കടമകള്‍ ഓരോന്നും ചെയ്യാതവ-
കണ്ടില്ലെന്നു നടിക്കുന്നോര്‍,
മരണം പേറിയ ജനകര്‍ക്കേകും
മരണാനന്തര കര്‍മ്മങ്ങള്‍!
മരണാനന്തര കര്‍മ്മഫലങ്ങ-
ളതെന്താണെന്നു നിനച്ചീടില്‍
പൗരോഹിത്യ തലപ്പാവുകളെ
പുല്‍കും വേലയതൊന്നത്രേ
പുരോഹിത ജീവിത വഴിവെട്ടത്തിനു
പാലൊളിയാകുമൊരീ വിശ്വാസം
അന്ധതമുറ്റിയ വിശ്വാസപ്പാല്‍
ആവതുപോലെ കുടിച്ചു തിമിര്‍ക്കാം…..
ജന്മമതേകി വളര്‍ത്തിയ മക്കള്‍
ജീവിത യൗവ്വനമാകുമ്പോള്‍,
വൃദ്ധരതാകിയ രക്ഷിതരെ, പ്പെരു-
വഴിയിലെറിഞ്ഞവര്‍ മണ്ടുന്നു.
മാന്യതപൂകാം സ്വര്‍ഗ്ഗവുമണയാം
മരണാനന്തര കര്‍മ്മത്താല്‍
എന്നു നിനച്ചൊരു വിശ്വാസത്തിന്‍
അടിമകളായ സഹോദരരേ …..!
സ്വര്‍ഗ്ഗം, നരകമിഹത്തിലതല്ലാ –
തില്ലാ ശാസ്ത്രപഠനത്തില്‍
ചെയ്യും കര്‍മ്മഫലേണ ലഭിക്കും
ചൊല്ലാം; സ്വര്‍ഗ്ഗം, നരകങ്ങള്‍
പ്രാപ്യമേതു വരുത്തണമെന്നതു
പരന,ല്ലഹചിന്തനമൊന്നേ.
അലയറ്റവരുടെ വായിലൊരിത്തിരി
അരിമണി മുത്തുകളേകുന്നോര്‍ !
അരിനീര്‍ പോലും നല്‍കാതവരെ
അകറ്റിയ പാപക്കറയോര്‍ക്കിന്‍ …
പിറകോട്ടേറെ നടന്നീടുക നാം
പിറവിയെടുത്തൊരു നാള്‍ വരെയും
തനതായൊന്നു നടക്കാനായോ, യി തര
ജനുസ്സുകളോടി നടപ്പതുപോല്‍..?
ചൊടിയായൊന്നു നടക്കാന്‍ ഓണ –
പ്പുടവകളെത്രയുടുപ്പിച്ചു.
അന്യകര കൃപയാലെയശിച്ചാ-
ണുദരം പുഞ്ചിരി തൂകിയതും.!
മലമൂത്രാദി വിസര്‍ജ്ജനമേതു-
മെടുപ്പതു മന്യകരക്രിയയാല്‍…!
നേരക്ഷരമൊന്നുരയാനര്‍ക്ക –
നാഴിയില്‍ മുങ്ങിയതെത്ര ദിനം?
എന്തിനു,മേതിനു മഭയത്താങ്ങായ്
സംവത്സര ദിനമാത്രകളില്‍
താങ്ങും തണലുമതേറ്റു വളര്‍ന്നൊരു
തനയര്‍ താങ്ങു മറക്കരുതേ…
ജന്മം നല്‍കി വളര്‍ത്തിയ നിന്നുടെ
ജീവത് ബന്ധമറുക്കരുതേ…..
പാലിയ്ക്കുക, പാലനമായ് നന്മകള്‍
പാരില്‍ സ്‌നേഹത്തെ വളരാന്‍
പൂവും കായും കനികളുമായത്
പടരട്ടേ കടമയ്ക്കു കൊടുക്കാന്‍.













