ഭൂതകാലമേ വെറുക്കുന്നു നിന്നെ ഞാന്‍ .
മറക്കുവാന്‍ ശ്രമിക്കുന്നു നാളേറെയായി…
നിന്നോര്‍മ്മകള്‍പോലുമെന്‍
മനസ്സില്‍
വളര്‍ത്തുന്നു
തീരാത്ത കോപത്തിന്‍തീക്കനല്‍..
നിന്റെ ക്രൂരമാം മുഖഭാവവും
കൂര്‍ത്തമ്പുകള്‍ പോലുള്ള നോട്ടങ്ങളും
ഭീതിപരത്തുന്നു ഭൂമുഖത്തെന്നും.
പേടിപ്പെടുത്തുന്നീ പുതുതലമുറയെ …
മക്കളിലെത്രപേര്‍ ചത്തൊടുങ്ങി…
നീ കൊന്നൊടുക്കി… മാപ്പിനര്‍ഹത
ഒട്ടുമില്ലാതെ…
യുദ്ധക്കളങ്ങളെത്ര നീ തീര്‍ത്തു
യുക്തിയുണ്ടോയെന്ന ചിന്തകൂടാതെ..
സ്‌നേഹത്തിനായ് ദാഹിച്ച കുറ്റം ചുമത്തി
തൂക്കിലേറ്റി
എത്രയുവമിഥുനങ്ങളെ…
സത്യം പറയുവാന്‍ സമ്മതിക്കാതെ
നിത്യവും നുണകള്‍ പറഞ്ഞുതന്നില്ലേ….
മക്കളായ് മണ്ണില്‍പ്പിറന്നെങ്കിലും
മാറ്റിയില്ലേ ധനികരും ലളിതരുമായ്.?
മറക്കുവാന്‍ കഴിയില്ലൊരിക്കലും ….
മക്കളെ രണ്ടായ് വിഭജിച്ചതോര്‍ത്താല്‍…!
ഭൂതകാലത്തിന്‍ പ്രേതങ്ങളെന്നും
വേട്ടയാടുന്നീ പുതുതലമുറയെ..
വേദാന്തമോതി
പഠിപ്പിക്കുവാന്‍
വേവലാതിപ്പെടുന്ന മതങ്ങളെത്ര?
ഭൂമിയെത്തുണ്ടായ് വിഭജിച്ച്
പേരുകള്‍ നല്‍കിയവയ്‌ക്കൊക്കെയും.
വേലികള്‍കെട്ടിയുയര്‍ത്തി ചുറ്റും
മാതൃത്വമല്ലോയോ മുറിപ്പെട്ടത്..?
യജമാനസേവക്കായ്
മാറ്റിവെച്ചില്ലേ
ശൂദ്രരെ ചതുര്‍വര്‍ണ്ണങ്ങളില്‍..?
പിന്നെയും പോരാഞ്ഞു
ദേവദാസികള്‍ നരബലികള്‍ ഭൂതകാലത്തിന്‍ കൊടും ക്രൂരത…
സ്ത്രീകളെ ഒറ്റപ്പെടുത്തി തീര്‍ത്തു നീ
പുരുഷസാമ്രാജ്യഭൂതകാലം…
ദാസ്യപ്പണിക്കായ്
പറഞ്ഞയച്ചവളെ
പണയം വെച്ചു നീ പിഞ്ചുപ്രായത്തിലെ.
ഭൂതകാലമേ നിന്റെ കാലൊച്ച കേട്ടാല്‍
ഭൂതലം ഞെട്ടിവിറയ്ക്കുന്നു തല്‍ക്ഷണം !
നീ ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങള്‍
പൊറുക്കുവാനാകില്ല ഭാവിക്കൊരിക്കലും ..
സ്ത്രീകളെ
ചിതയില്‍ ചുട്ടെരിച്ചു.
സതിയെന്ന നിന്റെ സദാചാരബോധം..
സ്ത്രീധനം പുരഷനവകാശമാക്കി
സ്ത്രീപീഡനം
പുരുഷനൊരലങ്കാരവും
ഭൂതകാലമേ
നിന്റെ നിഴല്‍പോലുമിന്ന് ഭീതിപ്പെടുത്തുന്നു
പുതുതലമുറയെ..
നിന്റെ ദേഹം മൃതമെങ്കിലും
ചീഞ്ഞുനാറുന്നു ഭൂലോകമെങ്ങും…..












