LIMA WORLD LIBRARY

ജീവിതം – ദീപ ബിബീഷ് നായര്‍ (Deepa Bibish Nair)

അസുലഭമീ നിമിഷം, അനവദ്യമീ ജന്മം
അനുക്ഷണചഞ്ചലമാകുമീ വീഥിയില്‍
ആനന്ദത്തിരി തെളിയിക്കാം
അഗ്‌നിയെപ്പുല്‍കിയണയും വരെ

അര്‍ത്ഥമേറെ കൊതിച്ചിന്നു ജന്മങ്ങള്‍
അര്‍ത്ഥമില്ലാതെ പായുന്നു ചുറ്റിലും
അല്‍പ്പ നാടകക്കളരിയിലെപ്പോഴും
അന്യവേഷങ്ങള്‍ കെട്ടിയാടീടുന്നു

ആരമുള്ളൊരാ വാക്കുകള്‍ തറയ്ക്കുന്നു
അമ്പുകള്‍ പോലുള്ളിന്റെയുള്ളിലായ്
അഭിമന്യൂപോലകപ്പെട്ടറിയാതെ നാം
അന്തകന്റെ കാലചക്രവ്യൂഹത്തിലും

അറപ്പിക്കും കാഴ്ചകള്‍ മറയ്ക്കുന്നക്ഷിയെ
അരുതേയെന്നാര്‍ത്തനാദങ്ങള്‍ കേട്ടു നടുങ്ങുന്നു
അറിവിന്നമൃതപാനികള്‍ക്കപരാധമേറുമ്പോള്‍
അമ്മ തന്നശ്രുക്കള്‍ താഴെ വീണുടയുന്നു

അസ്ത്രമെയ്യും വേഗത്തിലന്യമാകുന്നു ബന്ധങ്ങള്‍
അറ്റുപോകുന്നകലെയായക്കയങ്ങളിലായി
ആദ്യം കരഞ്ഞും പിന്നെ ചിരിച്ചും
അമരനാകുവാനല്ലോ ശ്രമിക്കുന്നു

അജയ്യനാമൊരശ്വമായ് കുതിക്കുവാനൊരുങ്ങുമ്പോള്‍
അകത്തളങ്ങളിലെവിടെയോ മുഴങ്ങുന്നു
അവസാന ശ്വാസത്തിന്നാര്‍ത്ത നാദം
നിന്നവസാന ശ്വാസത്തിന്നാര്‍ത്ത നാദം….

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px