LIMA WORLD LIBRARY

കണ്ണട മറന്നു പോയതിന്റെ വെള്ളിയാഴ്ച ഭ്രാന്തില്‍ – റെജി ഇലഞ്ഞിത്തറ (Reji Elanjithara)

വെള്ളിയാഴ്ച ആകാന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലം മുതലേ ആഗ്രഹിച്ചിരുന്നു! ശനിയും ഞായറും അവധിയാണല്ലോ………

 

ആ ആഗ്രഹം ഇന്നും അതുപോലെ……… നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യമെന്നപോലെ ബാംഗ്‌ളൂരില്‍ പോയി ഭാര്യയേം മക്കളേം കാണാം, അണ്ണാച്ചി ശാപ്പാടില്‍നിന്നും രണ്ടുനാള്‍ മോചനവും. ഈ ഒരു ആകാംക്ഷയില്‍ ഇന്ന് വെള്ളിയാഴ്ച രാവിലെ ബാഗും തൂക്കി ഓഫീസിലേക്ക് പുറപ്പെട്ടു, ദാ മറന്നു കണ്ണട. ഒരു കണ്ണടയ്ക്ക് ജീവിതത്തില്‍ അത്രമാത്രം സ്ഥാനമൊന്നും ഇല്ലെന്ന തെല്ലഹങ്കാരത്തോടെ ഓഫീസില്‍ വന്ന് ലാപ്‌ടോപ് തുറന്നു, എല്ലാം മായ, അക്ഷരങ്ങളും അക്കങ്ങളും ഒന്നും വ്യക്തമല്ല. ജീവിത കുരുക്കുപോലെ എല്ലാം കെട്ടുപിണഞ്ഞ് കിടക്കുന്നു. താമസംവിന വന്ന ദൂരമത്രേം തിരികെ താമസ സ്ഥലത്ത് പോയി, അതും രാവിലത്തെ പെരും മഴയത്ത്, കണ്ണടയും എടുത്ത് വന്നപ്പോള്‍, ലാപ്ടോപ്പിന് നല്ല തെളിച്ചം.

 

നിനക്ക് നല്ല ഓര്‍മ്മയാ… ശരിയാണ്, നല്ല ഓര്‍മ്മകള്‍ എന്നും നല്ലതാണ്. ഒരിക്കല്‍ വായിച്ചറിഞ്ഞ കാര്യങ്ങള്‍, കണ്ട കാഴ്ചകള്‍, കേട്ട പാട്ടുകള്‍, സ്ഥലങ്ങളുടെയും ആളുകളുടെയും പേരുകള്‍, ഒരു സംഭവം നടന്ന തീയതി അങ്ങനെ അങ്ങനെ അങ്ങനെ……

 

എന്നാല്‍ ചില ഓര്‍മ്മകള്‍ ശാപമായി നമ്മില്‍ വൈര്യം വളര്‍ത്തും. ചെറുപ്പത്തില്‍ എങ്ങോ അറിവില്ലാത്ത പ്രായത്തില്‍ കാട്ടിയ കുറുമ്പിന്റെ പേരില്‍ കൂട്ടി ഇടിച്ചാല്‍ പോലും പരസ്പരം സംസാരിക്കാതെ മുഖം തിരിഞ്ഞ് നടക്കുന്ന ആ ഓര്‍മ്മ, എന്റെ ഫേസ് ബുക്ക് പോസ്റ്റിനോ വാട്ട്‌സാപ്പ് പോസ്റ്റിനോ അവനോ അവളോ കമന്റ് അന്ന് ഇട്ടില്ല അതുകൊണ്ട് ഇന്ന്ഞാനും ഒരു ലൈക്കും കമന്റും ചെയ്യേണ്ട എന്ന ഓര്‍മ്മപ്പെടുത്തല്‍. കുട്ടി ആയിരുന്നപ്പോള്‍ മാതാപിതാക്കളോട് അറിവില്ലായ്മയുടെ അഹങ്കാരത്തില്‍, ഞാന്‍ വലുതായാല്‍ നിങ്ങളെയൊന്നും നോക്കില്ല എന്ന് കളിയായി പറഞ്ഞത്, എന്ത് പറയുമ്പോഴും നീ അല്ലേലും അങ്ങനാ ഞങ്ങളെയൊന്നും നോക്കാന്‍ പോകുന്നില്ല, അന്നേ പറഞ്ഞിട്ടുള്ളതല്ലേ എന്ന് കുത്തി കുത്തി എപ്പോഴും പറയുന്ന രക്ഷകര്‍ത്താക്കളുടെ ഓര്‍മ്മ. മക്കള്‍ ചെയ്ത ഏതോ ഒരു ചെറിയ തെറ്റ് എപ്പോഴും ആവര്‍ത്തിച്ച് പറഞ്ഞ് പറഞ്ഞ് അവരെ മാനസിക പീഡനത്തിലും പിരിമുറുക്കത്തിലും ഏത്തിക്കുന്ന ഓര്‍മ്മ. സ്‌കൂളില്‍നിന്നും വൈകി വന്നതിന് ശിക്ഷ നല്‍കിയ അച്ഛനെ ആജീവനാന്ത ശത്രുവായി കാണുന്ന മക്കളുടെ ഓര്‍മ്മ. അങ്ങിനെ വേണ്ടാത്ത ഓര്‍മ്മകളുടെ പട്ടിക നീളുന്നു…….

 

എനിക്ക് ബുദ്ധിമുട്ടുള്ളപ്പോള്‍ ഒരുത്തനും എന്നെ സഹായിക്കാന്‍ ഇല്ലായിരുന്നു, കടം ചോദിച്ചിട്ട് പോലും അവര് തന്നിട്ടില്ല. അച്ഛന്‍ ഇല്ലാത്ത ഈ പിള്ളേരും ഞാനും എങ്ങനാ കിഴിഞ്ഞെന്ന് ഒരു ബന്ധുക്കളും തിരിഞ്ഞ് നോക്കീട്ടില്ല. ഒരുത്തനേം ഇപ്പോള്‍ ഞാന്‍ വകവെയ്ക്കില്ല എന്ന മനോഭാവത്തോടുള്ള ഓര്‍മ്മ. അതിന്റെ പേരില്‍ ഒരു സമൂഹത്തെ മുഴുവന്‍ മനസ്സാ വെറുത്ത് ബന്ധുമിത്രാതികളെ കണ്ടഭാവം പോലും നടിക്കാതെ ഇന്നുള്ള വലിപ്പത്തില്‍ എല്ലാവരോടും പുച്ഛം തോന്നിപ്പിക്കുന്ന ഓര്‍മ്മ. സമയത്തിന് ജോലിതീര്‍ക്കാതെ വന്നപ്പോള്‍ മേലുദ്യോഗസ്ഥന്‍ വഴക്ക് പറഞ്ഞതിന് വര്‍ഷങ്ങളായി പാതിരാ മണപ്പുറത്ത് കണ്ട പരിചയം പോലും നടിക്കാതെയുള്ള ഓര്‍മ്മ.

 

ചില മറവികള്‍ ഒരനുഗ്രം തന്നെയാണ്. *’പ്രിയ സഖി പോയി വരൂ നിനക്കു നന്മകള്‍ നേരുന്നു’* എന്നാണ് കാമുകി തേച്ചിട്ട് പോയിട്ടും മനുഷ്യനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് ജീവിതമെന്ന പ്രതിഭാസത്തിനുള്ള ഉത്തരം തേടിയ കവി വയലാര്‍ രാമവര്‍മ്മ പാടി നമ്മളെ പഠിപ്പിച്ചത്, അല്ലാതെ അവളുടെ മുഖത്ത് ആസിഡ്ഡ് ഒഴിക്കാനും കത്തി എടുക്കാനുമല്ല. പൊറുക്കാനും സഹിക്കാനും മറക്കാനുമെല്ലാം കഴിവുള്ള ഒരേ ഒരു വിഭാഗം, അത് മനുഷ്യരാണ്. ചിലത് അറിഞ്ഞുകൊണ്ട് മറക്കുകതന്നെ വേണം, എന്നാലേ ജീവിതം സന്തോഷത്തോടെ നയിക്കാന്‍ കഴിയൂ. അനാവശ്യമായ പക സ്വയം ഇല്ലാതാക്കും, തന്റെയും മറ്റുള്ളവരുടെയും സന്തോഷത്തെ കെടുത്തും, അനാവശ്യ രക്ത സമ്മര്‍ദ്ദവും ഉത്കണ്ഠാ വൈകല്യങ്ങളും സഹയാത്രികനായി കൂടെ കൂടാം.

 

ഇവിടെ ബൈബിളിലെ വളരെ പ്രസക്തമായ ഒരു ഭാഗം നാം ഓര്‍ക്കുന്നത് ഉചിതമാണ്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ മോശയുടെ ന്യായ പ്രമാണ പ്രകാരം കല്ലെറിഞ്ഞു കൊല്ലണം എന്നാണ്. എന്നാല്‍ യേശുവിന്റെ അടുക്കല്‍ ആ സ്ത്രീയെ കൊണ്ടുവന്ന ജന കൂട്ടത്തോട് *’നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ’* എന്ന് കര്‍ത്താവു പറയുന്നു……..അവളുമായി പാപം ചെയ്തവര്‍ പോലും ആ കൂട്ടത്തില്‍ മാന്യന്മാരായി അവളെ കല്ലെറിയാന്‍ വന്നുകാണും അല്ലേ?..

 

ഓര്‍ത്ത് വയ്ക്കേണ്ട നല്ല കാര്യങ്ങള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുക, ഹീനമായ ഓര്‍മ്മകള്‍ മറവിക്ക് വിട്ടുകൊടുക്കുക.

ഹൃസ്വമായ ഈ ജീവിതം സന്തോഷത്തോടെ ജീവിക്കാനുള്ളതാണ് അതില്‍ പക പുരളാതെ നാം സ്വയം നോക്കേണ്ടതുണ്ട്.

 

”പകല്‍ വാഴും പെരുമാളിന്‍ രാജ്യഭാരം വെറും പതിനഞ്ഞ് നാഴിക മാത്രം”

അത്രേയുള്ളൂ ഈ ജീവിതം, നീര്‍കുമിളയുടെ ആയുസ്സ് പോലെ, പിന്നെ എന്തിനു നീ വൃഥാ നിന്നോടുതന്നെ ഈ കൊടും ക്രൂരത കാട്ടൂന്നു!

 

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px