മഞ്ഞണിഞ്ഞ രാവും തീകായും
മേഷജാലപാലകരും മധുരമായി,
മൊഴിയും മാലാഖമാര്‍ തന്‍’
മഹദ് വചന സന്ദേശങ്ങളും
മീറയും കുന്തിരിക്കവുമായെത്തും
മഹാപണ്ഡിതരാജാക്കളും
മിന്നിത്തെളിയുമത്ഭുത താരവും
മതിയില്‍ ഗൃഹാതുരതയോടെ മിഴിതുറക്കും തിരുപ്പിറവിദിനം
മഹത്തരം ശാന്തി ദായകമെങ്കിലും
മറക്കാതെയുള്ളില്‍ത്തെളിയണം
മാതാവിന്‍ പലായനം, പിറവിയില്‍ത്തന്നെ,
മകനെയും പേറിയഭയാര്‍ത്ഥിയായി ,
മരുഭൂമികള്‍താണ്ടിയ വ്യഥകള്‍.
മാറ്റമില്ലാതിന്നും തുടരുന്നിവിടെ,
മാറാവ്യാധി പോലെയീയഭയാര്‍ത്ഥി പ്രയാണം’
മര്‍ത്ത്യന്നു നേര്‍വഴി കാട്ടി നന്മതന്‍ ,
മാര്‍ഗത്തില്‍ നയിച്ചിടും നേതാവിനെ,
മാറ്റാര്‍ കൂട്ടത്തില്‍ നിന്നും കണ്ടെത്തും
മഹത്തരം ജ്ഞാനം കാട്ടീടുന്നിതാ,
മേദുര ജ്ഞാനികളാം വിദ്വാന്‍മാര്‍.
മാനത്തു മിന്നും കോടാനുകോടി താരങ്ങളില്‍ നിന്നും
മേരിതന്‍ ദേവപുത്രനെ കാട്ടിടും താരത്തെ
മിഴിയാല്‍ തിരഞ്ഞെടുത്ത ജ്ഞാനികളെപ്പോലെ
മഹിയിലെ തെരഞ്ഞെടുപ്പിന്‍ സന്ദേശമി ദിനം.
മേഷപാലകര്‍ രാജകേസരികള്‍,
മന്ദതയില്ലാതെ വന്നീയുണ്ണിതന്‍ പാദം
മുത്തിസ്തുതിച്ചതു നിസ്വാര്‍ത്ഥമല്ലോ!
മന്നിതില്‍ ദൈവത്തെ വണങ്ങും നവ്യ-
മാനവകുലം സ്വാര്‍ത്ഥമോഹിതരായി,
മണിമേടയിലിരുന്നു പൂജനംചെയ് വതു
മദീയ ലക്ഷ്യപ്രാപ്തിക്കു മാത്രമല്ലോ!
മിശിഹാ ത്തമ്പുരാനരുളുന്നു
മാലോകരൊന്നെന്ന ശാന്തി പാഠം.
മനസ്സില്‍ നിറയട്ടെ ശാന്തി സന്തോഷങ്ങള്‍ ,
മറ്റുള്ളവര്‍ക്കായി സ്വയം സമര്‍പ്പിത –
മെന്‍ ജീവിതമെന്ന സന്ദേശമല്ലോ,
മന്ത്രിക്കുവതീ തിരുപ്പിറവി തന്‍ദിനം.
മോദമായേകുന്നേവര്‍ക്കും ശാന്തി സമാധാന-
മംഗളങ്ങള്‍ പൂക്കുമൊരു ശോഭനമാം ഭാവി.











