LIMA WORLD LIBRARY

ഹാംലറ്റ്-രാജാംബിക

വിശ്വജാലകങ്ങള്‍ തകര്‍ത്തു
കുതികൊള്ളും കൊടുങ്കാറ്റിന്‍
രാക്ഷസക്കൈകള്‍ വന്‍മരങ്ങളെ കടപുഴക്കി,
അംബരമാകെയിരുണ്ടുകൂടി,
ചാന്ദ്രവദനം മറച്ചൊരാ ഭീകരരാത്രി.
മേഘ ഗര്‍ജ്ജനങ്ങള്‍, മിന്നല്‍പ്പിണറുകള്‍ എങ്ങും
പ്രകമ്പനത്താല്‍ വിറകൊളളവെ…

കൂടം തകര്‍ന്ന പറവകള്‍ തന്‍ ദീനരോദനം,
ജീവനുവേണ്ടിപ്പിടയുന്ന ശബ്ദകോലാഹലങ്ങള്‍
അരുതായ്കകളുടെ അസ്തമനക്കേളികൊട്ടുയര്‍ന്ന രാത്രി…

ചന്ദനക്കട്ടിലില്‍ ചാഞ്ഞുക്കിടക്കവെ
വാത്സല്യ പിതാവിന്റെ ഹാരാര്‍പ്പിതമാം
ഛായാചിത്രത്തിലാകവെ നയനങ്ങളുഴിഞ്ഞു,
പീലികള്‍ നനഞ്ഞു, വിതുമ്പി.

ത്ധടുതിയിലതാ ദൃശ്യങ്ങളാകെ മാറി, ശാന്തത പുല്‍കി
പൗര്‍ണ്ണമിപ്രഭ തെളിഞ്ഞു കാണായി.

ധ്രുവത്തിന് പടിഞ്ഞാറ് ജ്വലിക്കുന്നൊരു താരകം
ധരണിയിലണഞ്ഞ നേരമതാ തെളിയുന്നു
പടച്ചട്ടയണിഞ്ഞ ഡന്‍മാര്‍ക്ക് രാജാവിന്റെ മായാരൂപം.

അഗ്‌നിജ്വാലകളും രക്തബിന്ദുക്കളുമകമ്പടി സേവിക്കും
കമനീയ നക്ഷത്രങ്ങളുടെ നട്ടപ്പാതിര.

കരങ്ങള്‍ വിടര്‍ത്തി മൂകനായി, നിരാശനായി.
മൊഴിയാനുണ്ടേറെ പുത്രനോടു, സന്ദര്‍ഭം, വരും,
വരാതിരിക്കില്ലെന്നു പലനാളായി കാത്തീടുന്നു…

‘സര്‍പ്പദംശനമേറ്റു പരലോകം പൂകിയതല്ല,
കര്‍ണ്ണത്തിലൊഴുക്കിയ ഘോരവിഷം, സോദരന്‍;
നുണക്കഥകള്‍ മെനഞ്ഞതും,
ശവമടക്കിന്‍ പകലൊടുങ്ങും മുന്‍പെ രാജ്ഞിയെ വരിച്ചതും…

അഭിലാഷങ്ങള്‍ പൂവണിയാതെയലയുന്നു മകനേ ഞാന്‍;
പകരം ചോദിക്കണമീ ദുഃസ്ഥിതിക്കതു നിന്‍
കടമയോര്‍ത്തീടുക.

അഗമ്യഗമനം ചെയ്‌തൊരാ കാമാര്‍ത്തയാം
നാരിതന്‍ വാസമിനി അഴിയ്ക്കകത്തു.

നിഷ്ഠൂരവധത്തിനര്‍ഹനോ, വിധിയോ;
നീചനാം സോദരന്‍ അരങ്ങുതകര്‍ത്താടിടുന്നു.’

താതന്റെ ദുര്‍മരണദൂത് ഗ്രഹിച്ച നിമിഷം പ്രപഞ്ചം നിലച്ചു
ഭൂമികയിലലിയാനായിക്കൊതിച്ച അഭിശപ്ത രാത്രി…

കൊളളിയാനൊന്നു മിന്നി, കുപിതനായ്
പ്രതികാരവാജ്ഞ്ചയാല്‍ അഗ്‌നിപകര്‍ന്നൊരാ വദനത്തില്‍
നിശ്ചയദാര്‍ഢ്യം സ്ഫുരിച്ചും കരങ്ങള്‍ വാള്‍പ്പിടിയിലേക്കും.

വാള്‍പയറ്റില്‍ അജയ്യനായി തിരിച്ചു വരുന്നതു
ഗദ്ഗദത്തോടെ വീക്ഷിക്കും മിഴികളും
മധുചഷകങ്ങളില്‍ കാളകൂടം
പകര്‍ന്നുപജാപക സംഘവും.

പ്രതിരോധത്തിന്‍ പൊന്‍കിരണങ്ങളുതിരവെ
പുതിയ കിരീടം നിലത്തുരുളുന്നു…
നീതിതന്‍ ശീതമാരുതന്‍
ആഹ്‌ളാദ നൃത്തം ചവിട്ടുന്നു.

കാലമേ മായ്ചുവോ രക്തരക്ഷസുകളെ
പക്ഷേ….. കാലത്തിന്‍ കൊലച്ചിരിയില്‍ പ്രജകള്‍ തലതാഴ്ത്തി.

അരുമയാം കുമാരനും കരിനീലിച്ചു പട്ടുമെത്തയില്‍,
കാണായ നേരം ദിഗന്തം വിറകൊണ്ടു.

പയറ്റിയനേരമോ ശത്രുക്കള്‍ വാളിന്‍ തലപ്പത്ത്
വിഷം തൂകിയിരുന്നുവോ.
പുത്രനു വച്ചത് വിഷചഷകമെന്നറിയാതെ
പാനം ചെയ്‌തോരമ്മയും ശ്വാസം നിലച്ചു ശയിക്കുന്നു..

അപ്പോഴും ഇമകള്‍ കൂമ്പി, മകനരികെ തേങ്ങലോടെയൊരു താരകം
പടച്ചട്ടയില്‍ മായാരൂപം .

വന്‍ ചതിയുടെ നിഴല്‍ നാടകങ്ങള്‍ കണ്ടതാ താരകം
പടചട്ടയൂരിയെറിഞ്ഞ് ധ്രുവത്തിന് പടിഞ്ഞാറ് മായുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px