ഷിരോഡ മുംബൈക്കും ഗോവയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഒരു മനോഹര ഗ്രാമം. കാടും മലനിരകളും കടലും ചേര്‍ന്ന ഈ ഗ്രാമം കരകൗശല നിര്‍മാണങ്ങള്‍ക്കും വിവിധ മുള ഉല്‍പ്പന്നങ്ങള്‍ക്കും പ്രശസ്തമാണ്. പ്രധാന ദേശിയപാത കടന്നുപോകുന്ന ഈ ഗ്രാമത്തിലാണ് രാജു എന്ന ശില്പി ജീവിക്കുന്നത്.
പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് മനോഹരമായ ശില്പങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നയാളാണ് രാജു. സഹായിയായി ഭാര്യ കോമളും ഉണ്ട് . രണ്ടും ഒന്നും വയസ്സുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങളാണ് ഇവര്‍ക്കുള്ളത്. കുട്ടികള്‍ സ്‌കൂളില്‍ പോകാറാകുന്നതിന് മുന്‍പ് വഴിയോരത്തെ കുടിലില്‍ നിന്ന് സ്വന്തം ഉറപ്പുള്ള ഒരു വീടിലേക്ക് മാറണമെന്നതാണ് അവരുടെ ആഗ്രഹം. അതിനായി രാജുവും കോമളും രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്തു.
ഓരോ ശില്പത്തിലും അവരുടെ സ്വപ്നമുണ്ടായിരുന്നു. കിട്ടുന്ന തുച്ഛമായ വരുമാനം അവര്‍ സ്വരുകൂട്ടി വെച്ചു. വഴിയിലൂടെ കടന്നുപോകുന്നവര്‍ ഇവരുടെ മനോഹരമായ ശില്പങ്ങള്‍ കണ്ട് ആകര്‍ഷിതരാകുമായിരുന്നു. പൂജാസീസണില്‍ ഇവര്‍ ശില്പങ്ങള്‍ മുംബൈയില്‍ എത്തിച്ച് വില്‍ക്കുന്ന പതിവുണ്ടായിരുന്നു. തിരക്കേറിയ മഹാനഗരത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ശില്പങ്ങള്‍ വിറ്റഴിയുമായിരുന്നു. അങ്ങനെ സ്വന്തമായ ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്താനുള്ള വഴിയായിരുന്നു ഈ തൊഴില്‍.
എന്നാല്‍ ഈ വര്‍ഷം അവര്‍ക്കുള്ള മൂലധനം തികയില്ല . ഗ്രാമത്തിലെ കര്‍ഷകര്‍ക്കും ചെറുകിട തൊഴിലാളികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നയാളാണ് കൃഷ്ണസേട്ടു. ഒടുവില്‍ രാജു സേട്ടുവിനെ സമീപിച്ചു.
”എന്തുണ്ട് നിങ്ങളുടെ കയ്യില്‍ ഈടായി തരാന്‍?” സേട്ടു ചോദിച്ചു.
പക്ഷേ, രാജുവിനും കോമളിനും സ്വന്തമായി ഒന്നുമില്ലായിരുന്നു. അതിനാല്‍ അവര്‍ തങ്ങളുടെ ചെറിയ സമ്പാദ്യവും ചേര്‍ത്ത് അതിനുള്ളില്‍ ലഭിക്കുന്നത്ര ശില്പങ്ങള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു.
അടുത്ത ദിവസം രാവിലെ അവര്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അപ്പോഴാണ് കൃഷ്ണസേട്ടു തന്റെ ഇരുചക്ര ബൈക്ക് ട്രക്കില്‍ അവിടെ എത്തിയത്. രാജുവിന്റെയും കോമളിന്റെയും കഠിനാധ്വാനവും മനോഹരമായ ശില്പങ്ങളും കണ്ട് സേട്ടു പണം നല്‍കി പറഞ്ഞു:
”ശില്പങ്ങള്‍ വിറ്റാല്‍ ഉടന്‍ തന്നെ പണം തിരികെ തരണം, എന്നെ ചതിക്കാമെന്ന് വിചാരിക്കേണ്ട.”
അടുത്ത ദിവസങ്ങളില്‍ രാജുവും കോമളും മുഴുവന്‍ മനസ്സും ചേര്‍ത്ത് ജീവന്‍ തൊടുന്ന ശില്പങ്ങള്‍ ഉണ്ടാക്കി. ഓരോ ശില്പത്തിലും അവരുടെ പ്രതീക്ഷയും സ്വപ്നങ്ങളും നിറഞ്ഞിരുന്നു.
പൂജാസീസണ്‍ അടുത്തെത്തിയപ്പോള്‍ രാജു മുംബൈയിലേക്ക് പുറപ്പെട്ടു. തന്റെ ചെറിയ ബൈക്ക് ട്രക്കില്‍ ശില്പങ്ങള്‍ സൂക്ഷിച്ച് യാത്ര തുടങ്ങി.
ഷിരോഡയില്‍ നിന്ന് മുംബൈ നഗരത്തില്‍ എത്താന്‍ ഏകദേശം മൂന്ന് മണിക്കൂര്‍ വേണം. ശില്പങ്ങള്‍ ഒടിയാതിരിക്കാനായി ഓരോന്നിനും ഇടയില്‍ വൈക്കോല്‍ തിരികി ശ്രദ്ധയോടെ ലോഡ് ചെയ്തിരുന്നു. യാത്ര തുടങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞിരുന്നത് കുട്ടികളുടെ മുഖങ്ങളുടെയും സ്വപ്നങ്ങളുടെയും ഓര്‍മ്മയായിരുന്നു.
പക്ഷേ, അപ്രതീക്ഷിതമായി അതിവേഗത്തില്‍ വന്ന ഒരു കാര്‍ രാജുവിന്റെ ട്രക്കിനോട് ഇടിച്ചു. കാര്‍ നിര്‍ത്താതെ മുന്നോട്ട് പോയി. രാജു റോഡരികില്‍ വീണു, പൊട്ടിച്ചിതറിയ ശില്പങ്ങളുടെ ഇടയില്‍ കരഞ്ഞു കൊണ്ടിരുന്നു.
”എനിക്ക് വലിയ ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല… എന്റെ കുഞ്ഞുങ്ങളുമൊത്ത് ഉറപ്പുള്ള ഒരു വീടുണ്ടാകണം… അതുമാത്രം…’
രാജുവിന് ദുഃഖം സഹിക്കാന്‍ കഴിഞ്ഞില്ല. തന്റെ സമ്പാദ്യവും കടം കൊണ്ട പണവും എല്ലാം തകര്‍ന്നുകിടന്നു. തിരികെ ഗ്രാമത്തിലേക്ക് എങ്ങനെ പോകും? പണവുമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബം… സേട്ടുവിന്റെ പണം എങ്ങനെ തിരികെ നല്‍കും?
ആകെ തളര്‍ന്ന മനസ്സോടെ രാജു ഗ്രാമത്തിലേക്ക് മടങ്ങി. സംഭവിച്ചത് കോമളിനോട് പറഞ്ഞു. കോമള്‍ തളര്‍ന്നു. ”ഇനി ഈ ഗ്രാമത്തില്‍ നില്‍ക്കുന്നത് അപകടം ആകും, സേട്ടു എന്തും ചെയ്യും,” അവള്‍ പറഞ്ഞു.
പക്ഷേ രാജു ഉറച്ച മനസ്സോടെ മറുപടി നല്‍കി:
”നമ്മളെ വിശ്വസിച്ച് സേട്ടു നമുക്ക് പണം തന്നത്… ഞാന്‍ ഓടിപ്പോകില്ല. നാളെ നേരില്‍ ചെന്നു കാണാം.”
അടുത്ത ദിവസം രാവിലെ രാജു സേട്ടുവിന്റെ വീട്ടില്‍ എത്തി. ഭയത്തോടെയായിരുന്നു രാജുവിന്റെ ചുവടുകള്‍.
”എന്താ രാജു, ശില്പങ്ങള്‍ വിറ്റോ? പണം കൊണ്ടുവന്നതാവും അല്ലേ?” സേട്ടു ചോദിച്ചു.
ഇതുകേട്ട് രാജുവിന്റെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ ഇടറി. ”എല്ലാം പോയി സാബ്… എല്ലാം പോയി…’ എന്ന് പറഞ്ഞ് കരഞ്ഞ് കുഴഞ്ഞു വീണു.
”കരഞ്ഞിട്ട് കാര്യമില്ല, എനിക്ക് എന്റെ പണം വേണം,” സേട്ടു കടുപ്പത്തോടെ പറഞ്ഞു.
സേട്ടു അകത്തേക്ക് പോയി.
”ഞാന്‍ തിരികെ വരുമ്പോഴേക്കും എങ്ങനെ പണം നല്‍കുമെന്നു തീരുമാനിക്കൂ,” എന്നു പറഞ്ഞ് അകത്തേക്ക് കയറി.
സേട്ടുവിന്റെ സഹായിയൊരാള്‍ രാജുവിനോട് പറഞ്ഞു:
”നീ എവിടെയെങ്കിലും ഒളിച്ച് രക്ഷപെടൂ. അയ്യാള്‍ എന്തും ചെയ്യും.”
പക്ഷേ രാജു പറഞ്ഞു: ”ഇല്ല, എനിക്കതിന് കഴിയില്ല.
പെട്ടന്ന് സേട്ടു പുറത്തേക്കുവന്നു. പുതിയ വസ്ത്രം ധരിച്ച അയ്യാള്‍ ഭാര്യയുമൊത്ത് എവിടെയോ പോകാന്‍ ഒരുങ്ങിയിരുന്നു.
”നീ തീരുമാനിച്ചോ? എന്റെ പണം എവിടെയാ?” സേട്ടു ചോദിച്ചു.
”കുറച്ച് സമയം തരൂ സാബ് …’ രാജു കരഞ്ഞു പറഞ്ഞു.
സേട്ടു കടുപ്പത്തോടെ പറഞ്ഞു: ”ആ കാറിന്റെ പിന്നിലെ സീറ്റില്‍ കയറി ഇരിക്കൂ.”
രാജുവിനെയും ഭാര്യയെയും കാറില്‍ ഇരുത്തി സേട്ടു യാത്ര തുടങ്ങി. ഏറെ ദൂരം സഞ്ചരിച്ചു അവര്‍ ഒരു വീടിന്റെ മുന്നില്‍ എത്തി.
സേട്ടു സ്വരം കടുപ്പത്തില്‍
എന്റെ പണം എനിക്ക് ഇപ്പോള്‍ കിട്ടണം.
എന്നിട്ട് സേട്ടു പുഞ്ചിരിച്ച് രാജുവിന്റെ തോളില്‍ കൈവെച്ച് സേട്ടു തുടര്‍ന്നു:
”ഇത് ഇന്നുമുതല്‍ നിന്റെ വീടാണ്,
നിനക്കും നിന്റെ കുഞ്ഞുങ്ങള്‍ക്കും ഈ വീട്ടില്‍ താമസിക്കാം. ഞാന്‍ പണം തന്നത് കരുണയല്ല, നിന്റെ കഠിനാധ്വാനത്തോടുള്ള ബഹുമാനമാണ്. നീ ഈ പണം സമയമെടുത്ത് തന്നാല്‍ മതി. പൂജാസീസണ്‍ ഇനിയും കഴിഞ്ഞിട്ടില്ല പോയി പുതിയ ശില്പങ്ങള്‍ ഉണ്ടാക്കൂ.”
രാജുവിന്റെ കണ്ണുകള്‍ നിറഞ്ഞു. സേട്ടുവിന്റെ കാലില്‍ തൊട്ടു നന്ദി പറഞ്ഞു.
വീണ്ടും രാജുവും കോമളും പ്രതീക്ഷകളോടെ മനോഹരമായ ശില്പങ്ങള്‍ പണിയാന്‍ തുടങ്ങി
ഓരോ ശില്പത്തിലും, അവരുടെ മനസ്സിലെ കരുണയുടെ മുഖം പ്രതിഫലിച്ചുകൊണ്ടിരുന്നു.













