വാക്കുകള്‍ പൂക്കുന്ന
വസന്തത്തില്‍
ആശയ പൂമഴ പെയ്യും.
സ്‌നേഹത്തിന്‍ വിത്തു മുളക്കും
സമത തന്‍ കായ്കള്‍ വിളഞ്ഞു ആത്മസുഖം തന്നെ നേടാം.
സംസ്‌ക്കാര സമൃദ്ധി പ്രകാശം പരക്കും
സദാചാര സങ്കല്പമേറും
വിദ്യാധനത്തിന്നടിസ്ഥാനമായി.
വാക്കുകള്‍ വിളയാത്ത
ലോകം, സുഖമില്ലാ ജീവിതം,
നിത്യനിതാന്തമാം ദുഃഖനിശീഥിനി , ഇരുളിലെ തടവറ,
ശൂന്യമാണെങ്ങും.
വായിച്ചു വായിച്ചു വളരുക.
വാനിലേക്കുയരുവാന്‍
അധികാര ഗര്‍വ്വിന്റെ
മൂക്കറുത്തീടുവാന്‍ ,
മൂര്‍ത്തമാം ജ്ഞാനത്തികവിലേക്കെത്തുവാന്‍ വാക്കാണ്
നമുക്ക് തോഴരായി നിത്യം.
അമൃത് പുരട്ടണം വാക്കില്‍, വിഷം പുരട്ടീടല്ലേയാരും.
വാക്കുകള്‍ പൂത്തുലയുന്ന
വാക്കിന്‍ സുഗന്ധം പരക്കട്ടെയെങ്ങും.
വാക്കിന്റെ സൈന്യമാണോരോ
പുസ്തകം നേരിന്റെ ചെഞ്ചേളപോല്‍ ജീവന്‍
പകരുന്ന ജ്ഞാന ജ്യോതി
പുസ്തകശാലകള്‍ നല്ല
സര്‍വ്വകലാശാലകള്‍ തന്നെ.
വാക്കിനെ വിലക്കുന്ന ലോകം,ഇരുളിന്റെ തടവറ പൂകും.
‘അമ്മ’യെന്നുള്ളതാണദ്യത്തെ
വാക്കതില്‍ ‘അ’ തൊട്ടു ‘മ’ വരെയുള്ളോരക്ഷര
ബന്ധവും !
വാക്കാണ് നമ്മുടെ ജീവന്‍.
വാക്കാണ് നമ്മുടെ സര്‍വ്വം.
നീതിനിയമങ്ങളെല്ലാം
സദ്വാക്കിനാല്‍ ജനിക്കുന്നിതാദ്യം.
നല്‍വാക്കുകള്‍ പൂത്തു ലഞ്ഞീടുന്ന
വാക്കിന്‍ വര്‍ണ്ണവസന്തം വിരിയട്ടെയെങ്ങും.











