അച്ഛന്റെ വിരല്‍ പിടിച്ചുകൊണ്ട് കോഴിക്കോട് പട്ടണത്തിന്റെ പഴയ വഴികളിലൂടെ നടന്നാണ് എന്റെ ബാല്യത്തിലെ ചില ദിവസങ്ങള്‍ കടന്നുപോയത്. കാലത്തിന്റെ പാടുകള്‍ ചുമരുകളില്‍ പതിഞ്ഞ വീടുകളും, എന്തോ ഒരു നിശ്ശബ്ദത വഹിക്കുന്ന തെരുവുകളും, അന്ന് എന്റെ കണ്ണുകളില്‍ ഒരു അപരിചിതമായ ലോകത്തെപ്പോലെ തോന്നിയിരുന്നു. അന്ന് കുട്ടികള്‍ സാങ്കേതികവിദ്യയെയും മാധ്യമങ്ങളെയും ആശ്രയിച്ചിരുന്ന കാലമല്ല. മറിച്ച് അവര്‍ അറിഞ്ഞതെല്ലാം മാതാപിതാക്കളുടെ വാക്കുകളിലും ചുറ്റുമുള്ള മനുഷ്യരുടെ ശാന്തമായ പാഠങ്ങളിലും നിന്നായിരുന്നു.
അച്ഛനെപ്പോഴും കൊണ്ടുപോകുന്ന ഒരു വീട് ഉണ്ടായിരുന്നു. പഴക്കത്തിന്റെ നിറം മങ്ങിയ ഒരു വീടായിരുന്നു അത്. മരവാതില്‍ തുറക്കുമ്പോള്‍ ഉള്ളില്‍ തങ്ങിനിന്ന ഈര്‍പ്പിന്റെ മണം ആദ്യം തന്നെ ശ്രദ്ധയില്‍പ്പെടും. ആ വീടിന്റെ അകത്തായിരുന്നു ഒരു വയോധിക സ്ത്രീ കിടക്കയില്‍ കിടന്നിരുന്നത്. കിടക്കയ്ക്കരികില്‍ ഒരു ദുര്‍ഗന്ധം പരന്നിരുന്നു.
അവര്‍ ആരാണെന്നോ, അച്ഛന്‍ എന്തുകൊണ്ട് അവരെ സന്ദര്‍ശിക്കാന്‍ പോയെന്നോ എനിക്കൊന്നും അപ്പോള്‍ മനസ്സിലായിരുന്നില്ല.
എങ്കിലും ഓരോ സന്ദര്‍ശനവും അച്ഛന്‍ എന്നെ കൂടെ കൊണ്ടുപോകുന്നത് ഒരു പതിവുപോലെ തുടരുകയായിരുന്നു.
ഞാന്‍ അങ്ങനെ ഒരു അസ്വസ്ഥതയും കൗതുകവും കലര്‍ന്ന നിലയില്‍ നിശ്ശബ്ദമായി ആ സ്ത്രീയെ നോക്കി നില്‍ക്കും.
അച്ഛന്‍ അവരെ പലപ്പോഴും സന്ദര്‍ശിച്ചിരുന്നത് എന്തിനാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. എന്നെനിക്കതു അര്‍ത്ഥമില്ലാത്ത ഒന്നായിരുന്നു.
കാലം കഴിഞ്ഞപ്പോള്‍, പഠനത്തിന്റെ വഴിയിലൂടെ പുസ്തകങ്ങളും എഴുത്തും കവിതകളും എന്റെ ജീവിതത്തിലേക്ക് അടുക്കി വരികയായിരുന്നു. മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് ആഴപ്പെട്ടപ്പോള്‍
ഒരു ദിവസം ഞാന്‍ അത്ഭുതത്തോടെ ആ സത്യം തിരിച്ചറിഞ്ഞു.
ബാല്യത്തില്‍ ഞാന്‍ കണ്ടിരുന്ന ആ വയോധിക സ്ത്രീ സാധാരണക്കാരിയല്ലായിരുന്നു. അവര്‍ തന്നെയായിരുന്നു അക്ഷര സാമ്രാജ്ഞി ശ്രീമതി ബാലാമണിയമ്മ.
മലയാള കവിതയെ തലമുറകള്‍ക്കു മുന്‍പില്‍ ഉന്നതസ്ഥാനത്ത് നിര്‍ത്തിയ ഒരാള്‍. പ്രശസ്ത എഴുത്തുകാരി കാമലാദാസിന്റെ അമ്മ.
സാഹിത്യലോകം ആദരത്തോടെ വിളിക്കുന്ന ഒരു മഹത്തായ സാന്നിധ്യം.
ഇപ്പോള്‍ വീണ്ടും ഞാന്‍ എന്റെ ബാല്യത്തെ തിരിഞ്ഞു നോക്കുമ്പോള്‍,
അന്ന് ഞാന്‍ മനസ്സിലാക്കാതെ കിടന്നിരുന്ന പല കാര്യങ്ങളും ഇന്ന് വ്യക്തമായി തെളിഞ്ഞു നില്‍ക്കുന്നു.
ഞാന്‍ ഒരിക്കല്‍ അസ്വസ്ഥതയോടെ കണ്ടിരുന്ന ആ കിടപ്പറയ്ക്കകത്തു തന്നെയാണ്
മലയാളത്തിലെ മഹത്തായ ഒരു കവിയത്രിയുടെ ശ്വാസം നിലനിന്നിരുന്നത്.
എന്നെ ‘കവിത’ എന്ന് പേരിട്ടത് ആ സ്ത്രീ തന്നെയാണെന്ന് പിന്നീടെപ്പോളോ അച്ഛന്‍ പറഞ്ഞറിഞ്ഞപ്പോള്‍ ആ ബാല്യത്തിന്റെ ഓര്‍മ്മകള്‍ക്ക് ഒരു പുതിയ അര്‍ത്ഥം ലഭിച്ചു. എന്റെ പേര് ഒരു കുടുംബാനുഗ്രഹമല്ല, ഒരു സാഹിത്യ പാരമ്പര്യത്തിന്റെ സാക്ഷ്യമാണ് എന്ന ബോധം
ഇന്നും ഒരു ശാന്തമായ അഭിമാനമായി നിലനില്‍ക്കുന്നു. എന്റെ ബാല്യത്തിന്റെ മധുരസ്മൃതികള്‍ക്കായി ഞാനെന്റെ പരേതനായ അച്ഛന്‍ ശ്രീ മാധവന്‍കുട്ടിയെ ആദരപൂര്‍വം നന്ദി പറയുന്നു.











