ഞാനടക്കം ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ ആഗ്രഹം നമ്മുടെ മരണം ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള, നമ്മള്‍ സ്വയമേയും കഷ്ടപ്പെടാതെയുള്ള മരണം ആയിരിക്കണം എന്നതാണ്.
അങ്ങനെ ഒരു മനുഷ്യന്‍ മരിക്കുന്നത് നേരില്‍ കാണാന്‍ ആഗ്രഹം തോന്നിയിട്ട് ശ്രീ എം. ടി വാസുദേവന്‍ നായര്‍ ഒരുക്കിയ മനോഹര ചിത്രമായിരുന്നു ‘ഒരു ചെറു പുഞ്ചിരി’. ഇങ്ങനെ പറയാന്‍ പാടുണ്ടോന്ന് അറിയില്ല.. ഒരു മനുഷ്യന്‍ അയാളുടെ ജീവന്‍ വെടിഞ്ഞു പോകുന്നത് കണ്ടു കൊതിയോടെ സംതൃപ്തിയോടെ നോക്കി നിന്നിട്ടുണ്ടെങ്കില്‍ അത് ചെറു പുഞ്ചിരിയിലെ കൃഷ്ണകുറുപ്പിന്റെ മരണം നോക്കിയാണ്.
ഇഹലോകത്തു നിന്നും പരലോകത്തേക്ക് ഒരു ചെറു നൂലില്‍ കോര്‍ത്തിറക്കി വിട്ടു സംവിധായകന്‍ കൃഷ്ണക്കുറുപ്പിനെ. പരലോകം എന്നൊരു സങ്കല്പം ഉണ്ടോ എന്നറിയില്ല. അങ്ങനെ ഒന്നുണ്ട് എങ്കില്‍ അവിടെ ചെന്നത് പോലും അയാള്‍ അറിഞ്ഞു കാണില്ല. ചിലപ്പോള്‍ സത്യമേത് മിഥ്യയേത് എന്നറിയാതെ നേരം തെറ്റി ഉറങ്ങിയെണീറ്റ പോലെ അല്പ നേരം കണ്ണു തിരുമ്മി നിന്നിട്ടുണ്ടാകണം കുറുപ്പ്. മക്കളെ യെല്ലാം കടമ നിര്‍വഹിച്ചു പറഞ്ഞയച്ച് സ്വാഭാവികമായ വാര്‍ദ്ധക്യത്തിന്റെ സ്വസ്ഥമായാ ഒറ്റപ്പെടലുകളില്‍ മുഴുകി സ്വന്തം പത്‌നിയുമൊത്ത് സൈ്വര്യ വിഹാരം നടത്തുന്ന കുറുപ്പ്..
അയല്‍വീട്ടിലെ മകളോളമുള്ള അല്ല മകളുടെ കല്ല്യാണ സദ്യയുമുണ്ട് ഇഷ്ടമുള്ള പായസവും കുടിച്ച് തൊടിയിലെ ശബ്ദങ്ങളും കേട്ട് ഭാര്യയുമായുള്ള പതിവ് കെര്‍വ്വും പാസാക്കി ഒരു തമാശയും പൊട്ടിച്ച് അതിനിടയില്‍ ഏതോ ഒരു മുഹൂര്‍ത്തത്തില്‍ പ്രേക്ഷകര്‍ പോലും കാര്യമായി ശ്രദ്ധിച്ചു കാണില്ലാത്ത തരത്തില്‍ നെഞ്ചും തടവി അങ്ങേര് പോയി.. ഭാര്യയെ പറ്റിച്ച ഒരു ചെറു പുഞ്ചിരി ആ മുഖത്ത് അപ്പോളും വ്യക്തമായിരുന്നു.











