ആരാണ് ഞാനീ
പ്രപഞ്ച വനികയില്‍
ആരുമേയല്ലാത്ത
കേവല ധൂളി പോല്‍ !
ആദരിച്ചീടുവാനാ –
ണെങ്കില്‍ എത്രയോ
ആദര്‍ശ ശാലികള്‍
മേവുമീ ഭൂമിയില്‍ ?
ആദിയിലേതോ
വികാസ വിസ്‌ഫോടന –
മാകെ പടര്‍ത്തിയ
മേഘ നെബുലകള്‍
ആകര്‍ഷണത്തിന്റെ –
യച്ചുതണ്ടില്‍ ചുറ്റു –
ആയിരം കോടികള്‍
താരാ പഥങ്ങളായ്
ആയതില്‍ നിന്നൊരു
സൂര്യ താരാട്ടിന്റെ
ആവേശമെന്നെ –
യുണര്‍ത്തിയോ ഭൂമിയില്‍. ?
ആരും തിരിഞ്ഞു
നോക്കാതെ സമാനങ്ങ –
ളാകാശ ഗംഗയില്‍
പോലും അലയവേ
ആരുടെ മാറിലെ
ചൂടിന്റെ ചുംബന
മാശ്വാസമായിയെന്‍
വായു കുമിളയില്‍
ആടിയുറങ്ങുമ്പോ –
ളമ്മ താരാട്ടുന്നോ –
രാദി താളത്തിന്റെ
യത്ഭുത ശീലുകള്‍.
ആരും തിരിച്ചറി –
യാത്ത യുഗങ്ങളില്‍
ആരുമാവാതെ –
യലഞ്ഞ നെബുലകള്‍
ആകാശ ഗംഗയായ്
സൂര്യനായ് ഭൂമിയായ്
ആരുമല്ലാത്തൊരീ
ഞാനായി വന്നുവോ ?













