തപനകരനടിമുടിതിളങ്ങിയെന്നും ഇളം-
താപമോടുഴിയെ തൊട്ടൊന്നുണര്‍ത്തവേ,
തനിമയെഴുമഴകിലുഷസ്സാടയോടാര്‍ദ്രയായ്
താരണിഞ്ഞാഗമിച്ചീടുമാറാകണം..
തിരിയിലൊളിപകരുമരുണന്‍ സന്ധ്യയോളവും
തീര്‍ത്ഥംതളിച്ചിരുട്ടാറ്റുന്ന വേളയില്‍,
തിരുമധുരവചനസ്വരവാസരം ഭൂമിയില്‍
തീരാത്ത സ്‌നേഹം വിതയ്ക്കുമാറാകണം..
തുടുമിഹിരനുദയശുഭതാരമായ് നിത്യവും
തൂമന്ദഹാസമോടത്താണിയാകുവാന്‍,
തുളസിമലരണിയുമവതാരചൈതന്യമായ്
തൂമയോടംബരം വാഴുമാറാകണം..
തെളിനിറയുമകതളിരിലൂര്‍ജ്ജം നിറഞ്ഞ നീ
തേജോഗുണങ്ങളാല്‍ പൂത്തുലഞ്ഞാഭയാല്‍,
തെളിമയുടെ കതിരുറവതന്‍ സ്രോതസ്സായ് ദിനം
തേരേറിവന്നുദിച്ചീടുമാറാകണം..
തൊടുകുറികളണിയുമഭയസ്ഥാനമാം രവി
തോതുനോക്കാതെന്നുമേകുന്ന പൊന്നൊളി,
തൊഴുതിവിടെ മരുവുമവനിക്കന്നമാകുവാന്‍
തോറ്റവുംപാടി തിളങ്ങുമാറാകണം…











