.

അലകളടങ്ങിയൊരു നെടുനിശ്വാസം

ഉള്‍ക്കാട്ടിലെങ്ങൊ തഴുകിയെങ്കില്‍;

ശുഭപന്തുവരാളിയില്‍ സാന്ദ്രമാക്കിയ

മാനസം തുളുമ്പിയെങ്കില്‍,

ഏകരാഗം മീട്ടിയൊരു തംബുരു

നീലരാവില്‍ ശ്രുതി താഴ്ത്തി

ഹൃദയതാളത്തിനൊത്ത് പതിയെ

തിരി താഴ്ത്തി വിടര്‍ന്നുവരും

പൂനിലാവില്‍; ശാന്തസ്മിതം

മിഴിയിണ പുഷ്പിക്കും!

ഇരുളിമ നീങ്ങി വര്‍ണ്ണരാജിയില്‍

മുഖകമലം തുളുമ്പി

നീലാമ്പല്‍ പൊയ്കയില്‍

കുണുങ്ങിനില്‍ക്കും നീയൊരു

തരുണീമണി!

ശിലകണങ്ങളുരുകി

മാനസ സരസ്സിന്‍ തീരത്തെ

തുടു പ്രഭാതമായ്, വീശിയടിച്ച

ശീതക്കാറ്റില്‍ കാതുകള്‍ മൂളും

തെന്നലായ് മലയിറങ്ങിവരും

ഹിമമുടിയണിഞ്ഞൊരു

പെണ്‍ കിടാവ്!

നാടോടിശീലുമായ് വഴികളേറെ-

ത്തിരഞ്ഞു ഏകാന്തപഥികയായ്

തഥാഗതന്റെ പദങ്ങള്‍ പിന്നിട്ടു

യാത്രയും തുടങ്ങി….

ശാന്തം! ശാന്തം! ശാന്തിമയം!

പൂര്‍ണ്ണം! പൂര്‍ണ്ണം! അവിരാമമായ്

പൂര്‍ണ്ണമതേ വിശ്വമയം!

===

• ശുഭപന്തുവരാളി രാഗം* ( വേദനയില്‍ തുളുമ്പും രാഗം)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px