LIMA WORLD LIBRARY

ഒരമ്മയുടെ വിലാപം – റെജി ഇലഞ്ഞിത്തറ (Raji Elanjthara)

ജാലകവാതിലിലൂടെ; നോട്ടമെത്തുന്ന ദൂരം
പ്രപഞ്ചസീമ.
അതിനപ്പുറമെപ്പഴോ എന്നെയാരോ,
‘കണ്‍കണ്ടദൈവ’,മെന്നമ്മയെന്ന്.

ഓര്‍മ്മള്‍ തെല്ലൊന്നു മങ്ങുന്ന നേരം
മങ്ങിയ കാഴ്ചയും, കേള്‍ക്കാന്‍ കൊതിച്ചും
വരുതിയില്‍ നില്‍ക്കാശരീരം വഴുതിയും,
ജരാനര കാര്‍ന്ന ചിരിയും പ്രസാദവും.

വീടിന്നു കാവലാമെന്‍നാഥനെന്നും,
കൃഷ്ണമണിപോല്‍ കാത്തിരുന്നു,
നിഴലുപോല്‍ കൂടെന്നും നിന്നിരുന്നു,
അല്ലലറിയിയ്ക്കാതെ കരുതലായി.

അറിയാതറിഞ്ഞോ മറന്നുപോയോ,
ജീവിക്കാനൊരുമാത്ര തനിക്കുവേണ്ടി.
ഉള്ളതൊക്കെയും പങ്കിട്ടു വീതിച്ചും
ശൂന്യത പരതുന്നു എന്നുള്ളിലാത്മാവിലും.

പൊന്‍പോല്‍ കാത്തൊരാ പേരക്കിടാങ്ങളും
കാണാത്തഭാവം നടിക്കുമീമാത്രയില്‍,
ചെയ്യുന്നതൊക്കെയും കുറ്റവും കുറവുമായ്,
അടങ്ങിയൊന്നെങ്ങാന്‍ ഇരിക്കാനൊരാജ്ഞയും.

പൊയ്പ്പോയ കാലങ്ങളത്രെയെല്ലാം,
പണിപ്പെട്ടു മക്കള്‍ക്ക് മാത്രമായ്
ഇന്നതിന്‍ ബാക്കിപത്രത്തിലാസ്തിയായ്
വൃദ്ധസദനത്തിന്‍ മഞ്ചലേറി.

പരിഭവമാരോടുമില്ലെനിക്ക്
പഴയൊരിലയായ് മാറിയിന്ന്.
പച്ചില തുള്ളി കളിക്കുന്ന നീയിന്ന്,
ഞെട്ടറ്റു വീഴുമൊരുനാളതോര്‍ക്കണം.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px