കുന്നിന്‍ചെരുവിലെ കൊട്ടാരകെട്ടുള്ളില്‍
വാഴ്വിലേക്കെത്തിനോക്കുന്നനീ പൈങ്കിളി
ശ്യാമവര്‍ണ്ണാംബരമാകെ കുളിര്‍പ്പിച്ചു
താരകം പൂത്തപോല്‍ മിന്നിത്തെളിയുന്നു
നീലക്കസവു ഞൊറിഞ്ഞുടയാടയില്‍
വര്‍ണ്ണാഭ തീര്‍ക്കുന്നു ഹൃദ്യതേ നീയെന്നും
സൗഭാഗ്യസൗവര്‍ണ്ണ സൗന്ദര്യമാണല്ലീ
ആര്‍ത്തുല്ലസിക്കുവാന്‍ പോരുക കന്യകേ
പുല്‍ത്തലപ്പിന്റെയാ,തുഞ്ചത്തിരിയ്ക്കുന്ന
വെള്ളിമണിപോല് നേത്രത്തിന്‍ ചന്തവും
ഇമ്പച്ചുവടിന്റെ ധാടിയും മോടിയും
മേനിയഴകിന്റെ സ്‌നിദ്ധഗാംഭീര്യവും
പീലിവിടര്‍ത്തിനീയാടി രസിയ്ക്കുമ്പോ
ളെ,ന്തൊരുചേലാണു കണ്ടുനില്ക്കാന്‍
അംബരമൊന്നാകെ വട്ടംകറങ്ങുംപോല്‍
നൃത്തംചവിട്ടുന്നു സുന്ദരിപൈങ്കിളി
ആനയുമില്ലാതെയമ്പാരിയില്ലാതെ
കൂട്ടൊന്നു കൂടുവാന്‍ ചങ്ങാതിയില്ലാതെ
മേളക്കൊഴുപ്പിന്റെ നാദസ്വരംതീര്‍ത്ത്
ചേലാര്‍ന്നു ചേലാര്‍ന്ന് കണ്ണിന്റെ പൊന്‍ കണി !











