എത്ര ദുരന്തങ്ങള്‍ താണ്ടണമീനമ്മള്‍,
എത്ര പ്രളയങ്ങള്‍ കാണണമീനമ്മള്‍,
എത്ര പേമാരിയില്‍ മുങ്ങണമീനമ്മള്‍.
എത്ര ഉരുള്‍പൊട്ടല്‍ കണ്ണീര്‍കയങ്ങളായ്.
ആരുടെ കുറ്റമോ ആര്‍ചെയ്ത പാപമോ,
ആരും പറഞ്ഞില്ലറിഞ്ഞതില്ല.
അനുഭവിപ്പാന്‍ മാത്രം എന്തപരാധം ഞാന്‍
അത്രമേല്‍ ചെയ്തുവോ ഭൂമുഖത്ത്?.
ആര്‍ത്തലച്ചെത്തിയ വെള്ളത്തിലാണ്ടുപോയ്
കുന്നോളം കൂട്ടിയ സ്വപ്നമത്രേം.
ഉണ്ണാതുടുക്കാതെ നേടിയതൊക്കെയും
കാണാമറയത്തതെങ്ങു പോയി.
ഉറ്റോരുടയോരേം കൂടപ്പിറപ്പിനേം,
ബാക്കി വെയ്ക്കാതെ കവര്‍ന്നതില്ലേ.
എന്തിന്നു ബാക്കീതനിച്ചാക്കി എന്നെനീ
ആലംബഹീനനാം അര്‍ദ്ധപ്രാണന്‍.
ആരിലെ തിന്മയോ ആര്‍ത്തലച്ചു,
ഉരുണ്ടുരുള്‍പൊട്ടലായ് കാര്‍ന്നെടുത്തു.
തരിശ്ശാക്കി മണ്ണിന്റെ മാര്‍പിളര്‍ന്നു,
കിടപ്പാടമൊന്നില്ലെനിക്കന്നമില്ല.
ഏതൊരാള്‍ കാട്ടുന്നൊരൗദാര്യവും,
കൂട്ടായ് തുണയായി മാറിടുന്നു.
ദുരിതക്കയത്തിലമര്‍ന്നടിഞ്ഞാല്‍,
വേറെന്തുവഴിമുന്നിലെന്റെമുന്നില്‍.
ഇന്നുഞാന്‍ നില്‍ക്കുന്നു നിന്റെമുന്നില്‍,
ഏകാന്ത പഥികനാം യാചകന്‍ പോല്‍.
സഹതാപമല്ലെനിക്കിന്നുവേണ്ടു
കൂടെയുണ്ടെന്ന കരുത്തുമാത്രം!
ഉടുതുണിയില്ലാ, മറുതുണിവേറില്ല,
ചില്ലറത്തുട്ടുപോലില്ലെന്റെകൈവശം,
എന്തിനും കൂട്ടായിരുന്ന സുഹൃത്തില്ല,
ആത്മരോഷം മരവിച്ചൊരാത്മാവുപോലെയായ്!
പുനരധിവാസമുറപ്പുനല്‍കി
കൂട്ടണി ചേരുന്നു ലോകമെങ്ങും.
‘സഹജീവിയോടുള്ള കരുതലല്ലോ,
അതീജീവനത്തിന്റെ മൂലമന്ത്രം’.
പരിസ്ഥിതി ലോലമാണിവിടമെന്ന്,
മുന്നേ അറിഞ്ഞവര്‍ നിങ്ങളല്ലേ
എന്നിട്ടുംനീനിന്റെ വിളനിലം കാക്കുവാന്‍
ഞങ്ങളെ കൂട്ടമായ് കുരുതി നല്‍കി.
ഗാഡ്ഗില്ല്‌സാറുമാ കസ്തുരിരംഗനും,
ആരാഞ്ഞതൊന്നുമേ മുഖവിലയ്ക്കായില്ല.
വിധിയെ പഴിച്ചും ശപിച്ചിട്ടു നീവൃഥാ
കണ്ണീരൊഴുക്കുന്നു, മുതലക്കണ്ണീര്‍.
ഇന്നുനാം നില്‍ക്കുന്നു തലയിലേറ്റി
ജലബോംബ് അതൊന്നിനെ തലയിലേറ്റി.
മുല്ലപ്പെരിയാര്‍ അണക്കെട്ടതൊന്നിനെ,
നിറബലൂണ്‍ വെയിലത്ത് വച്ചപോലെ!
മുന്നറിയിപ്പും പിന്നെ പിന്നറിയിപ്പും,
മുറതെറ്റാതെനല്‍കുക മാത്രല്ല,
കൂരയ്ക്ക്‌മേല്‍ചായും തണല്‍മരമാകിലും
അറുത്തുമാറ്റാതൊട്ടു മാര്‍ഗ്ഗമില്ല.
അധികാരലോകവും മൗനം വെടിയണം,
ചങ്കുറപ്പോടെ നിലപാടെടുക്കണം.
ശകുനിമാര്‍ തടയണ തീര്‍ക്കും കുതന്ത്രവും
അഹിംസയിലൂന്നിയ നേര്‍വഴി തേടണം.
*2024 ജൂലൈ മാസത്തില്‍ ഉണ്ടായ വയനാട് ഉരുള്‍പൊട്ടല്‍ പ്രമേയമായി രചിച്ചത്.














Super oh Super Reji , 👌
💙💙
Very informative and mind touching
💙💙💙💙💙💙💙