പ്രാണനായി നിന്നിലേയ്ക്കാഴ്ന്നിറങ്ങിയിന്നു
ഞാനിറ്റിച്ച മിഴിനീര്‍ മുത്തുകള്‍
ആ മാറിലൊരരുവി പോലെ തുള്ളിക്കളിച്ചു
മിഴിയിണകള്‍ തമ്മിലലിഞ്ഞതും
ചുടുനിശ്വാസമുതിര്‍ന്നതും നീയറിഞ്ഞുവോ….
എന്നിലെവിടെയോ മൊട്ടിട്ടു പൂവായി
പുത്തൊരാവിരിമാറില്‍ ഞാനൊരു ശലഭമായി
ചുറ്റിപ്പറന്നതും മധു നുകര്‍ന്നതുമെന്‍
പ്രണയമാം പ്രാണനെ നീയറിഞ്ഞുവോ…
താനേയെന്റെ മിഴികള്‍ കൂമ്പി പതിയെ
നീയെന്നെ വിളിച്ചുണര്‍ത്തുവാന്‍
വെമ്പല്‍ കൊണ്ടതും പൊലിഞ്ഞ ജിവനെ
ചേര്‍ത്തണച്ചങ്ങലറി വിളിച്ചതും
ഇനി ഞാനില്ലെന്ന സത്യമറിഞ്ഞതും
നീയറിഞ്ഞുവോ….
മുളപൊട്ടിയ പ്രണയത്തെ മുല്ലവള്ളിപോലെ
ചുറ്റിവരിഞ്ഞതും പരലോകം
പുണരാന്‍ മോഹിച്ച പ്രാണനാഥന്‍
കരങ്ങളില്‍ ചൂടു നിശ്വാസം
പാടെ നിലച്ചതും പ്രണയിനി
മറഞ്ഞതും നീയറിഞ്ഞുവോ…
നമ്മളൊന്നായലിഞ്ഞൊരു
പുഴയായി മാറി
ഒഴുകിയൊഴുകിയാ കടലിലായി ചേര്‍ന്നിടാം
എന്‍ മനമറിഞ്ഞു നീയെന്നിലായലിയുമോ
ഞാനിന്നേകയാണെന്നു നീയറിഞ്ഞുവോ…
ഉള്ളമുലയുന്ന കരളില്‍ നീയുണ്ട്
കരം പിടിച്ചവിരല്‍ത്തുമ്പില്‍ കവിത വിളയുന്നുണ്ട്
അങ്ങ് ദൂരെ നക്ഷത്രക്കൊട്ടാരത്തില്‍
പകര്‍ത്തിയ വരികളെ പതിച്ചു
ഞാനുമുണ്ട് നീ കാണണം
നീയിന്നറിഞ്ഞിരിക്കണം…











